Search This Blog

Monday, 14 July 2014

Cheriya cheriya upakaranangal - Sachidanandan

ചെറിയ ചെറിയ ഉപകരണങ്ങള്‍
സച്ചിദാനന്ദന്‍


വലിച്ചെറിയൂ മഴത്തുള്ളികളുടെ
ഇളം ശബ്ദം ഞെരിച്ചു കളയുന്ന ഈ പറച്ചെണ്ട
ദലമര്‍മ്മരങ്ങങ്ങളെ വരിഞ്ഞുകൊല്ലുന്ന
ഈ പെരുംകുഴല്‍

മരിക്കുന്നവന്‍റെ അവസാനത്തെ വാക്കിനെ
വിഴുങ്ങിക്കളയുന്ന ഈ കടുംതുടി
വിധവയുടെ നെടുവീര്‍പ്പിനുമേല്‍ തവിട്ടുചിറകുമായി
പറന്നുവന്നു കൊത്തിക്കൊല്ലുന്ന ഈ ഇലത്താളം .
ഓടക്കുഴല്‍ പോലും വേണ്ടാ.

ചെറിയ ചെറിയ ഉപകരണങ്ങള്‍ മതി
ഓലപ്പീപ്പികളെക്കാള്‍ ചെറിയവ
തെരുവിലുറങ്ങുന്ന കുഞ്ഞുങ്ങളെ പുതപ്പിക്കുന്ന
മാലാഖമാരെപ്പോലെ
ശബ്ദമുണ്ടാക്കാതെ ചിറകനക്കുന്നവ .
പുല്ലില്‍നിന്നു പുല്ലിലേക്ക്‌ പറക്കുന്നവ
തുമ്പികളെപ്പോലെ മൂകമായി മൂളുന്നവ
ആലിലകളെപ്പോലെ കാറ്റിനോടു
സ്വകാര്യം പറയുന്നവ
അദൃശ്യമായ നൂലുകളില്‍ ദൈവത്തിലേക്ക്
പറന്നണയുന്ന
കിണറുകളിലെ തെളിഞ്ഞ ഉറവകള്‍പോലെ
വിശുദ്ധമായ ആഴങ്ങളില്‍നിന്നു വരുന്നവ
ശബ്ദത്തെക്കാള്‍ താഴ്ന്ന ശബ്ദമുണ്ടാക്കുന്നവ

എനിക്കു സിംഹത്തെപ്പോലെ ഗര്‍ജ്ജിക്കേണ്ട
തുക്കാറാം അരിച്ചാക്കു ചുമന്നു നടന്നുപോയ
ചുവടുകളുടെ പൊടിയിലിരുന്ന്
ഒറ്റക്കമ്പിയില്‍ പാടിയാല്‍ മതി
ഗോരയുടെ കൈകള്‍ കുഴച്ച പുതുമണ്ണുകൊണ്ട്
നാളെയുടെ വിഗ്രഹങ്ങള്‍ ചുട്ടെടുത്താല്‍മതി
കബീറിന്‍റെ തറിയില്‍ വാക്കുകള്‍ നൂറ്റെടുത്ത്
നാമദേവന്‍റെ സൂചികൊണ്ട്
എനിക്ക് ഭാവിയുടെ ഉടുപ്പുകള്‍ തയ്ക്കണം
അക്ക മാതേവിയുടെയും ഔവ്വയാറിന്‍റെയും
വാടാത്ത സുരഭില ശബ്ദങ്ങള്‍ കൊണ്ട്
എനിക്കതിനെ അലങ്കരിക്കണം
വര്‍ത്തമാനത്തിന്‍റെ കത്തുന്ന ഗോവണിയില്‍നിന്ന്
എല്ലാ ഉടുപ്പുകളും ഊരിയെറിഞ്ഞ്
മനുഷ്യരക്തം കലരാത്ത സ്വച്ഛമായ ഉറവകളിലേക്ക്
എനിക്കൂളിയിടണം
വേരുകള്‍ക്കും ഖനികള്‍ക്കും സംസ്കാരങ്ങള്‍ക്കുമിടയില്‍
കുഴിച്ചുമൂടപ്പെട്ട ആകാശം എനിക്കു വീണ്ടെടുക്കണം
ആത്മാവിന്‍റെ ചെറിയ ഉപകരണം മീട്ടി
എനിക്കതില്‍ ഒരു പുതിയ സൂര്യനെ തുയിലുണര്‍ത്തണം

എനിക്കെന്‍റെ ദൈവത്തെ സ്പര്‍ശിക്കണം
കുരുടന്‍ ആദ്യമായി വിറയ്ക്കുന്ന വിരലുകള്‍കൊണ്ട്
പനിനീര്‍പ്പൂ സ്പര്‍ശിക്കുംപോലെ

No comments:

Post a Comment

Related Posts Plugin for WordPress, Blogger...