Search This Blog

Monday, 14 July 2014

Veendum - Sachidanandan

വീണ്ടും
സച്ചിദാനന്ദന്‍

1
ഞാന്‍ ഒരു ചുവടുവെച്ചു
അമ്പതു വേനലുകള്‍ പിന്നിട്ടു
നീ ഒരു കൈ നീട്ടി
അമ്പതു വസന്തങ്ങള്‍ പിറകോട്ടുവന്നു
കൈമാറാതെ പോയ ആശ്ലേഷങ്ങള്‍ക്ക്
നാം ഒന്നിച്ചൊരു വീട് പണിതു
കാണാതെപോയ കിളികള്‍ മുഴുവന്‍
അതില്‍ വന്നു കൂട് കൂട്ടി
നാം നനയാതെപോയ മഴകളെല്ലാം
നാടോടിപ്പാട്ടുകളായി
നമ്മുടെ മുറ്റത്ത് പെയ്തുനിറഞ്ഞു
അനാഥരായ ചുംബനങ്ങള്‍ക്ക്
നാമൊരു തോട്ടമുണ്ടാക്കി
വിരഹത്തിന്‍റെ അമ്പതു ഹേമന്തങ്ങളും
ഒരു ഞൊടികൊണ്ട് സുരഭിലമായി
നമുക്ക് ചിറകുകളുണ്ടായി.
2
മരുഭൂമിയില്‍ വൃക്ഷങ്ങള്‍ വളരുമോ?
ഉവ്വ്, ആ പറുദീസയുടെ വൃക്ഷങ്ങള്‍ക്കു
മഴവില്ലുകളുടെ പ്രാണനുണ്ടാവും.
3
ആ കാണാവര്‍ഷങ്ങളില്‍ നാം
ഇരുട്ടിലും നക്ഷത്രങ്ങളിലുംകൂടി കടന്നുപോയി
മുറിവുകളില്‍നിന്നൊഴുകിയ ചോരകൊണ്ട്
വിരസതയുടെ മുതലത്തുകലില്‍
നാം ‘പട്ട്’ എന്നെഴുതിവെച്ചു
അപകടത്തെ അതിജീവിച്ചവരുടെ പട്ടികയില്‍
സ്വന്തം കൂട്ടുകാരിയുടെ പേര് തിരക്കി
താളുകള്‍ വേഗം വേഗം മറിയ്ക്കുംപോലെ
കണ്ടുമുട്ടിയ സ്ത്രീകളിലെല്ലാം
ഞാന്‍ നിന്നെ തേടി
സാമ്യമുള്ള ചില പേരുകളില്‍
ഞാന്‍ അല്‍പനേരം തങ്ങി.
പുഷ്പചക്രം കൈയിലേന്തി
യുദ്ധത്തില്‍ മരിച്ചവരുടെ കല്ലറകളില്‍
കൊത്തിവെച്ച പേരുകള്‍ക്കിടയില്‍
ജീവിതസഖാവിന്‍റെ നാമധേയം
തിരക്കുംപോലെ നീയും നിന്‍റെ
പുരുഷന്മാര്‍ക്കിടയില്‍ എന്നെ
തിരക്കിയിരിക്കണം.
4
നാം ഓടുകയായിരുന്നു,
സമയത്തെക്കാള്‍ വേഗത്തില്‍,
എന്നിട്ടും സ്വപ്നങ്ങളിലെന്നപോലെ
നാം നിന്നിടത്തുതന്നെ നിന്നു:
മൂടല്‍മഞ്ഞും പൂമ്പൊടിയും ഉയര്‍ത്തിയ
മതിലിന്നിപ്പുറവും അപ്പുറവും.
വിഷവാതകം പരക്കുമ്പോള്‍
പ്രാണന്‍ കൈയിലേന്തി നിശ്ശബ്ദം
പരക്കംപായുന്ന മനുഷ്യരെപ്പോലെ
മൂകവും പരിഭ്രാന്തവുമായിരുന്നു
നമ്മുടെ നിലവിളികള്‍
പൊട്ടിച്ചിതറിയ കുപ്പികളില്‍നിന്ന്
പതഞ്ഞു പരക്കുന്ന
കുടിക്കപ്പെടാത്ത വീഞ്ഞായിരുന്നു
നമ്മുടെ ജീവിതം.
5
മഞ്ഞും പൂമ്പൊടിയും അടങ്ങിയപ്പോള്‍
നാം അന്യോന്യം കണ്ടു:
നിന്‍റെ കാഴ്ചയുടെ ആഘാതത്തില്‍
മറവിരോഗിയുടെ ഓര്‍മ്മകള്‍പോലെ
എല്ലാം തിരിച്ചുവന്നു:
ആദ്യത്തെ കൂടിക്കാഴ്ച,
ആദ്യത്തെ പ്രേമകവിത.
നെല്‍ച്ചെടിപോലെ മെലിഞ്ഞ
ഒരു കുട്ടിയായിരുന്നു നീ;
ഞാന്‍ ഞാലിച്ചെമ്പരത്തിപോലെ
ഒരു നാണംകുണുങ്ങി.

അവര്‍ ഇന്നില്ല. അവരെ ഓര്‍മയില്‍ വഹിക്കുന്ന
ഒരു പ്രൗഢയും വൃദ്ധനും
രണ്ടു ലോകങ്ങളില്‍ ജീവിച്ചിരിക്കുന്നു
ഒരേ സൂര്യന്‍റെ അനുഗ്രഹത്തിനു കീഴില്‍.
6
എന്‍റെ രക്തത്തില്‍
ഇന്നും നിന്‍റെ പേരുണ്ട്.
ഇക്കാലമത്രയും എവിടെയായിരുന്നു
നമ്മുടെ പ്രണയത്തിന്‍റെ
അജ്ഞാതവാസം?
ഏതു ഗ്രഹത്തിന്‍റെ ജലരാശിയില്‍?
ഏതു നക്ഷത്രത്തിന്‍റെ കുളിര്‍രാത്രിയില്‍?

എട്ടു ദിക്കുകളില്‍നിന്ന് എട്ടു ഗന്ധര്‍വന്മാര്‍
നിന്‍റെ പേര് വിളിച്ചുപാടുന്നു:
പ്രണയമേ, പ്രകാശമേ,
തടവുകാരുടെ ചെണ്ടയില്‍നിന്ന്
ഉദിച്ചുദിച്ചുയരൂ!
7
നാം ഒരു പ്രാക്തനസംസ്കാരത്തിന്‍റെ
അവശിഷ്ടങ്ങളാണ്
ദൈവത്തിന്‍റെ കാഴ്ചബംഗ്ളാവില്‍
വൈകാതെ എത്തേണ്ടവര്‍.
8
അറിയാം, തുളവീണ കപ്പലുകളില്‍നിന്നാണ്
നാം പരസ്പരം കൈനീട്ടുന്നത്.
നടുവില്‍ പിളര്‍ന്നിരിക്കുന്ന നീലവായ്.
നാം അന്യോന്യം പിടിവിടാതെ
അതിലേക്കാണ്ടുപോകുന്നു
പരലോകപ്പൂങ്കുലകളുടെ
സുഗന്ധത്തിനായി മൂക്ക് വിടര്‍ത്തിക്കൊണ്ട്,
സംസാരത്തിന്‍റെ പ്രാരബ്ധങ്ങളില്‍
മറന്നുപോയ പാട്ട് മൂളി മൂളി
ഓര്‍ത്തെടുത്തുകൊണ്ട്,
ഉറയുന്ന ജലത്തിന്
തൃഷ്ണയുടെ ഊഷ്മാവു പകര്‍ന്നുകൊണ്ട്,
ശിരസ്സുകള്‍ക്കു ചുറ്റും
സ്വര്‍ണമത്സ്യങ്ങളെ ഓടിനടക്കാന്‍
അനുവദിച്ചുകൊണ്ട്,
താഴേക്കുള്ള നീര്‍പ്പടവുകളില്‍
ഓരോന്നിലും പവിഴമല്ലികള്‍ വിടര്‍ത്തിക്കൊണ്ട്,
പരസ്പരം പിണഞ്ഞുചേര്‍ന്ന നമ്മുടെ കാലടികള്‍
അടിത്തട്ടിലെ പവിഴപ്പുറ്റില്‍ മുട്ടുംവരെ.

വൈകിയിട്ടില്ല:
എന്‍റെ ലങ്കയില്‍ നിന്നെക്കാത്തിരിക്കുന്ന
ഒരശോകവനിയുണ്ട്,
ഒരു ദൂതനും എത്തിപ്പെടാനാകാത്ത
അവസാനത്തെ തണല്‍.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...