Search This Blog

Wednesday, 23 July 2014

Avasanathe Nadhi - Sachidanandan

അവസാനത്തെ നദി
സച്ചിദാനന്ദന്‍


അവസാനത്തെ നദിയില്‍
വെള്ളമില്ലായിരുന്നു, രക്തമായിരുന്നു
ലാവയുടെ പ്രവാഹം പോലെ
അതു ചുട്ടു തിളച്ചുകൊണ്ടിരുന്നു
അതില്‍ നീര്‍ കുടിക്കാനെത്തിയ
അവസാനത്തെ ആട്ടിന്‍കുട്ടികള്‍
ഒന്നു നിലവിളിക്കുംമുമ്പേ മൂര്‍ച്ഛിച്ചു വീണു
അതിനു കുറുകെപ്പറന്ന പറവകള്‍
പിടഞ്ഞുപിടഞ്ഞ് അതില്‍ വീണു മറഞ്ഞു
തലയോടുകളില്‍ നിന്ന് കണ്ണീരൊഴുകിക്കൊണ്ടിരുന്നു
ജനലുകളില്‍നിന്ന് നിലച്ച ഘടികാരങ്ങള്‍
താഴെ വീണുകൊണ്ടിരുന്നു.

അവസാനത്തെ നദിയില്‍
ഒരമ്മയുടെ അസ്ഥികൂടം പൊങ്ങിക്കിടന്നു.
അതിന്മേല്‍ തുഴഞ്ഞ് മറുകര തേടുന്ന
ഒരു കുട്ടിയുണ്ടായിരുന്നു.
അവന്‍റെ കൈകളില്‍ അമ്മ മരിക്കുംമുമ്പു നല്‍കിയ
ഒരു മാന്ത്രികമണിയുണ്ടായിരുന്നു
അവന്‍റെ ഓര്‍മ്മയില്‍ ചിരികള്‍
മുഴങ്ങുന്ന ഒരു വീടും .
ആ മണിയുടെയും ഓര്‍മ്മയിലെ വീടിന്‍റെയും
നിഴല്‍, വറ്റിപ്പോയ നദികളുടെ
ശവങ്ങല്‍ക്കുമേല്‍ വീണുകൊണ്ടിരുന്നു.

'നിനക്കെന്നെ ഭയമില്ലേ?'
അവസാനത്തെ നദി കുട്ടിയോടു ചോദിച്ചു.
'ഇല്ല, മരിച്ചുപോയ നദികളുടെ ആത്മാക്കള്‍
എന്‍റെകൂടെയുണ്ട്
സരയുവും സരസ്വതിയും
ഗംഗയും കാവേരിയും നൈലും നിളയും .
ഞാന്‍ അവയോടു സംസാരിച്ചിട്ടുണ്ട് .
പോയ ജന്മങ്ങളില്‍ അവയാണെന്നെ
വളര്‍ത്തിയത്' , കുട്ടി പറഞ്ഞു.

'നിന്‍റെ അച്ഛനാണ് അവയെക്കൊന്നത് .
അവരുടെ ചോരയാണ് എന്നിലൊഴുകുന്നത്
അവരുടെ ശാപമാണ് എന്നില്‍ തിളയ്ക്കുന്നത്‌.'
കുട്ടി മറുപടിയായി മണി മുഴക്കി;മഴ പെയ്തു,
നദി സ്നേഹം കൊണ്ടു തണുത്തു.
രക്തം നീലയായി, മീനുകള്‍ തിരിച്ചുവന്നു
വൃക്ഷങ്ങള്‍ തളിര്‍ത്തു , ഘടികാരങ്ങള്‍
വീണ്ടും നടക്കാന്‍ തുടങ്ങി.

അങ്ങിനെയാണ് മനുഷ്യചരിത്രം
ആരംഭിച്ചത്.
ആ മണി പിന്നെ നിലച്ചിട്ടില്ല.

(1988 )

No comments:

Post a Comment

Related Posts Plugin for WordPress, Blogger...