Search This Blog

Monday, 14 July 2014

Aama - Sachidanandan

ആമ
സച്ചിദാനന്ദന്‍

ആമേ, നിന്‍റെ കാലം എങ്ങിനെ?
ഞങ്ങളുടെ ഘടികാരങ്ങള്‍ക്ക് അതിവേഗം,
ഞങ്ങളുടെ ജീവിതം ഒരു പനി.
ഞാനും അങ്ങോട്ട് പോരട്ടേ,
ഭൂമി കറങ്ങാത്തിടത്ത്,
തിരക്കിനുപോലും തിരക്കില്ലാത്തിടത്ത്,
വെള്ളച്ചാട്ടം ഒരു നിശ്ചല ചിത്രവും
മിന്നല്‍പ്പിണര്‍ ഒരു പ്രതിമയും
ആയിരിക്കുന്നിടത്ത്,
കാറ്റിനു കുടിയന്റെ ചുവടുകള്‍ ഉള്ളിടത്ത്,
മുയല്‍ ഒരു മഞ്ഞുരുളയും
മാന്‍ ഒരു മൈതാനവും ആയിടത്ത്.

ആമേ, നിന്‍റെ വീട് എങ്ങിനെ?
മുയലുമായുള്ള പന്തയം കഴിഞ്ഞു
നീ എവിടെ പോയി മറഞ്ഞു?
കുട്ടി കഥയില്‍ നിന്ന് നേരെ
പുരാണത്തിലേക്ക് പോയോ?

പാലാഴിയില്‍ നിന്ന് പര്‍വതം വീണ്ടെടുക്കാന്‍
വിഷ്ണു നിന്റെ രൂപത്തില്‍ അവതരിച്ചോ?

നിന്‍റെ തോടിന്മേല്‍ എഴുതിയ ഭാഷ
എങ്ങിനെ ഒന്ന് വായിച്ചെടുക്കും?
അത് നിന്‍റെ ജാതകം ആണോ?
ഇളംകാറ്റിനും ചാറ്റല്‍ മഴയ്ക്കും
നീ പിറന്നത് എപ്പോള്‍?

ഞങ്ങള്‍ മനുഷ്യരുടെ വംശം
ഭൂമിയില്‍ നിന്ന് ഞങ്ങളുടെ തന്നെ
നിശ്ചയം പോലെ എന്നെന്നേക്കുമായി
പോയ് മറയുമ്പോള്‍
നീ മാത്രം യുദ്ധങ്ങളെയും
കൊടുങ്കാറ്റുകളെയും അതിജീവിച്ച്
അവസാനത്തെ വൃക്ഷങ്ങളോട്
ഞങ്ങളുടെ ദുരന്തകഥ പറയുമോ?

-------------------------------------------------------
(ആമകള്‍ സംരക്ഷിക്ക പ്പെടേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് നടത്തിയ പ്രചരണപരിപാടിയുടെ ഭാഗമായി ഇംഗ്ളീഷില്‍
രചിച്ച കവിതക്ക് കവിയുടെ തന്നെ തര്‍ജമ.)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...