Search This Blog

Saturday, 19 July 2014

Marakkoo marakkoo - Balamani Amma

മറക്കൂ മറക്കൂ
ബാലാമണിയമ്മ
---------------------------------------------------------
മിനുപ്പാര്‍ന്നു വര്‍ണ്ണങ്ങള്‍ പാളുന്ന ലോകം
നുണയ്ക്കുന്ന ചുണ്ടത്തു മാധുര്യപൂരം
മനസ്സിങ്ങു സംതൃപ്ത,മെന്നാലുമാരാല്‍
മനുഷ്യന്‍ ശ്രവിപ്പൂ "മറക്കൂ മറക്കൂ".
കളിത്തോപ്പിലെപ്പൂഴി,യോമല്‍സുഹൃത്തിന്‍
കരസ്പര്‍ശസൗഖ്യം, പിതൃപ്രേമവായ്പും
വിലപ്പെട്ട നേട്ടങ്ങ,ളെന്നാലുമുച്ചം
വിളിക്കുന്നു വിശ്വം "മറക്കൂ മറക്കൂ"
മഹാകര്‍മ്മവിജ്ഞാനമൂട്ടി ക്രമത്താല്‍
മനഃപോഷണം ചെയ്ത വിദ്യാലയങ്ങള്‍,
അഹോ നിത്യരമ്യങ്ങ,ളെന്നാലെതിര്‍പ്പൂ
ഗൃഹാകര്‍ഷണം "നീ മറക്കൂ മറക്കൂ".
യുവത്വോദയത്തിന്റെ ദിവ്യപ്രകാശം
നവസ്വപ്നസാമ്രാജ്യസര്‍വ്വാധിപത്യം,
ഇവയ്ക്കൊത്തതായില്ല മറ്റൊന്നു,മെന്നാല്‍
ഇതേ പ്രജ്ഞ ചൊല്‍വൂ "മറക്കൂ, മറക്കൂ".
നടാടെപ്പിറന്നോരു കുഞ്ഞിന്റെ പൂമെയ്‌
തൊടുമ്പോള്‍ പിതാക്കള്‍ക്കുദിയ്ക്കും പ്രഹര്‍ഷം
ഒടുങ്ങാവതല്ലെന്നു,മെന്നാലുമോതാന്‍
തുടങ്ങുന്നു കാലം "മറക്കൂ മറക്കൂ".
പളുങ്കിന്‍ കുടംപോലതീതാനുഭൂതി-
പ്രപഞ്ചം തകര്‍ന്നും മിനുങ്ങുന്നു; പക്ഷേ
പ്രലുബ്ധാന്തരംഗത്തെയുന്തുന്നു വീണ്ടും
പ്രവൃത്തിപ്രവാഹം "മറക്കൂ മറക്കൂ".
അടഞ്ഞൂ കവാടങ്ങള്‍, കാറ്റാകെ നിന്നൂ
പിടയ്ക്കുന്നു ബോധം നിഴല്‍പ്പാടി,ലപ്പോള്‍
അടുത്തെത്തി മന്ത്രിക്കയാം മൃത്യു "മേലില്‍
ക്കിടയ്ക്കില്ല നേരം, സ്മരിക്കൂ സ്മരിക്കൂ".

No comments:

Post a Comment

Related Posts Plugin for WordPress, Blogger...