Search This Blog

Tuesday, 15 July 2014

Maraviyude orma - Sachidanandan

മറവിയുടെ ഓര്‍മ്മ
( ആല്‍ബത്തില്‍ പഴയ സ്വന്തം ഫോട്ടോ കാണുമ്പോള്‍ )
--------------------------
സച്ചിദാനന്ദന്‍
------------------
എവിടെയോ നിന്നെ
കണ്ടു പരിചയമുണ്ടല്ലോ ഹേ യുവാവേ,
എന്നിട്ടും നിന്റെ മോണോലിസപ്പുഞ്ചിരി
എനിക്കു വായിച്ചെടുക്കാനാകുന്നില്ലല്ലോ
അതില്‍ പരിഹാസമാണോ , ആത്മപുച്ഛമാണോ ,
അതോ നിഷ്കളങ്കമായ വെറും ആഹ്ലാദമോ ?
നിന്റെ കണ്ണുകളും നിഗൂഢം.
അതില്‍ സ്വപ്‌നങ്ങള്‍
ബാക്കിയുണ്ടായിരുന്നെന്നു തീര്‍ച്ച.
ഒരു ചിന്തകന്റെ ലക്ഷണമൊന്നും
നിന്റെ നെറ്റിയിലില്ല.
ആ ചുണ്ടുകളില്‍ മഹാകാവ്യങ്ങളുമില്ല .
ഒരുപക്ഷെ ജോലിയേയും വിവാഹത്തേയും
കുഞ്ഞുങ്ങളേയും യാത്രകളേയും
തിരിച്ചെത്താനുള്ള വീടിനേയും കുറിച്ചുള്ള
ശരാശരി പ്രത്യാശകളാവാം
ആ തുടുത്ത കവിളുകളില്‍.
ഏതായാലും
പിന്നീടു നിന്നെ മുക്കിക്കൊന്ന അശാന്തിയുടെ
ലക്ഷണങ്ങള്‍ ഒന്നും ആ പുരികങ്ങളിലില്ല.
കാമുകന്റെയും വിപ്ലവകാരിയുടെയും
സഞ്ചാരിയുടെയും രോഗിയുടെയും
അദ്ധ്യാപകന്റെയും ഉദ്യോഗസ്ഥന്റെയും
ഇത്രയേറെ ചമയങ്ങള്‍ നിന്റെ സ്വത്വം
കാത്തിരിക്കുമെന്ന് നീ സങ്കല്‍പ്പിചിരുന്നോ ?
എന്തു പറയാനാണ് നിന്റെ ചുണ്ടുകള്‍
പാതി വിടര്‍ന്നു നില്‍ക്കുന്നത് ?
പിന്നീടെപ്പോഴെങ്കിലും നീ അതു പറഞ്ഞുവോ ?
അതോ,നിന്നോടൊപ്പം ആ വാക്കുകളും ഉച്ചരിക്കപ്പെടാതെ
അപ്പുറത്തെ പാതിരാവില്‍ മറഞ്ഞുപോകുമോ ?
ഇപ്പോള്‍ നിന്റെ ഭാവിയായിരുന്ന
എന്റെ വര്‍ത്തമാനത്തിലിരുന്ന്
എന്റെ ഭൂതമായ നിന്റെ
വര്‍ത്തമാനത്തിലേയ്ക്കു നോക്കുമ്പോള്‍
നീ ലോകമെന്തെന്നറിയാത്തതിന്‍റെ
മിനുമിനുപ്പുള്ള ശിശു മാത്രം.
നിനക്കു ഞാന്‍ വാത്സല്യപൂര്‍വ്വം
ഒരു താരാട്ടെഴുതട്ടെ
എന്‍റെശ്മശാന ശിലകളില്‍ ,
ഫീനിക്സിന്റെ തൂവല്‍കൊണ്ട്‌.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...