Search This Blog

Wednesday, 16 July 2014

Perumbavoor - C V P Namboodiri

പെരുമ്പാവൂര്‍
------------------
പെരുമ്പാവൂര്‍,
പ്രഭാതങ്ങളില്‍
ഒരു തുറന്ന വണ്ടിയാണ്
അറവുമാടുകളെപ്പോലെ
മനുഷ്യരെ കുത്തി നിറച്ചത്.
ചന്തയില്‍ നിന്നും പുറപ്പെടുന്നത്.
വിയര്‍പ്പില്‍ കുതിര്‍ന്ന
പാന്‍ മസാലയുടെ ഗന്ധമുള്ളത്‌..
അതിലെ മനുഷ്യരുടെ
വികൃത മുഖങ്ങള്‍
ശ്വാസത്തിനായി
ആകാശത്തേയ്ക്ക്
ഉയര്‍ന്നിരിക്കും..
വേനലിന്‍റെയും മഴകളുടെയും
കീഴെ അന്തിയുറങ്ങുന്ന
പരദേശികള്‍:.
'ഭായി' എന്നു മാത്രം പേരുള്ളവര്‍ ....
വീടും,വിലാസവും നഷ്ടപ്പെട്ടവര്‍..
ദിവസക്കൂലിക്കു വില്‍ക്കപ്പെടുന്നവര്‍
ഒരേ മുഖഛായ ഉള്ളള്ളവര്‍..
പണിയെടുത്തു തളര്‍ന്ന്
വീണ്ടും ചന്തയില്‍ തന്നെ തിരിച്ചെത്തുന്നവര്‍...
പെരുമ്പാവൂര്‍,
സായാഹ്നങ്ങളില്‍
വില കുറഞ്ഞ റമ്മിന്‍റെ
മണമുള്ള ഒരു തെരുവാണ്
അറിയാത്ത ഭാഷകളുടെയും
അപരിചിത മുഖങ്ങളുടേ യും
ഇടയിലൂടെ
സ്വന്തം മേല്‍വിലാസം ഒഴുകിപ്പോയത്‌..
.
പെരുമ്പാവൂര്‍,
ഞായറാഴ്ചകളില്‍
പിന്നിക്കീറിയ തുണികള്‍
നിരന്ന ഒരഴയാണ് .
കാളച്ചന്തയ്ക്കും
മനുഷ്യച്ചന്തയ്ക്കും
കശാപ്പുകാര്‍ക്കും
വാണിഭക്കാര്‍ക്കും
'ഭായി'മാരുടെ
അനാഥമായ ആരവങ്ങള്‍ക്കും
മുകളില്‍ വിശപ്പിന്‍റെ മുദ്രയുള്ള
തുണികള്‍ നിരന്നു കിടക്കും....
ഞാന്‍ ഒരു പെരുമ്പാവൂര്‍കാരനാണ്
ഭാഷയില്‍ അപസ്വരങ്ങള്‍
കലര്‍ന്നിരിക്കുന്നു
പല്ലുകളില്‍ കറ വീണിരിക്കുന്നു.
കണ്ണാടി എന്‍റെ പഴയ മുഖം
തിരസ്കരിച്ചിരിക്കുന്നു...
ഞാന്‍ നടക്കുന്നു,
അഴുകിയ
മണങ്ങളിലൂടെ ,
വീട്ടിലേയ്ക്കുള്ള വഴി തേടി..
എല്ലാ വഴികളും ഒരുപോലെ...

No comments:

Post a Comment

Related Posts Plugin for WordPress, Blogger...