Search This Blog

Monday, 14 July 2014

Vanyam - C V P Namboodiri

വന്യം
സിവിപി

എന്നിലും നിന്നിലു-
മുണ്ടൊരിരുള്‍ വനം
ഇല്ലതിലെ കിളി-
കള്‍ക്കുകൂ,ടെന്‍പ്രിയേ...

ഉണ്ടെന്‍റെയുള്‍വനത്തില്‍
വിശപ്പിന്‍റെ തീ-
ക്കണ്ണുള്ള ദൈവങ്ങള്‍,
നായാട്ടുചാലുകള്‍
ഇല്ലിക്കുഴലിന്‍റെ
കോപ്പകളില്‍ നിന്നു
പൊന്തും ലഹരിതന്‍
കാട്ടുപൂഞ്ചോലകള്‍;
നൃത്തങ്ങള്‍;
നിര്‍ത്താതെ പാടുന്ന
താഴ്വര;
ഹിംസ്രജന്തുക്കള്‍,
ഗുഹകള്‍,പേടിച്ചര-
ണ്ടെങ്ങോ മറയുന്ന
മാന്‍പേടകള്‍;
മൃതസഞ്ജീവനിതേടി
യോടും മലങ്കാറ്റ്...

എന്നിലുണ്ടുള്‍ക്കാ-
ടുണര്‍ത്തുന്ന പെണ്‍പാട്ട്;
കണ്ണടച്ചാളിപ്പടരുന്ന
പെണ്‍തീയ്;
മണ്ണിലേക്കാഴ്ന്നു
മറയുന്ന പെണ്‍പുഴ.
മറ്റാരെയോ
കാത്തുറങ്ങുന്ന
പെണ്‍ ശില

എങ്കിലും,മെന്‍പ്രിയേ ,
നമ്മുടെ കാടുക-
ളൊത്തുചേരുന്നിട
ത്തുണ്ടൊരു പൂമരം...
ആയിടത്തെന്‍റെ
നദി നിന്‍റെയും നദി
ആയിടത്തെന്‍റെ
യിര നിന്‍റെയുമിര

ആയിടത്തേ മഴ
മാത്രം നനയുക...
ആയിടത്തേ പൂക്കള്‍
മാത്രമിറുക്കുക....

No comments:

Post a Comment

Related Posts Plugin for WordPress, Blogger...