Search This Blog

Monday 14 July 2014

Urangiyunarnnu - Sachidanandan Puzhankara

ഉറങ്ങിയുണര്‍ന്ന്
സച്ചിദാനന്ദന്‍ പുഴങ്കര



ബ്രഹ്മഗിരിക്കുമേല്‍
പൂര്‍ണ്ണചന്ദ്രന്‍
മഞ്ഞത്തുറ-
ങ്ങുകയായിരുന്നു ,
പച്ച നനച്ച
നനുത്ത നീലം
അത്രയ്ക്കതീന്ദ്രിയ-
മായിരുന്നു,
ഞെട്ടറ്റപോലെ
നിലാവെളിച്ചം
ഇറ്റിറ്റു വീഴുക-
യായിരുന്നു,
കുന്നത്തെയമ്പല-
ച്ചുറ്റിനുള്ളില്‍
അന്നത്തെപ്പൂജ
കഴിഞ്ഞിരുന്നു.

ചിറ്റുപാവാട-
യുലഞ്ഞപോലെ
വട്ടംകറങ്ങി-
ത്തളര്‍ന്നപോലെ
മിണ്ടാത്ത കുട്ടിയെ-
പ്പോലെ നിന്‍റെ
ചുണ്ടത്തു കണ്ണീരു
വീണിരുന്നു.
സ്വപ്നമില്ലാതെ ഞാന്‍
ശാന്തനായി
ഒറ്റയ്ക്കുറങ്ങീ
അഭൌമമായി.

പെട്ടെന്നു നേരം
വെളുത്തപോലെ....
പക്ഷികള്‍ പാടിയ-
തായിരിക്കാം,
കാറ്റത്തു കൂട്ടി-
ത്തെറുത്ത മാനം
കാട്ടുമേലാപ്പില്‍
വരച്ചപോലെ....
അക്കരപ്പച്ചയി-
ലുണ്ടു ദൂരെ
നാട്ടിളം പൂവു
വിരിഞ്ഞപോലെ ...

തെക്കുകിഴക്കേ
മുടിക്കു താഴെ
പൊട്ടനുദിച്ചൂ
പുഴയ്ക്കു മേലെ.

ബ്രഹ്മഗിരിക്കുമേല്‍
പൂര്‍ണ്ണചന്ദ്രന്‍
മഞ്ഞത്തു മുങ്ങി
മരിച്ചിരുന്നു.
---------------------------------------------------
' പച്ചവെള്ളം '-സൈകതം ബുക്സ്

No comments:

Post a Comment

Related Posts Plugin for WordPress, Blogger...