Search This Blog

Tuesday, 29 July 2014

Putharichunda - M Govindan

പുത്തരിച്ചുണ്ട
എം ഗോവിന്ദന്‍
----------------------------------------------
പുത്തരിച്ചുണ്ടകള്‍ പൂവിട്ട കാലത്തു
പുഞ്ചിരിച്ചെണ്ടുമായ് നീയുമെത്തി
ഇത്തിരി നേരം നീയെന്മുന്നില്‍ നില്‍ക്കയായ്
ചോദ്യത്തിനുത്തരം ചൊല്ലിടാതെ
എന്തിനു വന്നു നീയെന്നറിയാതെ ഞാ-
നെന്തേ പറഞ്ഞതെന്നോര്‍മ്മയുണ്ടോ?
ചോദിച്ചതെന്തെന്നു ഞാനും മറന്നു , നീ
ചോര്‍ന്നുപോയ് ചിത്തത്തില്‍ നിന്നു മാഞ്ഞൂ
പുത്തരിച്ചുണ്ടങ്ങ പച്ചയായ് മഞ്ഞയായ്‌
ചോപ്പായ് കഥകളിക്കണ്ണിലെത്തീ
നളനായും ജളനായും രംഭയെക്കണ്ടപ്പോള്‍
ഒളിസേവ ചെയ്യുവാന്‍ രാവണനായ്
കൊഞ്ചിക്കുഴഞ്ഞാടും കീചകന്‍ , ഉടുതുണി -
ത്തുഞ്ചുമുരിയും ദുശ്ശാസനനായ്
വേഷങ്ങളോരോന്നരങ്ങത്ത് , കണ്ണിലെ
ഭാഷയില്‍ ചുണ്ടങ്ങചോപ്പിണങ്ങി
നേരം പുലര്‍ന്നപ്പോള്‍ ഒക്കത്തു പായ്ച്ചുരു--
ളായോരോ കൂട്ടരും യാത്രയായി
ആരോ തിരിഞ്ഞെന്നെ നോക്കുന്നു കണ്ടുഞാന്‍
ആരോമലാളേ നീ തന്നെയാവാം..
ആളൊന്നു കൈകോര്‍ത്തു നിന്നൊപ്പം നിന്മണ-
വാളന്‍ ചമയും ചെറുക്കനാവാം
പൂവിട്ട പുത്തരിച്ചുണ്ട ഉണക്കമായ്
വേനലിന്‍ വേര്‍പാടു മാത്രം മണ്ണില്‍

1 comment:

Related Posts Plugin for WordPress, Blogger...