Search This Blog

Monday, 14 July 2014

Safalamee yathra - N N Kakkad

സഫലമീ യാത്ര
എന്‍. എന്‍. കക്കാട്
-------------------------------
ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിര വരും, പോകുമല്ലേ സഖീ,
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍‍ക്കട്ടെ,
നീയെന്നണിയത്ത് തന്നെ നില്‍‍ക്കൂ;
ഇപ്പഴം കൂടൊരു ചുമയ്ക്കടിയിടറി വീഴാം -
വ്രണിതമാം കണ്ഠത്തില്‍
ഇന്ന് നോവിത്തിരി കുറവുണ്ട്!
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്‍റെ
പിന്നിലെയനന്തതയിലലിയും ഇരുള്‍ നീലിമയില്‍ ,
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്ന് വിറയ്ക്കുമീയേകാന്ത താരകളെ
ഇന്നൊട്ട് കാണട്ടെ, നീ തൊട്ട് നില്‍‍ക്കൂ!
ആതിര വരുന്നേരമൊരുമിച്ചു കൈകള്‍ കോര്‍ ‍-
ത്തെതിരേല്‍ക്കണം നമുക്കിക്കുറി, വരും കൊല്ല-
മാരെന്നുമെന്തെന്നുമാര്‍ക്കറിയാം!
എന്ത് നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ?
ചന്തം നിറയ്ക്കുകീ ശിഷ്ട ദിനങ്ങളില്‍ ‍!
മിഴിനീര്‍ ചവര്‍പ്പ് പെടാതീ മധുപാത്ര-
മടിയോളം മോന്തുക, നേര്‍ത്ത നിലാവിന്‍റെ-
യടിയില്‍ തെളിയുമിരുള്‍ നോക്കു-
കിരുളിന്‍റെയറകളിലെയോര്‍മ്മകളെടുക്കുക,
ഇവിടെയെന്തോര്‍മ്മകളെന്നോ!
നെറുകയിലിരുട്ടേന്തി പാറാവ് നില്‍ക്കുമീ
തെരുവു വിളക്കുകള്‍ക്കപ്പുറം
പതിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമ്മില്ലെന്നോ? ഒന്നുമില്ലെന്നോ?
പല നിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പല മുഖം കൊണ്ട് നാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചുമോ
പതിറ്റാണ്ടുകള്‍ നീണ്ടൊരീ അറിയാത്ത വഴികളി-
ലെത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍!
ഓര്‍മ്മകളുണ്ടായിരിക്കണമൊക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേ-
ക്കോടിമറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി
ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍
നീങ്ങുമൊരു താന്തമാമന്തിയില്‍
പടവുകളായ് കിഴക്കേറെയുയര്‍ന്ന് പോയ്
കടു നീല വിണ്ണില്‍ അലിഞ്ഞു പോം മലകളില്‍
പുളയും കുരുത്തോല, തെളിയുന്ന പന്തങ്ങള്‍,
ഇളയുന്ന മേളങ്ങളുറയുന്ന രാവുകളില്‍
എങ്ങാനൊരൂഞ്ഞാൽപ്പാട്ടുയരുന്നുവോ സഖീ,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ, ഒന്നുമില്ലെന്നോ?
ഓര്‍മ്മകള്‍ തിളങ്ങാതെ, മധുരങ്ങള്‍ പാടാതെ,
പാതിരകളിളകാതെ, അറിയാതെ
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ,
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ!
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലു-
മാതിരയെത്തും കടന്നു പോമീ വഴി;
നാമീ ജനലിലൂടെതിരേല്‍‍ക്കു-
മിപ്പഴയൊരോര്‍മ്മകളൊഴിഞ്ഞ താലം!
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി-
യതിലൊറ്റ മിഴി നീര്‍ പതിക്കാതെ, മനമിടറാതെ!
കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നൊയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
നമുക്കിപ്പൊഴീ ആര്‍ദ്രയെ
ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം!
വരിക സഖി , അരികത്ത് ചേര്‍ന്ന് നില്‍ക്കൂ,
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം
ഊന്നുവടികളായ് നില്‍ക്കാം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...