വിവര്‍ത്തനം
-------------------
കവിത വിവര്‍ത്തനം ചെയ്യുക എന്നത്
അത്ര എളുപ്പമല്ല;
അതൊരു പരകായപ്രവേശം പോലെയാണ്.
തിന നെല്ലിലേയ്ക്ക്
നൈല്‍ പെരിയാറിലേക്ക്
പിയാനോ പുള്ളുവവീണയിലേക്ക്
അലന്റ കാക്കരശിയിലേക്ക്
അമ്മ താരാട്ടിലേക്ക്
ഒലീവ് നെല്ലിയിലേക്ക്
മഞ്ഞു നിലാവിലേക്ക്
നഗ്നത നേര്യതിലേയ്ക്ക്
ഇംപാലലില്ലി നന്ത്യാര്‍വട്ടത്തിലേക്ക്
എങ്കിലും വിവര്‍ത്തകന്‍ അറിയുന്നു;
രക്തം രക്തത്തിലേക്കും
പ്രണയം പ്രണയത്തിലേക്കും
മൌനം മൌനത്തിലേക്കും
ഒരേ ലിപിയില്‍ ഒഴുകുന്നത്
കൊലക്കയര്‍ ഒരേ താളത്തില്‍ ആടുന്നത്.
വിവര്‍ത്തകന്‍ അറിയുന്നു :
എല്ലാ കവികളും ഒരേ ഭൂഖണ്ഡത്തില്‍ ജീവുക്കുന്നുവെന്ന്
ഒരേ ഭാഷ സംസാരിക്കുന്നുവെന്ന്
ഒരേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന്
No comments:
Post a Comment