Search This Blog

Saturday, 19 July 2014

Nagarathil puli - Sachidanandan

നഗരത്തില്‍ പുലി
സച്ചിദാനന്ദന്‍

വഴിതെറ്റി നഗരത്തിലകപ്പെട്ട പുലി
ഇലകളില്ലാത്ത ഇലക്ട്രിക് പോസ്റ്റുകള്‍ക്കു പിറകില്‍
വെറുതേ അഭയം തേടുന്നു.
ദാഹം വലയ്ക്കുമ്പോള്‍ അവള്‍ കാണുന്നത്
നിലയ്ക്കാത്ത ജനപ്രവാഹങ്ങള്‍ മാത്രം
മുരളാന്‍ അവള്‍ക്കു ഭയമാണ്
ഇരുകാലികളുടെ വിരുന്നുമുറികളില്‍
തോലായി തൂങ്ങാനോ
ചാട്ടവാറിന്നു കീഴില്‍
കട്ടിക്കസേരയില്‍ കൂനിയിരിക്കാനോ
അഴികള്‍ക്കു പിറകിലെ
അലറുന്ന കാഴ്ചപ്പണ്ടമാകാനോ
കാടിന്‍റെ ഓര്‍മ്മ അവളെ അനുവദിക്കുന്നില്ല
പാതിരായ്ക്കുപോലും
ഇരുളും തണുപ്പുമൊത്ത നഗരം
അവളെ ഭയക്കുന്നു
കാറ്റു വീശുമ്പോള്‍,
കിളികളെ കാണുമ്പോള്‍
അവള്‍ നിശ്ശബ്ദയായി കരയുന്നു
അവളുടെ കണ്ണുനീര്‍ ഒരു തടാകമാകുന്നു
അതില്‍ ഒരു ചന്ദ്രനുദിക്കുന്നു
അതില്‍ ഒരു പക്ഷി കുളിക്കുന്നു
അതില്‍ ഒരു സ്ത്രീ
തന്നെത്തന്നെ കാണുന്നു
( 1996 )

No comments:

Post a Comment

Related Posts Plugin for WordPress, Blogger...