Search This Blog

Tuesday, 15 July 2014

Parayan bakkiyakunnathu - C V P Namboodiri

പറയാന്‍ ബാക്കിയാകുന്നത്.....
===================

ഒരു ജന്മത്തില്‍
നീയും ഞാനും
രണ്ടു മരങ്ങള്‍ ആയിരുന്നു
നമുക്കിടയിലെ മൌനം
കാട്ടു നദിയായി
നീ നിറയെ പൂവിട്ടു
മഴയും മഞ്ഞും നിലാവും
നിന്റെ ഇലകള്‍ക്കിടയിലൂടെ
കിനാവു പൊഴിച്ചു
ചില്ലകളില്‍ കാറ്റും വെയിലും
ഒഴുകി നടന്നു....
നിന്റെ ഹൃദയത്തിലെ കിളികള്‍ പാടുന്നത്
എനിക്കു കേള്‍ക്കാമായിരുന്നു....

എന്റെ പ്രണയം ഒരു കാട്ടുമൃഗം ആയിരുന്നു..
വറുതിയുടെ നാളുകളില്‍ അത്
നീ അറിയാതെ
നിന്റെ തണലില്‍ അഭയം തേടി.....

ഒരുനാള്‍ ഞാനറിഞ്ഞു,
നിന്റെ ആത്മാവു നിറയെ
കൊടുങ്കാറ്റായിരുന്നെന്ന്...
മണ്ണിന്റെ നിലയറ്റ ആഴങ്ങളിലേയ്ക്ക്
വേരുകള്‍ വിലപിച്ചിരുന്നെന്ന് ..

പറയാനുള്ളതു ബാക്കിവച്ചാണ്
ഞാന്‍ കടപുഴകിയത്.....

മറ്റൊരു ജന്മത്തില്‍
നീയും ഞാനും
രണ്ടു പക്ഷികള്‍ ആയിരുന്നു
നിന്റെ പാട്ടില്‍ കാടുകള്‍ പൂവിട്ടു
പുഴകള്‍ക്കും മലകള്‍ക്കും മീതെ
ആകാശത്തിന്റെ
അതിര്‍ വരമ്പിലൂടെ
എന്റെ പ്രണയം ചിറകടിച്ചു....
ഒരേ ചില്ലയില്‍ വന്നിരിക്കുമ്പോഴാണ്
നിന്റെ നെഞ്ചില്‍ കാട്ടുതീ ആയിരുന്നെന്നു
ഞാന്‍ അറിഞ്ഞത്...
പറയാനുള്ളതു മുഴുമിക്കും മുന്‍പേ
വേടന്റെ അമ്പേറ്റ് എന്റെ വാക്കുകള്‍
ചോരത്തുള്ളികളായി....

ഈ ജന്മത്തില്‍
യാചനയുടെ വേരുകളും
പാട്ടുകളിലെ കനലെരിച്ചിലും
അടയാളമാക്കി
ഞാന്‍ നിന്നെ തിരിച്ചറിഞ്ഞു...

അനാഥമായി അലഞ്ഞിരുന്ന
എന്റെ പ്രണയം
തിരിച്ചെത്തിയിരിക്കുന്നു,
ഒരു തത്ത്വജ്ഞാനിയുടെ രൂപത്തില്‍..
പല ജന്മങ്ങളില്‍ നിന്നും അത്
പലതും പഠിച്ചിരിക്കണം

നമുക്കിടയില്‍ ഇപ്പോഴും
ഒരു നദി ഒഴുകുന്നു...

പറയാനുള്ളതു വീണ്ടും
ബാക്കിയാകുന്നു....
=====================

No comments:

Post a Comment

Related Posts Plugin for WordPress, Blogger...