Search This Blog

Saturday, 19 July 2014

Jeevithanandam - Balamani Amma

ജീവിതാനന്ദം
ബാലാമണി അമ്മ 
----------------------------------------
ചാരുകസേരമേൽ ചാരിക്കിടക്കെ ഞാൻ
വാരുറ്റതാം കൃഷിത്തോപ്പിൽ
കാട്ടുതുളസിപ്പടർപ്പിൽ കളിക്കുന്ന
കുട്ടിയായ്‌ മേവുമ്പോൾ പോലെ
ആനന്ദവാഹിയാ,യാശ്ചര്യമാ,യിന്നു-
മാദിത്യബിംബമുദിച്ചു.
മങ്ങുന്ന കണ്ണിന്നു മുന്നിലും ഭൂലോക-
ഭംഗികളെല്ലാം വിരിഞ്ഞു
കണ്ടു കഴിയാത്ത മാധുരിയെപ്പറ്റി
വണ്ടുകൾ മൂളിപ്പറന്നു.
വറ്റുന്ന ചേതനയൊട്ടു പതഞ്ഞേന്തി
വാനിനെ നോക്കിച്ചിരിച്ചു.
ആദിത്യബിംബമേ കോരിപ്പകരൂ,
ചൂടാറാത്ത നിൻ മധു വീണ്ടും.
ജീവിക്കെ മർത്ത്യന്നു നാൾപ്പിറപ്പോരോന്നും
നൈവേദ്യം പോലെയാസ്വാദ്യം
കാന്താരമെത്ര ഞാൻ താണ്ടീ,പണിപ്പെട്ടു
കാൽ കുഴഞ്ഞെത്ര തളർന്നു.
ഇന്നുമിതേചോദ്യം-യാത്രയ്ക്കൊരന്ത്യമു-
ണ്ടെന്നതനുഗ്രഹം താനോ?
ഗൂഡമെൻ നെഞ്ചിൽ നിന്നൂരിയെറിഞ്ഞു ഞാൻ
വാടിയ പൂക്കൾതൻ മാല്യം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...