Search This Blog

Wednesday, 16 July 2014

Entrance - Rafeeq Ahmed

എന്‍ട്രന്‍സ്
റഫീക്ക് അഹമ്മദ്

പരീക്ഷാഹാള്‍വരെ സോക്രട്ടീസ് ഉണ്ടായിരുന്നു
പിന്നെ കണ്ടില്ല.
അടിസ്ഥാനയോഗ്യത ഇല്ലാത്തതിനാല്‍
പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കാം.
അരിസ്റ്റോട്ടില്‍ പിറകിലെ ബെഞ്ചില്‍ ഉണ്ടായിരുന്നു.
കാലഹരണപ്പെട്ട ഒരു പരീക്ഷാസഹായിയാണ്
ആ പാവം പഠിച്ചിരുന്നത്.
ഹാള്‍ടിക്കറ്റ് കത്തിപ്പോയതിനാല്‍
ഡയോജിനസിന് പരീക്ഷ എഴുതാനായില്ല.
ഫോട്ടോ പതിക്കായ്കയാല്‍ അവ്വയാറിനും
അവസരം നഷ്ടമായി.
അപേക്ഷാഫോറത്തില്‍ ഒപ്പുവെക്കാന്‍ മറന്ന്
ഫരീദുദ്ദീന്‍ അക്താര്‍ അയോഗ്യനായി.
രമണമഹര്‍ഷി പരീക്ഷാത്തീയതി മറന്നു.
തോമസ് അല്‍വാ എഡിസണ്‍ പേരു തെറ്റി എഴുതി.
ഉത്തരങ്ങള്‍ക്കു പകരം വീണ്ടും ചോദ്യങ്ങളെഴുതി
മാര്‍ക്സ് വളരെ നേരത്തേ പരീക്ഷാമുറി വിട്ടു.
പരീക്ഷകനെ കണ്ട് ഭയന്ന് ഫ്രാന്‍സ് കാഫ്ക സ്ഥലംവിട്ടു.
കുളിച്ചൊരുങ്ങി പ്രതിജ്ഞയോടെ പുറപ്പെട്ടെങ്കിലും
ദസ്തയേവ്സ്കി
പതിവു ചൂതാട്ടകേന്ദ്രത്തിലേക്കുതന്നെ കയറി.
മതിയായ രേഖകളുടെ അഭാവത്തില്‍
നാരായണഗുരുവിന്‍െറ അപേക്ഷ തള്ളപ്പെട്ടു.
ബസുകൂലിക്ക് കാശ് തരപ്പെടായ്കയാല്‍
പൂന്താനത്തിന് സ്ഥലത്തത്തൊനായില്ല.
പരീക്ഷാഫീസ് എവിടെയോ തുലച്ചു കുഞ്ഞിരാമന്‍നായര്‍
കാവ്യദേവതയെ നോക്കിനിന്ന ചങ്ങമ്പുഴക്ക്
സമയത്തിനത്തൊന്‍ കഴിഞ്ഞില്ല.
ഇറങ്ങാന്‍ നേരത്ത് സന്ദര്‍ശകര്‍ വന്നു കയറിയതിനാല്‍
ബഷീര്‍ പരീക്ഷ വേണ്ടെന്നുവെച്ചു.
എല്ലാം നല്ലതിന്
അതുകൊണ്ടാണ് ഞങ്ങളൊക്കെ കടന്നുകൂടിയത്.
മേല്‍പ്പറഞ്ഞവരാകട്ടെ
പരീക്ഷാര്‍ഥികള്‍ക്ക് തീരാത്ത സൊല്ലയായി
ചോദ്യക്കടലാസുകളില്‍ കുടിപാര്‍ത്തു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...