Search This Blog

Friday, 25 July 2014

Ellam ormichavan - Sachidanandan

എല്ലാം ഓര്‍മ്മിച്ചവന്‍
സച്ചിദാനന്ദന്‍

സുങ്ങ് രാജ്യത്തെ ഹ്വാത് സേ എന്നയുവാവിന്
മറവി പിടിപ്പെട്ടു.
അയാള്‍ വീട്ടിലിരിക്കാന്‍ മറന്നു
തെരുവില്‍ നടക്കാന്‍ മറന്നു
വായിക്കാനും, ചിന്തിക്കാനും മറന്നു
പിന്നീടയാള്‍ ബന്ധുമിത്രങ്ങളെ മറന്നു
പകലും രാവും മറന്നു
ഉണ്ണാന്‍ മറന്നു, ഉടുക്കാനും ഉറങ്ങാനും മറന്നു
ഒടുവില്‍ സ്വന്തം പേരു മറന്നു
അങ്ങിനെ ഒരുവനായിരുന്ന ഹ്വാത് സേ
ഒരുന്നാള്‍ ആരുമല്ലാതായി
വൈദ്യന്മാര്‍ക്കും, മാന്ത്രികന്മാര്‍ക്കും അയാളെ ചികിത്സിച്ച്
ആരെങ്കിലുമാക്കാന്‍ കഴിഞ്ഞില്ല.
അവസാനം,
പണ്ഡിതനായ മെന്‍ഷ്യയസ്സിന്‍റെ ഉപദേശപ്രകാരം
അയാളെ മൂന്നു പകലും രാവും പട്ടിണിക്കിട്ടു
അപ്പോള്‍ അയാള്‍ ഉണ്ണാനോര്‍മ്മിച്ചു.
മഞ്ഞില്‍ കിടത്തിയപ്പോള്‍അയാള്‍
ഉടുപ്പും പുതപ്പുമോര്‍മ്മിച്ചു
പിന്നീട് അവരയാളെ വര്‍ത്തമാനത്തിലിരുത്തി
അപ്പോള്‍ അയാള്‍ ഭൂതകാലമോര്‍മ്മിച്ചു.
അവരയാളെ കഴിഞ്ഞകാലത്തിരുത്തി
അപ്പോഴയാള്‍ ഭാവിയോര്‍മ്മിച്ചു
പതുക്കെ പതുക്കെ അയാള്‍ എല്ലാമോര്‍മ്മിച്ചു
ദൈന്യം കലങ്ങിയ ഒരു നിലവിളീയോടെ
അയാള്‍ മെന്‍ഷിയസ്സിനോടു പറഞ്ഞു
''ആരുമില്ലാതിരുന്നപ്പോള്‍ എനിയ്ക്കു ഭാരമേയില്ലായിരുന്നു
പരിധിയും ചുമതലയുമില്ലാത്ത
സ്വാതന്ത്ര്യമായിരുന്നു എനിക്കു മറവി
അങ്ങിപ്പോള്‍ കഴിഞ്ഞതും വരാനിരിക്കുന്നതുമായ
എല്ലാ ഖേദങ്ങളും എനിക്ക് തിരിച്ച് തന്നു
ദയവായി എന്‍റെ ഓര്‍മ്മകള്‍ അങ്ങെടുക്കുക,
പകരം എനിക്കെന്‍റെ വിസ്മൃതി തിരിച്ചു നല്‍കുക
അയാള്‍ക്കു മറവി തിരിച്ചുനല്‍കാന്‍
മെന്‍ഷിയസ്സിനു കഴിഞ്ഞില്ല..
അതുകൊണ്ട് ഹ്വാത് സേയുടെ പരമ്പരയില്‍പ്പെട്ട
നാം, മനുഷ്യര്‍,
ഇന്നും എല്ലാം ഓര്‍മ്മിക്കുവാന്‍,
ആരെങ്കിലുമായിരിക്കുവാന്‍,
ശപിക്കപ്പെട്ടിരിക്കുന്നു.
-----------------------------------------------
( 'വടക്കന്‍ കഥകള്‍'--1976 )

No comments:

Post a Comment

Related Posts Plugin for WordPress, Blogger...