Search This Blog

Tuesday, 15 July 2014

Sheelangal - C V P Namboodiri

ശീലങ്ങള്‍
-------------
അമ്മ പഠിപ്പിച്ചിട്ടുണ്ടുചില ശീലങ്ങള്‍;
പുലരിയിലുണരുമ്പോള്‍
വലതുതിരിഞ്ഞെഴുന്നേല്‍ക്കണം,
കൈകളില്‍ നോക്കി ധ്യാനിക്കണം,
ഭൂമിയെ തൊട്ടുവന്ദിക്കണം....

കുഞ്ഞുന്നാള്‍ മുതല്‍ഞാന്‍ അതുശീലിച്ചു.

പക്ഷെ,ഇന്നു,
വലംതിരിഞ്ഞെഴുഞ്ഞെഴുന്നേല്‍ക്കുമ്പോഴെല്ലാം
ഇടത്,ഒരു ചുവന്നകാടു വിറക്കുന്നു;
ചുവന്ന നദി പനിക്കുന്നു;
ചുവന്ന വെയില്‍ തിളയ്ക്കുന്നു.

കൈവിടര്‍ത്തി ധ്യാനിക്കുമ്പോള്‍ ,
ഒലിച്ചുപോയ ഒരു കുന്ന്,
നിലച്ച ഘടികാരം,
കടല്‍,
പായ്ക്കപ്പലുകള്‍,
കൊടുക്കാനുള്ളവ,
കിട്ടാനുള്ളവ,
കവര്‍ന്നവ,കളഞ്ഞവ....
ഭാഷയില്ലാത്ത ഭൂഖണ്ഡം,
മഞ്ഞ്,മറവി.....

നിലം തൊട്ടു വന്ദിക്കുമ്പോള്‍,
പൊള്ളുന്ന മാറിലേയ്ക്ക്
ആരോ കൈചേര്‍ത്തുവെക്കുംപോലെ;
വിഹ്വലമായ ഒരു പകല്‍
ഭൂമിപിളര്‍ന്നു വരുംപോലെ

ഇന്നെന്‍റെ ഓരോ പ്രഭാതവും
'അരുത്, അരുത്' എന്നു വിലക്കുന്ന ഒരമ്മ..
---------------------------------------
2012

No comments:

Post a Comment

Related Posts Plugin for WordPress, Blogger...