Search This Blog

Friday, 25 July 2014

Shalini - Changampuzha

ശാലിനി
ചങ്ങമ്പുഴ

--------------
ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍
എന്നെ കുറിച്ചുള്ളോരോര്‍‍മ്മ മാത്രം മതി
മായരുതാ തളിര്‍ ചുണ്ടിലൊരിക്കലും
മാമകചിത്തം കവര്‍‌ന്നൊരാ സുസ്മിതം.
താവകോത്ക്കര്‍ഷത്തിനെന്‍ ജീവരക്തമാ-
ണാവശ്യമെങ്കിലെടുത്തുകൊള്ളൂ ഭവാന്‍
എങ്കിലുമങ്ങുതന്‍ പ്രേമസംശുദ്ധിയില്‍
ശങ്കയുണ്ടാകില്ലെനിക്കല്പമെങ്കിലും
ആയിരം അംഗനമാരൊത്തുചേര്‍‌ന്നെഴും
ആലവാലത്തിന്‍ നടുക്കങ്ങു നില്‍ക്കിലും
ഞാനസൂയപ്പെടിലെന്‍‌റെയാണാമുഗ്ദ്ധ-
ഗാനാര്‍ദ്രചിത്തം എനിക്കറിയാം വിഭോ
അന്യര്‍ അസൂയയാല്‍ ഏറ്റം വികൃതമായ്
അങ് തന്‍ ചിത്രം വരച്ചു കാണിക്കിലും
കാണുമെന്നല്ലാതതിന്‍ പങ്കുമല്പമെന്‍
പ്രാണനിലൊട്ടിപ്പിടിക്കില്ലൊരിക്കലും
കാണും പലതും പറയുവാനാളുകള്‍
ഞാനൊരാളല്ലാതറിവതില്ലങ്ങയെ
അന്ധോക്തികളെ പ്രമാണമാക്കികൊണ്ടു
സിന്ധുര ബോധം പുലര്‍ത്തുവോളല്ല ഞാന്‍
ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം
താവകോത്ക്കര്‍ഷത്തിനാലംബമാവണം
പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം
ഒന്നും പ്രതിഫലം വേണ്ടെനിക്കാ മഞ്ജു-
മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതീ!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...