Search This Blog

Tuesday, 23 September 2014

Mambazham - Vailoppilli Sreedhara Menon

മാമ്പഴം
വൈലോപ്പിള്ളി

അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലുമാസത്തിന്‍ മുന്‍പില്‍ ഏറെനാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോല്‍
അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോള്‍ ഉണ്ണികള്‍ വിരിഞ്ഞ-
പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിന്‍ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണ് കണ്ണുനീര്‍ത്തടാകമായ്
മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നവന്‍
മാണ്‍പെഴും മലര്‍ക്കുലയെറിഞ്ഞൂ വെറും മണ്ണില്‍
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍
തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക
ക്കിങ്ങിണി സൗഗന്ധിക സ്വര്‍ണ്ണമായ് തീരും മുന്‍പേ
മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ട് പരലോകത്തെ പൂകി.
വാനവര്‍ക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസാ ലീനനായ് അവന്‍ വാഴ്‌കെ
അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
തന്മകനമൃതേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം
മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ
അയല്‍പക്കത്തെ കൊച്ചുകുട്ടികള്‍ ഉല്‍സാഹത്തോ-
ടവര്‍തന്‍ മാവിന്‍ചോട്ടില്‍ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ
മുതിരും കോലാഹലമങ്കലധ്വാനത്തോടും
വാസന്തമഹോത്സവമാണവര്‍ക്കെന്നാല്‍
അവള്‍ക്കാ ഹന്ത! കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം
പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ട് തന്‍
ദുരിതഫലം പോലുള്ളപ്പഴമെടുത്തവള്‍
തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാള്‍
ഉണ്ണിക്കൈക്കെടുക്കുവാന്‍ ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീ മാമ്പഴം; ാസ്തവമറിയാതെ
നീരസം ഭാവിച്ച് നീ പോയിതെങ്കിലും
കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ
പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ
വരിക കണ്ണാല്‍ കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ
തരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ
ഒരു തൈകുളിര്‍കാറ്റായരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിന്‍ പ്രാണന്‍ അമ്മയെ ആശ്ലേഷിച്ചു

Nattunadappu - C V P Namboodiri

നാട്ടുനടപ്പ്
-------------------
ഇതാണുവിധി,
ടാക്സിഡ്രൈവര്‍ക്ക്.
അറിയാത്തവരൊത്തു
യാത്രപോവുക,
അജ്ഞാത ഇടങ്ങളില്‍
കാത്തു കാത്തു കിടക്കുക .
ഇന്നത്തെ യാത്ര എത്തിച്ചതിവിടെയാണ്
ഒരിരുണ്ട ഭൂഖണ്ഡത്തില്‍
യാത്രയിലുടനീളം പിന്‍സീറ്റില്‍ നിന്നു കേട്ടു,
ഒരു പെണ്ണിന്‍റെ ചിരി
നിലാവുപോലെ നനുത്ത്.
ഒരാണിന്‍റെ സ്വരം,
നാട്ടുവെയില്‍ പോലെ മഞ്ഞച്ച്.
വണ്ടി നിറയെ തൈലങ്ങളുടെ സുഗന്ധം.
അവര്‍ ദമ്പതികളാവാം
അല്ലെങ്കില്‍ പിന്നെ?
അങ്ങിനെയുള്ള ചോദ്യങ്ങള്‍
ടാക്സി ഡ്രൈവറുടെ നിഘണ്ടുവിലില്ല.
അവര്‍ തിരിച്ചെത്തും വരെ
കാത്തുകിടക്കുക ;അത്രമാത്രം.
ചിലപ്പോള്‍ തോന്നും,ഞാനൊരു
പൗരാണികനായ കാളവണ്ടിക്കാരനാണെന്ന്,
മുസ്സിരീസ്സിലെ ചന്തയിലേക്കാണു
യാത്രയെന്ന്.
ചിലപ്പോള്‍ തോന്നും
പാടലീപുത്രത്തിലെ
കുതിരവണ്ടിക്കാരനാണെന്ന്.
ചിലപ്പോള്‍ തോന്നും
പടക്കപ്പലിന്‍റെ കപ്പിത്താനാണെന്ന്.
ഞാന്‍ കണ്ടിട്ടുണ്ട്
കൃഷ്ണനെ ,ദുശ്ശാസനനെ ,ശിഖണ്ഡിയെ
പാഞ്ചാലിയെ,വാസവദത്തയെ,
കൃസ്തുവിനെ,
മറിയയെ,
യൂദാസിനെ .
കാത്തിരിപ്പിനിടയില്‍ കാറ്റിനോടും
തുമ്പികളോടും ഞാനെന്‍റെ കഥ പറയും,
മൂളിപ്പാട്ടുപാടും,
കുഞ്ഞുങ്ങള്‍ക്ക് കുരുത്തോലകൊണ്ട്
താരാട്ടുണ്ടാക്കും,
മുക്കുറ്റിപ്പൂകൊണ്ട്
അവള്‍ക്കൊരു മാല കൊരുക്കും .
പിന്‍വാതില്‍ തുറക്കുന്നു,
പോയവര്‍ തിരിച്ചെത്തിയിരിക്കുന്നു.
പിന്‍വാതില്‍ അടയുന്നു,
എന്‍റെ പഴയ ടാക്സി
ഒരു കടല്‍ജീവിയെപ്പോലെ
ഞരങ്ങാന്‍ തുടങ്ങുന്നു .
പിന്‍സീറ്റില്‍ നിന്നു കേള്‍ക്കാം,
ഒരു പെണ്ണിന്‍റെ വിതുമ്പല്‍
മഴവില്ലു ചിതറും പോലെ.
ഒരാണിന്‍റെ മുരള്‍ച്ച ,
കാട്ടുമൃഗത്തിന്റേതുപോലെ.
വണ്ടി നിറയെ ചോരയുടെ മണം.
ടാക്സി ഇപ്പോള്‍ തീപിടിച്ച
ഒരാത്മാവ്.
തിരിഞ്ഞു നോക്കരുത്,
അതാകുന്നു നാട്ടുനടപ്പ് .

Pirakkatha makanu - Balachandran Chullikkad

പിറക്കാത്ത മകന്
ബാലചന്ദ്രന്‍ ചുള്ളിക്കാട്

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്ക്കു മ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.
പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്ക്കു ന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?
അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്ഭുത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ
ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്മനത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്ത്തു റുങ്കുകള്‍.
മുള്ക്കു രിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്ക്കു ന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.
ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്ത്ഥ പൂര്ണ്ണുനായ്‌, കാണുവാ-
നാര്ക്കു മാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്ക്കപതീതനായ്‌

Thursday, 11 September 2014

Thiruvonam - Vijayalakshmi

തിരുവോണം
..............വിജയലക്ഷ്മി

ഗ്രാമസൌഭാഗ്യങ്ങളില്‍ നിന്നുമജ്ഞാതo വന--
ശ്രേണിപോല്‍ നിഗൂഢമാം നഗരം പൂകുന്നേരം
കാട്ടുതൃത്താവിന്‍ രൂക്ഷഗന്ധവും കണക്കറ്റു
പൂത്ത പാല തന്‍ മദഗന്ധവും ദൂരെപ്പോകെ,
നിര്ഗ്ഗന്ധപുഷ്പങ്ങള്‍ തന്‍ നഗരോദ്യാനം; തങ്ങള്‍--
ക്കെത്താത്തസ്വര്ണ്ണുപ്പുള്ളിമാനിനെപ്പിടിക്കുവാന്‍
എത്തുവോര്‍ വിധേയരോടൊത്തു നാരിമാര്‍, ദീപ
മുഗ്ദ്ധ ശോഭയാല്‍ത്തങ്കം പൂശിയോരലംകൃത ര്‍,
അര്‍ത്ഥകാമങ്ങള്‍ തീര്‍ത്ത വാതകക്കൊലക്കളം
സ്വേച്ഛയാ വരിച്ചോരാമവര്‍ തന്‍ മദ്ധ്യേ വീണ്ടും,
ഓണമേന്നൊരോമനപ്പേരിലുല്‍സവച്ചായം
മോടിയേറ്റുമീ മരക്കുതിര, അചേതനം
ചാടിലെത്തുന്നൂ, മഹാപ്രാകാരമതിന്മു്ന്നി--
ലാളുകള്‍ സാഹ്ലാദരായ് മലര്ക്കെ ത്തുറക്കുന്നു.
അറിവീലതിന്നുള്ളില്ച്ചു രുളും നാശം, ചുറ്റു--
മമിതാഹ്ലാദാരവസാഗരമലയ്ക്കുമ്പോള്‍.
നാലുനാള്‍ വാരിക്കോരിത്തൂവിയ വെളിച്ചത്തിന്‍
പാലൊളി വരുംകാലത്തിരുളായ് മാറിപ്പോകെ,
നഗരം പരാജിതം, സര്വ്വസമ്പത്തും കപ്പല്‍--
പ്പട നേടുന്നൂ, പരദേശികള്‍ മുന്നെപ്പോലെ.
ഗ്രാമസൌഭാഗ്യങ്ങളില്‍ക്കുളിച്ചെത്തുമ്പോള്‍, മെയ്യി--
ലാകെയഭൃoഗം പൂണ്ടു നില്ക്കുകയല്ലോ, കടല്‍--
രാജധാനിയും പുരം ചൂഴുമൈശ്വര്യങ്ങളും.
കായലെന്തോതീ? മേലേ പാറുമുല്‍സവക്കൊടി--
ക്കൂറയാല്‍ നാകം മണ്ണില്‍ത്താണിറങ്ങുമെന്നാണോ?
മരണം മറക്കുവാന്‍ മ ണ്‍മറഞ്ഞവര്‍തന്ന
മധുവാണെന്നോ? പണ്ട് പണ്ടാണു, വിദൂരമ--
പ്പൂര്വ്വസന്ധ്യകള്‍; ശുദ്ധ ഗോമയം വൃത്താകാരം
ഭൂമിദേവിതന്‍ ചാന്തുപൊട്ടുപോലുരുക്കിയും
ഭൂരിപുഷ്പങ്ങള്‍ തുമ്പക്കുടത്തിന്‍ ചുറ്റും വച്ചും
ഏഴതന്‍ മുറ്റം തമ്പുരാന്റെ്തെന്നൂറ്റംകൊണ്ടു.
കുടിലില്‍, ലക്ഷ്മീദേവിതന്നെയാണെഴുന്നള്ള--
ത്തസുരാധിപന്നന്നേയ്ക്കൊക്കേയുമൊരുക്കീടാന്‍.
തോറ്റുപോയല്ലോ ദേവലോകമാ മഹാത്മാവെ--
യോര്ത്തമാനുഷര്‍ ശ്രാദ്ധശുദ്ധിയാല്‍ ശ്രീയേന്തുമ്പോ ള്‍.
തെളിവാര്ന്നൊ രാത്തൃപ്ത നയനങ്ങളെ,ങ്ങിങ്ങു--
തെരുവില്‍ മാരീചനെത്തിരയേ? കണ്ടെത്താതെ
ഭവനാന്തികേതിരിച്ചെത്തി, വെണ്പിറാക്കള്തന്‍
കുറുകല്‍ കേട്ടുച്ചത ന്‍ മഹസ്സില്‍ മയങ്ങുമ്പോള്‍
വെയില്ചായുമ്പോ,ഴിളംതിണ്ണമേല്സ്സാ യംകാലം
നുകരാനിരിക്കുമ്പോള്ക്കാണുക, വിശ്രാന്തിതന്‍
ദിനമായ് മഹത്വത്തിന്‍ രക്തസാക്ഷ്യമായ് മുന്നില്‍
വിനയാന്വിതം വന്നു നില്പതേ തിരുവോണം! 

Pookkalam - Kumaranasan

പൂക്കാലം
എൻ. കുമാരനാശാൻ

പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി,
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം;
വായ്ക്കുന്നു വേലിക്കു വർണ്ണങ്ങൾ, പൂവാൽ
ചോക്കുന്നു കാടന്തിമേഘങ്ങൾപോലെ.
എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു;
ഉല്ലാസമീ നീണ്ട കൂകൂരവത്താ-
ലെല്ലാർക്കുമേകുന്നിതേ കോകിലങ്ങൾ.
കാണുന്നിതാ രാവിലേ പൂവു തേടി
ക്ഷീണത്വമോരാത്ത തേനീച്ച കാട്ടിൽ
പോണേറെയുത്സാഹമുൾക്കൊണ്ടിവയ്ക്കെ-
ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം?
പാടങ്ങൾ പൊന്നിൻ‌നിറം‌പൂണ്ടു, നീളെ-
പ്പാടിപ്പറന്നെത്തിയീത്തത്തയെല്ലാം
കേടറ്റ നെല്ലിൻ കതിർക്കാമ്പുകൊത്തി-
ക്കൂടാർന്ന ദിക്കോർത്തു പോകുന്നു വാനിൽ.
ചന്തം ധരയ്ക്കേറെയായ് ശീതവും പോ,-
യന്തിക്കു പൂങ്കാവിലാളേറെയായി;
സന്തോഷമേറുന്നു, ദേവാലയത്തിൽ
പൊന്തുന്നു വാദ്യങ്ങൾ—വന്നൂ വസന്തം!
നാകത്തിൽനിന്നോമനേ, നിന്നെ വിട്ടീ
ലോകത്തിനാനന്ദമേകുന്നിതീശൻ
ഈ കൊല്ലമീ നിന്‍റെ പാദം തൊഴാം ഞാൻ
പോകൊല്ല പോകൊല്ല പൂക്കാലമേ നീ!
ചിന്തിച്ചിളങ്കാറ്റുതൻ നിസ്വനത്താ-
ലെന്തോന്നുരയ്ക്കുന്നു നീ?—ഞാനറിഞ്ഞു,
"എന്താതനാം ദേവനോതുന്നതേ ഞാ-
നെന്താകിലും ചെയ്യു"വെന്നല്ലയല്ലീ?

Wednesday, 10 September 2014

Onamunnan vannavar - P Bhaskaran

ഓണമുണ്ണാന്‍ വന്നവര്‍
...............പി. ഭാസ്കരന്‍

മറുകടലും മാമലയും മരുഭൂവും താണ്ടി
തിരുവോണമുണ്ണുവാനെത്തിയോര്‍ഞങ്ങള്‍!
ഉരുകുന്ന വെയിലിന്‍റെസ്വര്‍ണ്ണവും മണ്ണി ല്‍
ഉറവിടുമിന്ധനധൂമവും കൂടി
മിഴിമുമ്പില്‍ നിര്‍മ്മിച്ച വ്യാമോഹമാകും
മൃഗതൃഷ്ണതന്മാറില്‍ നിദ്രാവിഹീനം
ദിവസവും മാസവും വര്‍ഷവുമെണ്ണി
മരവിച്ചിരിക്കുമ്പോളൊരു വിളി കേട്ടു.
അറബിക്കടലിന്‍റെയട്ടഹാസത്തെ--
യതിലംഘിച്ചെത്തുന്ന പൂവിളി കേട്ടൂ.
മലയാള, മീറനാo പൂന്തുകില്‍ മാറ്റി
മലരണിക്കാടിനാല്‍ കോടിയും ചുറ്റി
തിരുവോണമുണ്ണുവാനൂട്ടുവാനായി
കറി നാലും വെക്കുന്ന ഗന്ധവുമോര്‍ത്തു......
മറുകടലും മാമലയും മരുഭൂവും താണ്ടി
മാബലിയെ വരവേല്‍ക്കാനെത്തിയോര്‍ ഞങ്ങള്‍.
പുലരിയില്‍ മുറ്റത്തിന്‍ നെറ്റിയില്‍ക്കുഞ്ഞുങ്ങള്‍
പൂക്കളം കൊണ്ടു കുറി വരയ്ക്കുമ്പോള്‍
മണിമന്ദിരത്തിലും മണ്‍‌‌കുടില്‍തന്നിലും
മാബലിയെക്കാണുവാനെത്തിയോര്‍ ഞങ്ങള്‍!
2
ഒരു മൃഗതൃഷ്ണവിട്ടീ ജന്മഭൂവില്‍
അന്യമാം മായാമരീചിക തന്നില്‍
ഒരു ദിനം വന്നെത്തീ സ്വപ്നത്തിന്‍ ഭാണ്ഡത്തില്‍--
ക്കരുതിയ സമ്പാദ്യം ചുങ്കത്തില്‍ നല്കി.
മലര്‍ വിളിയില്ല, മലര്‍ക്കളമില്ല,
മക്കള്‍തന്‍ ആഘോഷമേളനമില്ല,
മലനാടുമങ്കമാര്‍ കൈകൊട്ടിപ്പാടീ
മാബലിസ്മരണ പുതുക്കലുമില്ല.
കണ്‍കളില്‍ക്കത്തുന്നൊരധികാരദാഹം
കൈകളില്‍ക്കോഴതന്‍ ചളിയടയാളം
കക്ഷിപ്പകയുടെ കത്തികളൂരി--
ക്കുത്തുന്നു ചീറ്റുന്നു വാമനവര്‍ഗ്ഗം!
നവകേരളത്തിലെ പൈതങ്ങള്‍ കൂടയില്‍
മലരല്ല വാരി നിറപ്പതിക്കാലം.
ജനജീവിതത്തിന്‍റെ നെറ്റിക്കെറിയാന്‍
കവിണയും കല്ലുമവര്‍ ശേഖരിപ്പൂ!
അവരെയീ വിദ്യ പഠിപ്പിച്ച വാമനര്‍
കവലയില്‍ക്കെട്ടിയ വേദിയിലേറി
പുതിയ പുലിക്കളിയാടി, യലറി--
പ്പൊരുതുന്നു പൊന്നോണനാളിതില്‍ക്കൂടി.
Related Posts Plugin for WordPress, Blogger...