Search This Blog

Tuesday 29 July 2014

Aadukal - Edasseri

ആടുകള്‍
ഇടശ്ശേരി 

------------
രാവിലേ കറന്നെടു-
ത്തെങ്ങളെ വിടുന്നൂ നീ;
കാവിലോ പറമ്പിലോ
മേഞ്ഞുനില്‍ക്കുന്നൂ ഞങ്ങള്‍.
അന്തിയില്‍ ശ്രാന്തങ്ങളാ-
യാല പൂകുന്നൂ വീണ്ടും,
മോന്തുന്നൂ നിന്‍ ദാക്ഷിണ്യ
പൂരമാം കുളിര്‍നീരം.
മംഗളക്കുരുന്നുകള്‍
വര്‍ദ്ധിക്കും വത്സങ്ങളില്‍
ഞങ്ങളെക്കാളും ദൃഢം
വത്സലം നിന്നുള്‍ത്തലം.
അറിവൂ,നിന്നെപ്പേടി-
ച്ചെങ്ങളെത്തീണ്ടുന്നീലാ
ദുരമൂത്തവയായ
ഹിംസ്രങ്ങള്‍,സഹസ്രങ്ങള്‍...
അല്ലലി,ലുണ്ടായാലും
ക്ഷണഭംഗുര,മേവം
അല്ലിലും പകലിലും
ഞങ്ങള്‍ക്കിങ്ങലംഭാവം.
ഭദ്രമാമിപ്പറ്റത്തിന്‍
ബോധത്തില്‍ പക്ഷേ,ദൃഢ-
മുദ്രിതമൊരു കൂര്‍മു-
ള്ളിന്‍റെ കുത്സിതദുഃഖം:
ഞങ്ങളെപ്പോറ്റുന്നു നീ
പാലിനും രോമത്തിനും
തന്നെയ,ല്ലതോ പിന്നെ
ത്തോലിനും മാംസത്തിനും!

Megharoopan - Attoor Ravi Varma

മേഘരൂപന്‍
ആറ്റൂര്‍ രവിവര്‍മ്മ.

----------------------------
സഹ്യനേക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ദ്രത
ഇണങ്ങി നിന്നില്‍ ; സല്‍പ്പുത്ര
ന്മാരില്‍ പൈതൃകമങ്ങനെ!
നിനക്കെഴുതുവാന്‍ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം
നീര്‍ത്തുന്നു വര്‍ണ്ണപുസ്തകം.
നിനക്കു മഞ്ഞുകുപ്പായം
തുന്നുന്നു തിരുവാതിര
പടിക്കല്‍ വന്നു കൂകുന്നു
പട്ടണിപ്പൊന്നുഷസ്സുകള്‍ .
ഇടുങ്ങിയ, നിരപ്പായ,
തേഞ്ഞപാതകള്‍ വിട്ടു നീ
ഉന്നതങ്ങളില്‍ മേഘങ്ങ
ളൊത്തുമേയുന്ന വേളയില്‍
പൊന്‍ കോലം കേറ്റുവാന്‍ കുമ്പി
ട്ടീലല്ലോ നിന്റെ മസ്തകം
ഇരുമ്പുകൂച്ചാല്‍ ബന്ധിക്ക
പ്പെട്ടീലല്ലോ പദങ്ങളും.
ഉന്നം തെറ്റാത്ത തോക്കിന്നു
മായീലാ നിന്നെ വീഴ്ത്തുവാന്‍
കേമന്മാരോമനിച്ചാലും
ചെവി വട്ടംപിടിച്ചു നീ
നീയിന്നാ മേഘരൂപന്റെ
ഗോത്രത്തില്‍ ബാക്കിയായവന്‍ ,
ഏതോ വളകിലുക്കം കേ
ട്ടലയും ഭ്രഷ്ടകാമുകന്‍
അണുധൂളിപ്രസാരത്തി
ന്നവിശുദ്ധദിനങ്ങളില്‍
മുങ്ങിക്കിടന്നു നീ പൂര്‍വ
പുണ്യത്തിന്റെ കയങ്ങളില്‍
നീ കൃഷ്ണശിലതന്‍ താളം!
വിണ്ണിലോലുന്ന നീലിമ!
ആഴിതന്‍ നിത്യമാം തേങ്ങല്‍ !
പൗര്‍ണമിക്കുളള പൂര്‍ണ്ണത!
അന്ധര്‍ നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം

Putharichunda - M Govindan

പുത്തരിച്ചുണ്ട
എം ഗോവിന്ദന്‍
----------------------------------------------
പുത്തരിച്ചുണ്ടകള്‍ പൂവിട്ട കാലത്തു
പുഞ്ചിരിച്ചെണ്ടുമായ് നീയുമെത്തി
ഇത്തിരി നേരം നീയെന്മുന്നില്‍ നില്‍ക്കയായ്
ചോദ്യത്തിനുത്തരം ചൊല്ലിടാതെ
എന്തിനു വന്നു നീയെന്നറിയാതെ ഞാ-
നെന്തേ പറഞ്ഞതെന്നോര്‍മ്മയുണ്ടോ?
ചോദിച്ചതെന്തെന്നു ഞാനും മറന്നു , നീ
ചോര്‍ന്നുപോയ് ചിത്തത്തില്‍ നിന്നു മാഞ്ഞൂ
പുത്തരിച്ചുണ്ടങ്ങ പച്ചയായ് മഞ്ഞയായ്‌
ചോപ്പായ് കഥകളിക്കണ്ണിലെത്തീ
നളനായും ജളനായും രംഭയെക്കണ്ടപ്പോള്‍
ഒളിസേവ ചെയ്യുവാന്‍ രാവണനായ്
കൊഞ്ചിക്കുഴഞ്ഞാടും കീചകന്‍ , ഉടുതുണി -
ത്തുഞ്ചുമുരിയും ദുശ്ശാസനനായ്
വേഷങ്ങളോരോന്നരങ്ങത്ത് , കണ്ണിലെ
ഭാഷയില്‍ ചുണ്ടങ്ങചോപ്പിണങ്ങി
നേരം പുലര്‍ന്നപ്പോള്‍ ഒക്കത്തു പായ്ച്ചുരു--
ളായോരോ കൂട്ടരും യാത്രയായി
ആരോ തിരിഞ്ഞെന്നെ നോക്കുന്നു കണ്ടുഞാന്‍
ആരോമലാളേ നീ തന്നെയാവാം..
ആളൊന്നു കൈകോര്‍ത്തു നിന്നൊപ്പം നിന്മണ-
വാളന്‍ ചമയും ചെറുക്കനാവാം
പൂവിട്ട പുത്തരിച്ചുണ്ട ഉണക്കമായ്
വേനലിന്‍ വേര്‍പാടു മാത്രം മണ്ണില്‍

Mazhathullikal - O N V

......കവിത: മഴത്തുള്ളികള്‍........
--- രചന: ഒ.എന്‍.വി ---

മഴയ്ക്കെന്തൊരു ഭംഗി പറഞ്ഞു പതുക്കെ നീ
മഴത്തുള്ളികള്‍ വേനല്‍ ചൂടാര്‍ന്ന മണ്ണില്‍ വീഴ്കെ
അതിന്റെ കുളിര്മ്മഗ ആ മണ്ണിലേക്കാളും
നിന്റെ മനസ്സില്‍ പടര്ന്നി ട്ടോ, മഴയിലലിഞ്ഞിട്ടോ
അടക്കാനാവാതേതോ കൌതുകം തുളുമ്പും പോല്‍
പതുക്കെ പറഞ്ഞു നീ.. മഴയ്ക്കെന്തൊരു ഭംഗി!
തുള്ളി തുള്ളിയായ് പിന്നെ വെള്ളിക്കമ്പികളായ്
ആ കമ്പികള്‍ മുറുക്കിയ ശത തന്ത്രിയും മീട്ടി
മണ്ണിലേയ്ക്കിറങ്ങി വന്നു ഈ മഴ
ഒരു ജിപ്സി പെണ്കിടാവിനെ പോലെ
മുറ്റത്തു നൃത്തം ചെയ്കെ
നിന്‍ മിഴികളിലേതോ കലിമ്പം
വീണ്ടും ബാല്യനൈര്മ്മ ല്യം മൊഴിയില്‍
ഹായ് മഴയ്ക്കെന്തൊരു ഭംഗി..!
തൊട്ടുമുന്നിലെ കാഴ്ചയ്ക്കപ്പുറം എന്തോ-
കാണും മട്ടില്‍ നീ ഇരിയ്ക്കുന്നു
ഓര്മ്മമയിലിന്നും മരിയ്ക്കാത്തൊരു പുഴ
അതിനയ്ക്കരെ പോകാന്‍ കൊച്ചുകൂട്ടുകാരുമായ്
നീയും പാവാട തെറുത്തേറ്റി പോകുന്നു
പൊടുന്നനെ വീഴുന്നു മഴ
പുഴയോളങ്ങള്‍ വെള്ളിക്കൊലുസ്സിട്ടു തുള്ളുന്നു ചുറ്റും
കുളിര്ത്തു് ചിരിച്ചാര്ത്ത്ു മഴയി-
ലടിമുടി കുതിര്ന്ന് പുഴയോരത്തെത്തുന്നു
നടവഴി വരമ്പില്‍ നെല്ലിപൂക്കള്‍
കൊളിച്ചീറന്‍ ചുറ്റി വരവേല്ക്കു ന്നു
നിന്റെ മുന്നിലാ മഴ മാത്രം
ആ നടവഴിമാത്രം
ആ വയല്‍ പൂക്കള്‍ മാത്രം
ഞാനടുത്തിരിപ്പതും മറന്നു പറഞ്ഞു നീ
മഴയ്ക്കെന്തൊരു ഭംഗീ..!
മഴയ്കെന്തൊരു ഭംഗീ..!
ഇപ്പോളീ നിന്നെ കാണുമ്പോള്‍
പതുക്കെ പറഞ്ഞു ഞാന്‍
നിനക്കെന്തൊരു ഭംഗീ!

Friday 25 July 2014

Theeppetti - Vailoppilli Sreedhara Menon

തീപ്പെട്ടി
വൈലോപ്പിള്ളി ശ്രീധരമേനോന്‍ 

--------------------------------------------------------
കോരിച്ചൊരിയുന്ന മാരിയാണെങ്കിലും
നേരത്തേ കാലത്തെണീറ്റുപോയി.
കുത്തിയിരിപ്പാണടുപ്പിന്‍മുഖത്തു ഞാന്‍
ഇത്തിരിച്ചായ ചമച്ചെടുപ്പാന്‍
തീരെത്തണുക്കാതെ കീറത്തുണിയില്‍ ഞാന്‍
തീപ്പെട്ടി ഭദ്രമായ്‌ വെച്ചിരുന്നു.
കൊള്ളികളെങ്കിലും കത്തുന്നതി,ല്ലവ
തെല്ലുരയ്ക്കുമ്പോള്‍ മരുന്നു തീരും.
ഒട്ടൊന്നു വല്ലതും നീറിപ്പിടിക്കുകില്‍
തെറ്റെന്നതിന്‍റെ തല തെറിക്കും.
പെട്ടിതന്‍ പള്ളയില്‍പോലും മരുന്നില്ല
തൊട്ടു തേച്ചുള്ളോരു പാട മാത്രം
കുറ്റികള്‍ ചുറ്റുമേ കൂടിക്കിടക്കുന്നു
കെറ്റിലില്‍ വെള്ളം കിനാവു കാണ്മൂ.
കുന്തമായ് ചായ, യടുപ്പു പോലെന്‍ മനം
അന്തരാ ചൂടു കൊതിച്ചു മാഴ്കി.
അപ്പോള്‍ സ്മരിച്ചു ഞാ, നെന്‍ജന്മഭൂ,വണു-
വിസ്ഫോടനത്തില്‍ ജയിച്ച ഘോഷം
പാഴ്പിട്ടിനാലെ മരുന്നു പുരട്ടിയ
തീപ്പെട്ടി കത്തായ്കിലെന്തു ദോഷം?
ആറാമതാമണു ശക്തിയായ്‌ തീര്‍ന്നെന്‍റെ
വീറാര്‍ന്ന നാടുജ്ജ്വലിക്കയല്ലീ!
ഒത്തീല ചായ കുടിക്കുവാനെങ്കിലെന്‍
ഹൃത്തിലെന്തൂഷ്മള ചാരിതാര്‍ത്ഥ്യം.
.............................................................
( മകരക്കൊയ്ത്ത് )

Ellam ormichavan - Sachidanandan

എല്ലാം ഓര്‍മ്മിച്ചവന്‍
സച്ചിദാനന്ദന്‍

സുങ്ങ് രാജ്യത്തെ ഹ്വാത് സേ എന്നയുവാവിന്
മറവി പിടിപ്പെട്ടു.
അയാള്‍ വീട്ടിലിരിക്കാന്‍ മറന്നു
തെരുവില്‍ നടക്കാന്‍ മറന്നു
വായിക്കാനും, ചിന്തിക്കാനും മറന്നു
പിന്നീടയാള്‍ ബന്ധുമിത്രങ്ങളെ മറന്നു
പകലും രാവും മറന്നു
ഉണ്ണാന്‍ മറന്നു, ഉടുക്കാനും ഉറങ്ങാനും മറന്നു
ഒടുവില്‍ സ്വന്തം പേരു മറന്നു
അങ്ങിനെ ഒരുവനായിരുന്ന ഹ്വാത് സേ
ഒരുന്നാള്‍ ആരുമല്ലാതായി
വൈദ്യന്മാര്‍ക്കും, മാന്ത്രികന്മാര്‍ക്കും അയാളെ ചികിത്സിച്ച്
ആരെങ്കിലുമാക്കാന്‍ കഴിഞ്ഞില്ല.
അവസാനം,
പണ്ഡിതനായ മെന്‍ഷ്യയസ്സിന്‍റെ ഉപദേശപ്രകാരം
അയാളെ മൂന്നു പകലും രാവും പട്ടിണിക്കിട്ടു
അപ്പോള്‍ അയാള്‍ ഉണ്ണാനോര്‍മ്മിച്ചു.
മഞ്ഞില്‍ കിടത്തിയപ്പോള്‍അയാള്‍
ഉടുപ്പും പുതപ്പുമോര്‍മ്മിച്ചു
പിന്നീട് അവരയാളെ വര്‍ത്തമാനത്തിലിരുത്തി
അപ്പോള്‍ അയാള്‍ ഭൂതകാലമോര്‍മ്മിച്ചു.
അവരയാളെ കഴിഞ്ഞകാലത്തിരുത്തി
അപ്പോഴയാള്‍ ഭാവിയോര്‍മ്മിച്ചു
പതുക്കെ പതുക്കെ അയാള്‍ എല്ലാമോര്‍മ്മിച്ചു
ദൈന്യം കലങ്ങിയ ഒരു നിലവിളീയോടെ
അയാള്‍ മെന്‍ഷിയസ്സിനോടു പറഞ്ഞു
''ആരുമില്ലാതിരുന്നപ്പോള്‍ എനിയ്ക്കു ഭാരമേയില്ലായിരുന്നു
പരിധിയും ചുമതലയുമില്ലാത്ത
സ്വാതന്ത്ര്യമായിരുന്നു എനിക്കു മറവി
അങ്ങിപ്പോള്‍ കഴിഞ്ഞതും വരാനിരിക്കുന്നതുമായ
എല്ലാ ഖേദങ്ങളും എനിക്ക് തിരിച്ച് തന്നു
ദയവായി എന്‍റെ ഓര്‍മ്മകള്‍ അങ്ങെടുക്കുക,
പകരം എനിക്കെന്‍റെ വിസ്മൃതി തിരിച്ചു നല്‍കുക
അയാള്‍ക്കു മറവി തിരിച്ചുനല്‍കാന്‍
മെന്‍ഷിയസ്സിനു കഴിഞ്ഞില്ല..
അതുകൊണ്ട് ഹ്വാത് സേയുടെ പരമ്പരയില്‍പ്പെട്ട
നാം, മനുഷ്യര്‍,
ഇന്നും എല്ലാം ഓര്‍മ്മിക്കുവാന്‍,
ആരെങ്കിലുമായിരിക്കുവാന്‍,
ശപിക്കപ്പെട്ടിരിക്കുന്നു.
-----------------------------------------------
( 'വടക്കന്‍ കഥകള്‍'--1976 )

Shalini - Changampuzha

ശാലിനി
ചങ്ങമ്പുഴ

--------------
ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍
എന്നെ കുറിച്ചുള്ളോരോര്‍‍മ്മ മാത്രം മതി
മായരുതാ തളിര്‍ ചുണ്ടിലൊരിക്കലും
മാമകചിത്തം കവര്‍‌ന്നൊരാ സുസ്മിതം.
താവകോത്ക്കര്‍ഷത്തിനെന്‍ ജീവരക്തമാ-
ണാവശ്യമെങ്കിലെടുത്തുകൊള്ളൂ ഭവാന്‍
എങ്കിലുമങ്ങുതന്‍ പ്രേമസംശുദ്ധിയില്‍
ശങ്കയുണ്ടാകില്ലെനിക്കല്പമെങ്കിലും
ആയിരം അംഗനമാരൊത്തുചേര്‍‌ന്നെഴും
ആലവാലത്തിന്‍ നടുക്കങ്ങു നില്‍ക്കിലും
ഞാനസൂയപ്പെടിലെന്‍‌റെയാണാമുഗ്ദ്ധ-
ഗാനാര്‍ദ്രചിത്തം എനിക്കറിയാം വിഭോ
അന്യര്‍ അസൂയയാല്‍ ഏറ്റം വികൃതമായ്
അങ് തന്‍ ചിത്രം വരച്ചു കാണിക്കിലും
കാണുമെന്നല്ലാതതിന്‍ പങ്കുമല്പമെന്‍
പ്രാണനിലൊട്ടിപ്പിടിക്കില്ലൊരിക്കലും
കാണും പലതും പറയുവാനാളുകള്‍
ഞാനൊരാളല്ലാതറിവതില്ലങ്ങയെ
അന്ധോക്തികളെ പ്രമാണമാക്കികൊണ്ടു
സിന്ധുര ബോധം പുലര്‍ത്തുവോളല്ല ഞാന്‍
ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം
താവകോത്ക്കര്‍ഷത്തിനാലംബമാവണം
പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം
ഒന്നും പ്രതിഫലം വേണ്ടെനിക്കാ മഞ്ജു-
മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതീ!

Wednesday 23 July 2014

Avasanathe Nadhi - Sachidanandan

അവസാനത്തെ നദി
സച്ചിദാനന്ദന്‍


അവസാനത്തെ നദിയില്‍
വെള്ളമില്ലായിരുന്നു, രക്തമായിരുന്നു
ലാവയുടെ പ്രവാഹം പോലെ
അതു ചുട്ടു തിളച്ചുകൊണ്ടിരുന്നു
അതില്‍ നീര്‍ കുടിക്കാനെത്തിയ
അവസാനത്തെ ആട്ടിന്‍കുട്ടികള്‍
ഒന്നു നിലവിളിക്കുംമുമ്പേ മൂര്‍ച്ഛിച്ചു വീണു
അതിനു കുറുകെപ്പറന്ന പറവകള്‍
പിടഞ്ഞുപിടഞ്ഞ് അതില്‍ വീണു മറഞ്ഞു
തലയോടുകളില്‍ നിന്ന് കണ്ണീരൊഴുകിക്കൊണ്ടിരുന്നു
ജനലുകളില്‍നിന്ന് നിലച്ച ഘടികാരങ്ങള്‍
താഴെ വീണുകൊണ്ടിരുന്നു.

അവസാനത്തെ നദിയില്‍
ഒരമ്മയുടെ അസ്ഥികൂടം പൊങ്ങിക്കിടന്നു.
അതിന്മേല്‍ തുഴഞ്ഞ് മറുകര തേടുന്ന
ഒരു കുട്ടിയുണ്ടായിരുന്നു.
അവന്‍റെ കൈകളില്‍ അമ്മ മരിക്കുംമുമ്പു നല്‍കിയ
ഒരു മാന്ത്രികമണിയുണ്ടായിരുന്നു
അവന്‍റെ ഓര്‍മ്മയില്‍ ചിരികള്‍
മുഴങ്ങുന്ന ഒരു വീടും .
ആ മണിയുടെയും ഓര്‍മ്മയിലെ വീടിന്‍റെയും
നിഴല്‍, വറ്റിപ്പോയ നദികളുടെ
ശവങ്ങല്‍ക്കുമേല്‍ വീണുകൊണ്ടിരുന്നു.

'നിനക്കെന്നെ ഭയമില്ലേ?'
അവസാനത്തെ നദി കുട്ടിയോടു ചോദിച്ചു.
'ഇല്ല, മരിച്ചുപോയ നദികളുടെ ആത്മാക്കള്‍
എന്‍റെകൂടെയുണ്ട്
സരയുവും സരസ്വതിയും
ഗംഗയും കാവേരിയും നൈലും നിളയും .
ഞാന്‍ അവയോടു സംസാരിച്ചിട്ടുണ്ട് .
പോയ ജന്മങ്ങളില്‍ അവയാണെന്നെ
വളര്‍ത്തിയത്' , കുട്ടി പറഞ്ഞു.

'നിന്‍റെ അച്ഛനാണ് അവയെക്കൊന്നത് .
അവരുടെ ചോരയാണ് എന്നിലൊഴുകുന്നത്
അവരുടെ ശാപമാണ് എന്നില്‍ തിളയ്ക്കുന്നത്‌.'
കുട്ടി മറുപടിയായി മണി മുഴക്കി;മഴ പെയ്തു,
നദി സ്നേഹം കൊണ്ടു തണുത്തു.
രക്തം നീലയായി, മീനുകള്‍ തിരിച്ചുവന്നു
വൃക്ഷങ്ങള്‍ തളിര്‍ത്തു , ഘടികാരങ്ങള്‍
വീണ്ടും നടക്കാന്‍ തുടങ്ങി.

അങ്ങിനെയാണ് മനുഷ്യചരിത്രം
ആരംഭിച്ചത്.
ആ മണി പിന്നെ നിലച്ചിട്ടില്ല.

(1988 )

Tuesday 22 July 2014

Krishnan - Kamala Das

കൃഷ്ണന്‍
കമലാദാസ്

-----------------
നിന്‍റെ ശരീരം
എന്‍റെ തടവറയാണ്,
കൃഷ്ണാ
അതിനപ്പുറം എനിക്കൊന്നും കാണാനാവുന്നില്ല.
നിന്‍റെ കറുപ്പ്
എന്നെ അന്ധയാക്കുന്നു
നിന്‍റെ പ്രണയാര്‍ദ്രമായ വാക്കുകള്‍
സമര്‍ത്ഥമായ ലോകത്തിന്‍റെ
ആരവത്തെ പുറത്തിട്ടടയ്ക്കുന്നു.

Monday 21 July 2014

Vakkukal pakshikal - Kamala Das

വാക്കുകള്‍ പക്ഷികള്‍
കമലാദാസ്

വാക്കുകള്‍ പറവകളാണ്
സന്ധ്യയില്‍നിന്നും ഒളിച്ച്
കുഴഞ്ഞ ചിറകുകളുമായ്
എവിടെയാണവ ചേക്കേറുന്നത്?
സന്ധ്യ
എന്റെ ശിരസ്സില്‍ പതിച്ചു.
സന്ധ്യ ത്വക്കില്‍ പതിച്ചു.
ഉറങ്ങുവാന്‍ കിടക്കുമ്പോള്‍
അനുഗൃഹീതമായ പ്രഭാതം
കാണുമെന്ന്
എനിക്ക് ഉറപ്പില്ലല്ലൊ

Oru nal - Kc Alavikutty

ഒരുനാള്‍
കെ. സി. അലവിക്കുട്ടി.

കാലത്തിന്‍റെ
അനന്തതയില്‍
വരാന്‍
ബാക്കി നില്‍ക്കുന്ന
ദിവസം,
പകല്‍ പുലരുകയില്ല
ദിവസത്തിന്‌,
കറുത്ത ദൈര്‍ഘ്യം.
പ്രാവുകള്‍
ചിരിച്ചു പറക്കും
വംശം എന്ന പദവും,
പര്യായങ്ങളും
എല്ലാഭാഷയില്‍ നിന്നും
എടുത്തു കളയും.
എല്ലാ വേദങ്ങളും
ദൈവംതിരിച്ചു വാങ്ങും.
മനുഷ്യ മസ്തിഷ്ക്കങ്ങളിലെ ഭക്തി
പ്രാവുകള്‍ക്ക്
മാറ്റി വെക്കും,
പകരം
ഒരു വെളുത്ത പലക
ഭൂമിയില്‍
സ്ഥാപിക്കും
ശീര്‍ഷകത്തില്‍
"ദൈവം" ഇങ്ങനെ കുറിച്ചിടും,
"ഇന്ന് മനുഷ്യ രാശിക്ക്
പ്രായം തികയുന്ന ദിവസം"
അനന്തരം,
തരിശു ഗ്രഹങ്ങളില്‍
ജീവന്‍ വിതച്ചു വേദം നല്‍കുമ്പോള്‍
വെള്ള പ്രാവുകള്‍
സു ര്യോദയങ്ങളില്‍
ദൈവത്തെ സ്തുതിച്ച്
ദേവാലയങ്ങളില്‍
കുറുകികൊണ്ടേയിരിക്കും .

Akashavum ente manassum - O N V

ആകാശവും എന്‍റെ മനസ്സും
ഒ എന്‍ വി

ആകാശവുമെന്‍റെമനസ്സുമൊഴിഞ്ഞുകിടക്കുന്നു
ആ വഴിപോയ്‌ മറയുകയായെന്‍ പകലും പറവകളും
എങ്കിലുമതില്‍ നിശ്ശൂന്യതയുടെ നീലിമനിറയുന്നു
എങ്ങിനെയതുഞാനെന്‍ വാക്കില്‍ കോരിനിറക്കുന്നു
ആകാശവുമെന്‍റെ മനസ്സും പൂപൊലി പാടുന്നു
ആയിരഋതുപുഷ്പം തേടിത്തൊടികളിലലയുന്നു
എങ്കിലുമൊരു പൂക്കളമിട്ടാലുടനതു മായ്ക്കുന്നു
എങ്ങനയാ തീരാപ്പാടുകള്‍ വാക്കുകളാകുന്നു
ആകാശവുമെന്‍റെ മനസ്സും കത്തിക്കാളുന്നു
ആരുടെ വീരോജ്ജ്വലതാണ്ഡവമഗ്നിപറത്തുന്നു
എങ്കിലുമൊരു നേര്‍ത്തനിലാവിത നെറുകയില്‍ വിരിയുന്നു
എങ്ങനെയാ തീയും കുളിരും വാക്കുളാകുന്നു
ആകാശവുമെന്‍റെ മനസ്സും മുഗ്ധിതമാകുന്നു
മൂകതയാല്‍ ഒരുകിളിപാടീലൊരുമുകില്‍ മൂളീല
എങ്കിലുമൊരു പാട്ടിന്‍ സൌരഭമെങ്ങോനിറയുന്നു
എങ്ങിനെയതു നിങ്ങള്‍ക്കായെന്‍ വാക്കുകള്‍ പകരുന്നു
ആകാശവുമെന്‍റെ മനസ്സും നിറകുടമാകുന്നു
ആയിരമിഴ കോര്‍ത്തവിചിത്ര വിപഞ്ചികയാകുന്നു
എങ്കിലുമൊരു സുവര്‍ണ്ണ നിശബ്ദയതുമൂടുന്നു
എങ്ങനെയാ നിറവിനെവാക്കില്‍ തുള്ളികളാക്കുന്നു

Fistula - Sachidanandan Puzhankara

ഫിസ്റ്റുല
സച്ചിദാനന്ദന്‍ പുഴങ്കര

ഒരൊറ്റച്ചക്രത്തിൽ
ചലിക്കും വണ്ടിക്കു-
ണ്ടടിക്കടി ചില
കുലുക്കമെങ്കിലും
പെയിന്റുകമ്പനി-
പ്പരസ്യമെന്നപോൽ
കിഴക്കുദിക്കുന്നു
ജനുവരിസ്സൂര്യൻ,
കരാറു തെറ്റാതെ
അജൈവസുന്ദരൻ
നമുക്കു നേരുന്നൂ
സുഖവിരേചനം...!!

Saturday 19 July 2014

Jeevithanandam - Balamani Amma

ജീവിതാനന്ദം
ബാലാമണി അമ്മ 
----------------------------------------
ചാരുകസേരമേൽ ചാരിക്കിടക്കെ ഞാൻ
വാരുറ്റതാം കൃഷിത്തോപ്പിൽ
കാട്ടുതുളസിപ്പടർപ്പിൽ കളിക്കുന്ന
കുട്ടിയായ്‌ മേവുമ്പോൾ പോലെ
ആനന്ദവാഹിയാ,യാശ്ചര്യമാ,യിന്നു-
മാദിത്യബിംബമുദിച്ചു.
മങ്ങുന്ന കണ്ണിന്നു മുന്നിലും ഭൂലോക-
ഭംഗികളെല്ലാം വിരിഞ്ഞു
കണ്ടു കഴിയാത്ത മാധുരിയെപ്പറ്റി
വണ്ടുകൾ മൂളിപ്പറന്നു.
വറ്റുന്ന ചേതനയൊട്ടു പതഞ്ഞേന്തി
വാനിനെ നോക്കിച്ചിരിച്ചു.
ആദിത്യബിംബമേ കോരിപ്പകരൂ,
ചൂടാറാത്ത നിൻ മധു വീണ്ടും.
ജീവിക്കെ മർത്ത്യന്നു നാൾപ്പിറപ്പോരോന്നും
നൈവേദ്യം പോലെയാസ്വാദ്യം
കാന്താരമെത്ര ഞാൻ താണ്ടീ,പണിപ്പെട്ടു
കാൽ കുഴഞ്ഞെത്ര തളർന്നു.
ഇന്നുമിതേചോദ്യം-യാത്രയ്ക്കൊരന്ത്യമു-
ണ്ടെന്നതനുഗ്രഹം താനോ?
ഗൂഡമെൻ നെഞ്ചിൽ നിന്നൂരിയെറിഞ്ഞു ഞാൻ
വാടിയ പൂക്കൾതൻ മാല്യം.

Aswamedham - Vayalar

അശ്വമേധം
വയലാർ‌
---------------
ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!
വിശ്വസംസ്കാരവേദിയിൽ പുത്തനാ-
മശ്വമേധം നടത്തുകയാണു ഞാൻ!
നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?
എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ-
ക്കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!
കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ-
ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;
കാട്ടുചൊലകൾ പാടിയപാട്ടുക-
ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;
ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര ശവകുടീരങ്ങളിൽ
നൃത്തമാടിയതാണാക്കുളമ്പുകൾ!
ദൃപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,
എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,-
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!
കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പന്‍കുതിരയെ,
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.
പിന്നെ രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ വന്നുപോൽ
യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!
-എന്റെ പൂർവികരശ്വഹൃദയജ്ഞ;
രെന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!
മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ -
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!
നേടിയതാണവരോടു ഞാ,-നെന്നിൽ
നാടുണർന്നോരുനാളിക്കുതിരയെ!
ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ
ആരൊരാളിക്കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാന്‍ ?

Nagarathil puli - Sachidanandan

നഗരത്തില്‍ പുലി
സച്ചിദാനന്ദന്‍

വഴിതെറ്റി നഗരത്തിലകപ്പെട്ട പുലി
ഇലകളില്ലാത്ത ഇലക്ട്രിക് പോസ്റ്റുകള്‍ക്കു പിറകില്‍
വെറുതേ അഭയം തേടുന്നു.
ദാഹം വലയ്ക്കുമ്പോള്‍ അവള്‍ കാണുന്നത്
നിലയ്ക്കാത്ത ജനപ്രവാഹങ്ങള്‍ മാത്രം
മുരളാന്‍ അവള്‍ക്കു ഭയമാണ്
ഇരുകാലികളുടെ വിരുന്നുമുറികളില്‍
തോലായി തൂങ്ങാനോ
ചാട്ടവാറിന്നു കീഴില്‍
കട്ടിക്കസേരയില്‍ കൂനിയിരിക്കാനോ
അഴികള്‍ക്കു പിറകിലെ
അലറുന്ന കാഴ്ചപ്പണ്ടമാകാനോ
കാടിന്‍റെ ഓര്‍മ്മ അവളെ അനുവദിക്കുന്നില്ല
പാതിരായ്ക്കുപോലും
ഇരുളും തണുപ്പുമൊത്ത നഗരം
അവളെ ഭയക്കുന്നു
കാറ്റു വീശുമ്പോള്‍,
കിളികളെ കാണുമ്പോള്‍
അവള്‍ നിശ്ശബ്ദയായി കരയുന്നു
അവളുടെ കണ്ണുനീര്‍ ഒരു തടാകമാകുന്നു
അതില്‍ ഒരു ചന്ദ്രനുദിക്കുന്നു
അതില്‍ ഒരു പക്ഷി കുളിക്കുന്നു
അതില്‍ ഒരു സ്ത്രീ
തന്നെത്തന്നെ കാണുന്നു
( 1996 )

Marakkoo marakkoo - Balamani Amma

മറക്കൂ മറക്കൂ
ബാലാമണിയമ്മ
---------------------------------------------------------
മിനുപ്പാര്‍ന്നു വര്‍ണ്ണങ്ങള്‍ പാളുന്ന ലോകം
നുണയ്ക്കുന്ന ചുണ്ടത്തു മാധുര്യപൂരം
മനസ്സിങ്ങു സംതൃപ്ത,മെന്നാലുമാരാല്‍
മനുഷ്യന്‍ ശ്രവിപ്പൂ "മറക്കൂ മറക്കൂ".
കളിത്തോപ്പിലെപ്പൂഴി,യോമല്‍സുഹൃത്തിന്‍
കരസ്പര്‍ശസൗഖ്യം, പിതൃപ്രേമവായ്പും
വിലപ്പെട്ട നേട്ടങ്ങ,ളെന്നാലുമുച്ചം
വിളിക്കുന്നു വിശ്വം "മറക്കൂ മറക്കൂ"
മഹാകര്‍മ്മവിജ്ഞാനമൂട്ടി ക്രമത്താല്‍
മനഃപോഷണം ചെയ്ത വിദ്യാലയങ്ങള്‍,
അഹോ നിത്യരമ്യങ്ങ,ളെന്നാലെതിര്‍പ്പൂ
ഗൃഹാകര്‍ഷണം "നീ മറക്കൂ മറക്കൂ".
യുവത്വോദയത്തിന്റെ ദിവ്യപ്രകാശം
നവസ്വപ്നസാമ്രാജ്യസര്‍വ്വാധിപത്യം,
ഇവയ്ക്കൊത്തതായില്ല മറ്റൊന്നു,മെന്നാല്‍
ഇതേ പ്രജ്ഞ ചൊല്‍വൂ "മറക്കൂ, മറക്കൂ".
നടാടെപ്പിറന്നോരു കുഞ്ഞിന്റെ പൂമെയ്‌
തൊടുമ്പോള്‍ പിതാക്കള്‍ക്കുദിയ്ക്കും പ്രഹര്‍ഷം
ഒടുങ്ങാവതല്ലെന്നു,മെന്നാലുമോതാന്‍
തുടങ്ങുന്നു കാലം "മറക്കൂ മറക്കൂ".
പളുങ്കിന്‍ കുടംപോലതീതാനുഭൂതി-
പ്രപഞ്ചം തകര്‍ന്നും മിനുങ്ങുന്നു; പക്ഷേ
പ്രലുബ്ധാന്തരംഗത്തെയുന്തുന്നു വീണ്ടും
പ്രവൃത്തിപ്രവാഹം "മറക്കൂ മറക്കൂ".
അടഞ്ഞൂ കവാടങ്ങള്‍, കാറ്റാകെ നിന്നൂ
പിടയ്ക്കുന്നു ബോധം നിഴല്‍പ്പാടി,ലപ്പോള്‍
അടുത്തെത്തി മന്ത്രിക്കയാം മൃത്യു "മേലില്‍
ക്കിടയ്ക്കില്ല നേരം, സ്മരിക്കൂ സ്മരിക്കൂ".

Friday 18 July 2014

Yathrakkidayil - Sugathakumari

യാത്രയ്ക്കിടയില്‍
സുഗതകുമാരി

...................................
എനിക്ക് പണ്ടേ പ്രിയം നിങ്ങളെ , സ്വപ്നങ്ങളെ
ചിരിക്കും ബാല്യം തൊട്ടേ നിങ്ങളെന്‍ കളിത്തോഴര്‍
ഏതിരുട്ടിലും നമ്മളൊന്നിച്ചു വാണു , നിങ്ങ-
ലേതഴലിലും വന്നെന്‍ കണ്ണൂനീരൊപ്പി തന്നു
വിളര്‍ക്കും ദിനങ്ങള്‍ തന്‍ കവിളില്‍ ചായം തേച്ചു‌
തിളക്കും വേനല്‍ച്ചുടില്‍ പൂകളെ തുന്നിച്ചേര്‍ത്തു
ദാഹത്തില്‍ പുന്തേനെകി ദുഃഖത്തില്‍ പ്രേമം നല്‍കീ
രോഗത്തില്‍ സുഖാശ്വാസദൃഢവിശ്വാസം പാകീ
ഈ വഴിത്തളര്‍ച്ചയെ ഞാനറിഞ്ഞീല നിങ്ങള്‍
ഗാനലോലുപര്‍ കൂട്ടിനൊന്നിച്ചു നടപ്പോളം
അങ്ങനെ നാമൊന്നിച്ചേ കഴിഞ്ഞു ചിരകാലം
ഇന്നു ഞാനിവിടെയീ നാല്‍ക്കവലയില്‍ പെട്ടെ-
ന്നറിവു‌ കാണ്മീലല്ലോ നിങ്ങളെകൂടെ പ്പിരി -
ഞ്ഞകലുന്നേരം നിങ്ങള്‍ യാത്രയും ചൊല്ലീലല്ലോ
എങ്ങിനെയിനി? നിന്നു പോകുന്നേന്‍ , സ്വപ്നങ്ങളെ
നിങ്ങള്‍ കൈവിട്ടോന്‍ , ഏറെ ക്ഷീണനീ യാത്രക്കാരന്‍
നടക്കാന്‍ വഴിയെത്രയുണ്ടിനി കൊടും വെയില്‍
തണുക്കും മഹാ സന്ധ്യയ്ക്കെത്രയുണ്ടിനി നേരം ...

Kadevide makkale - Ayyappa Paniker

കാടെവിടെ മക്കളേ
 അയ്യപ്പപ്പണിക്കര്‍
-----------------------------------------------------------------
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?
പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?
പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?
ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?
കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?
ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ
രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ?
ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന
തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ?
പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ-
രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ?
മരവും മനുഷ്യരും കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?
പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?
അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?
മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ?
വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?
ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്ത
വിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ?
കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?
പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?
യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

Wednesday 16 July 2014

Rajashilpiyodu - Prabha Varma

രാജശില്‍പിയോട്
പ്രഭാവര്‍മ

പുതുതായ് നിയുക്തനാം രാജശില്‍പിയോടൊന്നു
പറയാനുണ്ട്; ശില്‍പമെന്നതു താങ്കള്‍ക്കൊരു
ചതുരം; സമാസമം വിസ്തൃതി ദൈര്‍ഘ്യത്തിനോ-
ടിണങ്ങുന്നതാം ശിലാഖണ്ഡം; ഈ ഞങ്ങള്‍ക്കാകി-
ലതിനുള്ളിലായൊളിഞ്ഞിരിക്കുന്ന സങ്കല്‍പം;
മനസ്സുകൊണ്ടേ കടഞ്ഞെടുക്കേണ്ടതാം രൂപം!
അറിയാം നന്നായ്; തമ്മില്‍ ചേരില്ലയീവൈരുധ്യ-
മൊരുനാളിലും; രാജശില്‍പിയായ് താങ്കള്‍ വരും
നിമിഷം ഞങ്ങള്‍ക്കുള്ളില്‍ ഭയമേറുന്നൂ; നാളെ
ഇവിടുണ്ടാമോ ഞങ്ങള്‍ തീര്‍ത്തതാം വൈവിധ്യങ്ങള്‍?
പലകാലത്താല്‍, പലപല ആയുസ്സാലെയും
പലതായ് ഞങ്ങള്‍ തീര്‍ത്ത ശില്‍പങ്ങള്‍; അവക്കൊക്കെ
പലതാണല്ളോ രൂപഭാവങ്ങള്‍; അവ വീണ്ടും
ശിലയാവുമോ ഒരേയളവില്‍, ഒരേ വാര്‍പ്പില്‍?
ശിലയെ ചുടുകണ്ണീര്‍ വീഴ്ത്തിയൊട്ടലിയിച്ചും
കടുലോഹത്തെച്ചങ്കിന്നുലയില്‍ സ്ഫുടംചെയ്തും
മൃദുവാക്കിയീ നെഞ്ചിടിപ്പിന്‍െറ താളത്തില്‍ ചി-
റ്റുളിയാല്‍ ഞങ്ങള്‍ കടഞ്ഞെടുത്തതീ ശില്‍പങ്ങള്‍!
ചതുരത്തിലെ ചേരാത്തിടമൊക്കെയും തട്ടി-
യുടച്ചുനീക്കിക്കണ്ടെടുത്തൊരീ ശില്‍പങ്ങളില്‍
നിറയെക്കാണാം നിമ്നോന്നത ഭാവങ്ങള്‍; ജഡ-
ശിലയില്‍ ജീവസ്പന്ദമണയ്ക്കും ചൈതന്യങ്ങള്‍!
ഇവയെ സ്വന്തം മുഴക്കോലിനാലളന്നു നല്‍-
ച്ചതുരാകൃതിയില്ല,യൊന്നിനുമെന്നും ശില്‍പ-
കലയായിതെക്കാണ്‍കവയ്യയെന്നുമോര്‍ത്തിവ-
തകര്‍ത്തു ചതുരങ്ങള്‍ തീര്‍ക്കുവാന്‍ കല്‍പിക്കൊലാ!

Entrance - Rafeeq Ahmed

എന്‍ട്രന്‍സ്
റഫീക്ക് അഹമ്മദ്

പരീക്ഷാഹാള്‍വരെ സോക്രട്ടീസ് ഉണ്ടായിരുന്നു
പിന്നെ കണ്ടില്ല.
അടിസ്ഥാനയോഗ്യത ഇല്ലാത്തതിനാല്‍
പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കാം.
അരിസ്റ്റോട്ടില്‍ പിറകിലെ ബെഞ്ചില്‍ ഉണ്ടായിരുന്നു.
കാലഹരണപ്പെട്ട ഒരു പരീക്ഷാസഹായിയാണ്
ആ പാവം പഠിച്ചിരുന്നത്.
ഹാള്‍ടിക്കറ്റ് കത്തിപ്പോയതിനാല്‍
ഡയോജിനസിന് പരീക്ഷ എഴുതാനായില്ല.
ഫോട്ടോ പതിക്കായ്കയാല്‍ അവ്വയാറിനും
അവസരം നഷ്ടമായി.
അപേക്ഷാഫോറത്തില്‍ ഒപ്പുവെക്കാന്‍ മറന്ന്
ഫരീദുദ്ദീന്‍ അക്താര്‍ അയോഗ്യനായി.
രമണമഹര്‍ഷി പരീക്ഷാത്തീയതി മറന്നു.
തോമസ് അല്‍വാ എഡിസണ്‍ പേരു തെറ്റി എഴുതി.
ഉത്തരങ്ങള്‍ക്കു പകരം വീണ്ടും ചോദ്യങ്ങളെഴുതി
മാര്‍ക്സ് വളരെ നേരത്തേ പരീക്ഷാമുറി വിട്ടു.
പരീക്ഷകനെ കണ്ട് ഭയന്ന് ഫ്രാന്‍സ് കാഫ്ക സ്ഥലംവിട്ടു.
കുളിച്ചൊരുങ്ങി പ്രതിജ്ഞയോടെ പുറപ്പെട്ടെങ്കിലും
ദസ്തയേവ്സ്കി
പതിവു ചൂതാട്ടകേന്ദ്രത്തിലേക്കുതന്നെ കയറി.
മതിയായ രേഖകളുടെ അഭാവത്തില്‍
നാരായണഗുരുവിന്‍െറ അപേക്ഷ തള്ളപ്പെട്ടു.
ബസുകൂലിക്ക് കാശ് തരപ്പെടായ്കയാല്‍
പൂന്താനത്തിന് സ്ഥലത്തത്തൊനായില്ല.
പരീക്ഷാഫീസ് എവിടെയോ തുലച്ചു കുഞ്ഞിരാമന്‍നായര്‍
കാവ്യദേവതയെ നോക്കിനിന്ന ചങ്ങമ്പുഴക്ക്
സമയത്തിനത്തൊന്‍ കഴിഞ്ഞില്ല.
ഇറങ്ങാന്‍ നേരത്ത് സന്ദര്‍ശകര്‍ വന്നു കയറിയതിനാല്‍
ബഷീര്‍ പരീക്ഷ വേണ്ടെന്നുവെച്ചു.
എല്ലാം നല്ലതിന്
അതുകൊണ്ടാണ് ഞങ്ങളൊക്കെ കടന്നുകൂടിയത്.
മേല്‍പ്പറഞ്ഞവരാകട്ടെ
പരീക്ഷാര്‍ഥികള്‍ക്ക് തീരാത്ത സൊല്ലയായി
ചോദ്യക്കടലാസുകളില്‍ കുടിപാര്‍ത്തു.

Perumbavoor - C V P Namboodiri

പെരുമ്പാവൂര്‍
------------------
പെരുമ്പാവൂര്‍,
പ്രഭാതങ്ങളില്‍
ഒരു തുറന്ന വണ്ടിയാണ്
അറവുമാടുകളെപ്പോലെ
മനുഷ്യരെ കുത്തി നിറച്ചത്.
ചന്തയില്‍ നിന്നും പുറപ്പെടുന്നത്.
വിയര്‍പ്പില്‍ കുതിര്‍ന്ന
പാന്‍ മസാലയുടെ ഗന്ധമുള്ളത്‌..
അതിലെ മനുഷ്യരുടെ
വികൃത മുഖങ്ങള്‍
ശ്വാസത്തിനായി
ആകാശത്തേയ്ക്ക്
ഉയര്‍ന്നിരിക്കും..
വേനലിന്‍റെയും മഴകളുടെയും
കീഴെ അന്തിയുറങ്ങുന്ന
പരദേശികള്‍:.
'ഭായി' എന്നു മാത്രം പേരുള്ളവര്‍ ....
വീടും,വിലാസവും നഷ്ടപ്പെട്ടവര്‍..
ദിവസക്കൂലിക്കു വില്‍ക്കപ്പെടുന്നവര്‍
ഒരേ മുഖഛായ ഉള്ളള്ളവര്‍..
പണിയെടുത്തു തളര്‍ന്ന്
വീണ്ടും ചന്തയില്‍ തന്നെ തിരിച്ചെത്തുന്നവര്‍...
പെരുമ്പാവൂര്‍,
സായാഹ്നങ്ങളില്‍
വില കുറഞ്ഞ റമ്മിന്‍റെ
മണമുള്ള ഒരു തെരുവാണ്
അറിയാത്ത ഭാഷകളുടെയും
അപരിചിത മുഖങ്ങളുടേ യും
ഇടയിലൂടെ
സ്വന്തം മേല്‍വിലാസം ഒഴുകിപ്പോയത്‌..
.
പെരുമ്പാവൂര്‍,
ഞായറാഴ്ചകളില്‍
പിന്നിക്കീറിയ തുണികള്‍
നിരന്ന ഒരഴയാണ് .
കാളച്ചന്തയ്ക്കും
മനുഷ്യച്ചന്തയ്ക്കും
കശാപ്പുകാര്‍ക്കും
വാണിഭക്കാര്‍ക്കും
'ഭായി'മാരുടെ
അനാഥമായ ആരവങ്ങള്‍ക്കും
മുകളില്‍ വിശപ്പിന്‍റെ മുദ്രയുള്ള
തുണികള്‍ നിരന്നു കിടക്കും....
ഞാന്‍ ഒരു പെരുമ്പാവൂര്‍കാരനാണ്
ഭാഷയില്‍ അപസ്വരങ്ങള്‍
കലര്‍ന്നിരിക്കുന്നു
പല്ലുകളില്‍ കറ വീണിരിക്കുന്നു.
കണ്ണാടി എന്‍റെ പഴയ മുഖം
തിരസ്കരിച്ചിരിക്കുന്നു...
ഞാന്‍ നടക്കുന്നു,
അഴുകിയ
മണങ്ങളിലൂടെ ,
വീട്ടിലേയ്ക്കുള്ള വഴി തേടി..
എല്ലാ വഴികളും ഒരുപോലെ...

Porul - Sachidanandan

പൊരുള്‍
സച്ചിദാനന്ദന്‍


തായ്നാടുവിട്ടു പണിതേടി
മറുനാടുപിടിച്ചവന്‍റെ ചെറുമകന്‍
നാട്ടിന്‍പുറത്തെ മുത്തശ്ശിയോട്
ശാപ്പാടിനെക്കുറിച്ച്
മുദ്രകളില്‍ സംസാരിക്കാന്‍
തത്രപ്പെടുന്നതു കണ്ടപ്പോള്‍
ഇവന്നു തിരിഞ്ഞു
തായ്മൊഴിയുടെ പൊരുള്‍.

മൊഴിക്കിറുക്കു മൂത്ത്
തായ്മൊഴിമാത്രം പഠിച്ച
ഇരുദേശക്കാര്‍ അന്യോന്യം
മുദ്രകളില്‍ സംസാരിക്കാന്‍
തത്രപ്പെടുന്നതു കണ്ടപ്പോള്‍
ഇവന്നു തിരിഞ്ഞു
മറുമൊഴിയുടെ പൊരുള്‍.

മുദ്രതന്നെ
ഭാഷയുടെ തുടക്കം:
ഒടുക്കവും.

Tuesday 15 July 2014

Prabhatham - Balachandran Chullikkad

പ്രഭാതം

ബാലചന്ദ്രന്‍ ചുള്ളിക്കാട്

-------------------------

ഇന്നും കിളിയൊച്ച കേള്‍ക്കെ, നീ രാവിലേ
വന്നുവിളിച്ചതായ്ത്തോന്നി- ഉണര്‍ന്നു ഞാന്‍ 

എന്നെച്ചുഴലുന്നൊരീ വെളിച്ചം നിന്റെ
വെണ്‍പട്ടുപാവാടയെന്നു കരുതി ഞാന്‍

ഈയിളം കാറ്റോ, പനിനീരിലാടിയ
വാര്‍മുടി കോതി വരുന്നതെന്നോര്‍ത്തു ഞാന്‍

നിദ്രതന്‍ നീലക്കറ മാഞ്ഞു മാനസം
വെട്ടിത്തിളങ്ങീ നിനക്കു ബിംബിക്കുവാന്‍

അന്നേരമല്ലോ മരുന്നുമായ് വന്നതീ
ഉന്മാദ രോഗാലയ പരിചാരിക!

Sheelangal - C V P Namboodiri

ശീലങ്ങള്‍
-------------
അമ്മ പഠിപ്പിച്ചിട്ടുണ്ടുചില ശീലങ്ങള്‍;
പുലരിയിലുണരുമ്പോള്‍
വലതുതിരിഞ്ഞെഴുന്നേല്‍ക്കണം,
കൈകളില്‍ നോക്കി ധ്യാനിക്കണം,
ഭൂമിയെ തൊട്ടുവന്ദിക്കണം....

കുഞ്ഞുന്നാള്‍ മുതല്‍ഞാന്‍ അതുശീലിച്ചു.

പക്ഷെ,ഇന്നു,
വലംതിരിഞ്ഞെഴുഞ്ഞെഴുന്നേല്‍ക്കുമ്പോഴെല്ലാം
ഇടത്,ഒരു ചുവന്നകാടു വിറക്കുന്നു;
ചുവന്ന നദി പനിക്കുന്നു;
ചുവന്ന വെയില്‍ തിളയ്ക്കുന്നു.

കൈവിടര്‍ത്തി ധ്യാനിക്കുമ്പോള്‍ ,
ഒലിച്ചുപോയ ഒരു കുന്ന്,
നിലച്ച ഘടികാരം,
കടല്‍,
പായ്ക്കപ്പലുകള്‍,
കൊടുക്കാനുള്ളവ,
കിട്ടാനുള്ളവ,
കവര്‍ന്നവ,കളഞ്ഞവ....
ഭാഷയില്ലാത്ത ഭൂഖണ്ഡം,
മഞ്ഞ്,മറവി.....

നിലം തൊട്ടു വന്ദിക്കുമ്പോള്‍,
പൊള്ളുന്ന മാറിലേയ്ക്ക്
ആരോ കൈചേര്‍ത്തുവെക്കുംപോലെ;
വിഹ്വലമായ ഒരു പകല്‍
ഭൂമിപിളര്‍ന്നു വരുംപോലെ

ഇന്നെന്‍റെ ഓരോ പ്രഭാതവും
'അരുത്, അരുത്' എന്നു വിലക്കുന്ന ഒരമ്മ..
---------------------------------------
2012

Vivarthanam - C V P Namboodiri

വിവര്‍ത്തനം
-------------------
കവിത  വിവര്‍ത്തനം ചെയ്യുക എന്നത്
അത്ര എളുപ്പമല്ല;
അതൊരു പരകായപ്രവേശം പോലെയാണ്.

തിന നെല്ലിലേയ്ക്ക്
നൈല്‍ പെരിയാറിലേക്ക്
പിയാനോ പുള്ളുവവീണയിലേക്ക്
 അലന്റ കാക്കരശിയിലേക്ക്
അമ്മ താരാട്ടിലേക്ക്
ഒലീവ് നെല്ലിയിലേക്ക്
മഞ്ഞു നിലാവിലേക്ക്
നഗ്നത നേര്യതിലേയ്ക്ക്
ഇംപാലലില്ലി നന്ത്യാര്‍വട്ടത്തിലേക്ക്

എങ്കിലും വിവര്‍ത്തകന്‍ അറിയുന്നു;
രക്തം രക്തത്തിലേക്കും
പ്രണയം പ്രണയത്തിലേക്കും
മൌനം മൌനത്തിലേക്കും
ഒരേ ലിപിയില്‍ ഒഴുകുന്നത്‌
 കൊലക്കയര്‍ ഒരേ താളത്തില്‍ ആടുന്നത്.

 വിവര്‍ത്തകന്‍ അറിയുന്നു :
എല്ലാ കവികളും ഒരേ ഭൂഖണ്ഡത്തില്‍ ജീവുക്കുന്നുവെന്ന്
ഒരേ ഭാഷ സംസാരിക്കുന്നുവെന്ന്
ഒരേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന്

Parayan bakkiyakunnathu - C V P Namboodiri

പറയാന്‍ ബാക്കിയാകുന്നത്.....
===================

ഒരു ജന്മത്തില്‍
നീയും ഞാനും
രണ്ടു മരങ്ങള്‍ ആയിരുന്നു
നമുക്കിടയിലെ മൌനം
കാട്ടു നദിയായി
നീ നിറയെ പൂവിട്ടു
മഴയും മഞ്ഞും നിലാവും
നിന്റെ ഇലകള്‍ക്കിടയിലൂടെ
കിനാവു പൊഴിച്ചു
ചില്ലകളില്‍ കാറ്റും വെയിലും
ഒഴുകി നടന്നു....
നിന്റെ ഹൃദയത്തിലെ കിളികള്‍ പാടുന്നത്
എനിക്കു കേള്‍ക്കാമായിരുന്നു....

എന്റെ പ്രണയം ഒരു കാട്ടുമൃഗം ആയിരുന്നു..
വറുതിയുടെ നാളുകളില്‍ അത്
നീ അറിയാതെ
നിന്റെ തണലില്‍ അഭയം തേടി.....

ഒരുനാള്‍ ഞാനറിഞ്ഞു,
നിന്റെ ആത്മാവു നിറയെ
കൊടുങ്കാറ്റായിരുന്നെന്ന്...
മണ്ണിന്റെ നിലയറ്റ ആഴങ്ങളിലേയ്ക്ക്
വേരുകള്‍ വിലപിച്ചിരുന്നെന്ന് ..

പറയാനുള്ളതു ബാക്കിവച്ചാണ്
ഞാന്‍ കടപുഴകിയത്.....

മറ്റൊരു ജന്മത്തില്‍
നീയും ഞാനും
രണ്ടു പക്ഷികള്‍ ആയിരുന്നു
നിന്റെ പാട്ടില്‍ കാടുകള്‍ പൂവിട്ടു
പുഴകള്‍ക്കും മലകള്‍ക്കും മീതെ
ആകാശത്തിന്റെ
അതിര്‍ വരമ്പിലൂടെ
എന്റെ പ്രണയം ചിറകടിച്ചു....
ഒരേ ചില്ലയില്‍ വന്നിരിക്കുമ്പോഴാണ്
നിന്റെ നെഞ്ചില്‍ കാട്ടുതീ ആയിരുന്നെന്നു
ഞാന്‍ അറിഞ്ഞത്...
പറയാനുള്ളതു മുഴുമിക്കും മുന്‍പേ
വേടന്റെ അമ്പേറ്റ് എന്റെ വാക്കുകള്‍
ചോരത്തുള്ളികളായി....

ഈ ജന്മത്തില്‍
യാചനയുടെ വേരുകളും
പാട്ടുകളിലെ കനലെരിച്ചിലും
അടയാളമാക്കി
ഞാന്‍ നിന്നെ തിരിച്ചറിഞ്ഞു...

അനാഥമായി അലഞ്ഞിരുന്ന
എന്റെ പ്രണയം
തിരിച്ചെത്തിയിരിക്കുന്നു,
ഒരു തത്ത്വജ്ഞാനിയുടെ രൂപത്തില്‍..
പല ജന്മങ്ങളില്‍ നിന്നും അത്
പലതും പഠിച്ചിരിക്കണം

നമുക്കിടയില്‍ ഇപ്പോഴും
ഒരു നദി ഒഴുകുന്നു...

പറയാനുള്ളതു വീണ്ടും
ബാക്കിയാകുന്നു....
=====================

Makal - Sachidanandan

മകള്‍
സച്ചിദാനന്ദന്‍
------------------------------

എന്‍റെ മുപ്പതുകാരിയായ മകളെ
ഞാന്‍ പിന്നെയും കാണുന്നു
ആറുമാസക്കാരിയായി.

ഞാനവളെ കുളിപ്പിക്കുന്നു
മുപ്പതു വര്‍ഷങ്ങളുടെ പൊടിയും ചേറും
മുഴുവന്‍ കഴുകിക്കളയുന്നു.
അപ്പോള്‍ അവള്‍ അമിച്ചായിയുടെ
ഒരു കൊച്ചു കവിത പോലെ
സ്വര്‍ഗീയമായ ജലതേജസ്സില്‍ തിളങ്ങുന്നു
കുഞ്ഞിത്തോര്‍ത്തു കാലത്തില്‍ നനയുന്നു

ജനലഴികളെ പിയാനോക്കട്ടകളാക്കി
ബിഥോവന്‍ മര്‍ത്ത്യന്‍റെതല്ലാത്ത
കൈകളുയര്‍ത്തി നില്‍ക്കുന്നു
മകള്‍ ഒരു സിംഫണിയ്ക്കകത്തു നിന്നു
പുറത്തു വന്ന് എന്നെ ആശ്ലേഷിക്കാന്‍
പനിനീര്‍ക്കൈകള്‍ നീട്ടുന്നു

വെളിയില്‍ മഴയുടെ ബിഹാഗ്
കിശോരി അമോന്‍കര്‍

Maraviyude orma - Sachidanandan

മറവിയുടെ ഓര്‍മ്മ
( ആല്‍ബത്തില്‍ പഴയ സ്വന്തം ഫോട്ടോ കാണുമ്പോള്‍ )
--------------------------
സച്ചിദാനന്ദന്‍
------------------
എവിടെയോ നിന്നെ
കണ്ടു പരിചയമുണ്ടല്ലോ ഹേ യുവാവേ,
എന്നിട്ടും നിന്റെ മോണോലിസപ്പുഞ്ചിരി
എനിക്കു വായിച്ചെടുക്കാനാകുന്നില്ലല്ലോ
അതില്‍ പരിഹാസമാണോ , ആത്മപുച്ഛമാണോ ,
അതോ നിഷ്കളങ്കമായ വെറും ആഹ്ലാദമോ ?
നിന്റെ കണ്ണുകളും നിഗൂഢം.
അതില്‍ സ്വപ്‌നങ്ങള്‍
ബാക്കിയുണ്ടായിരുന്നെന്നു തീര്‍ച്ച.
ഒരു ചിന്തകന്റെ ലക്ഷണമൊന്നും
നിന്റെ നെറ്റിയിലില്ല.
ആ ചുണ്ടുകളില്‍ മഹാകാവ്യങ്ങളുമില്ല .
ഒരുപക്ഷെ ജോലിയേയും വിവാഹത്തേയും
കുഞ്ഞുങ്ങളേയും യാത്രകളേയും
തിരിച്ചെത്താനുള്ള വീടിനേയും കുറിച്ചുള്ള
ശരാശരി പ്രത്യാശകളാവാം
ആ തുടുത്ത കവിളുകളില്‍.
ഏതായാലും
പിന്നീടു നിന്നെ മുക്കിക്കൊന്ന അശാന്തിയുടെ
ലക്ഷണങ്ങള്‍ ഒന്നും ആ പുരികങ്ങളിലില്ല.
കാമുകന്റെയും വിപ്ലവകാരിയുടെയും
സഞ്ചാരിയുടെയും രോഗിയുടെയും
അദ്ധ്യാപകന്റെയും ഉദ്യോഗസ്ഥന്റെയും
ഇത്രയേറെ ചമയങ്ങള്‍ നിന്റെ സ്വത്വം
കാത്തിരിക്കുമെന്ന് നീ സങ്കല്‍പ്പിചിരുന്നോ ?
എന്തു പറയാനാണ് നിന്റെ ചുണ്ടുകള്‍
പാതി വിടര്‍ന്നു നില്‍ക്കുന്നത് ?
പിന്നീടെപ്പോഴെങ്കിലും നീ അതു പറഞ്ഞുവോ ?
അതോ,നിന്നോടൊപ്പം ആ വാക്കുകളും ഉച്ചരിക്കപ്പെടാതെ
അപ്പുറത്തെ പാതിരാവില്‍ മറഞ്ഞുപോകുമോ ?
ഇപ്പോള്‍ നിന്റെ ഭാവിയായിരുന്ന
എന്റെ വര്‍ത്തമാനത്തിലിരുന്ന്
എന്റെ ഭൂതമായ നിന്റെ
വര്‍ത്തമാനത്തിലേയ്ക്കു നോക്കുമ്പോള്‍
നീ ലോകമെന്തെന്നറിയാത്തതിന്‍റെ
മിനുമിനുപ്പുള്ള ശിശു മാത്രം.
നിനക്കു ഞാന്‍ വാത്സല്യപൂര്‍വ്വം
ഒരു താരാട്ടെഴുതട്ടെ
എന്‍റെശ്മശാന ശിലകളില്‍ ,
ഫീനിക്സിന്റെ തൂവല്‍കൊണ്ട്‌.

Monday 14 July 2014

Reethi - A Ayyappan

രീതി
-------
എ അയ്യപ്പന്‍

-------------------
ദൈവമേയെന്നു നിലവിളിക്കരുത്
ദൈവത്തിനു കേള്‍വിയില്ല
കോടാനുകോടികളെക്കാണാന്‍
കണ്ണുകളില്ല
നാവില്‍
ഒരിറ്റ് ഉമിനീരില്ല

ഒരു നീചന്‍
ദാഹത്തിന്‍റെ തൊണ്ടവറ്റിച്ചു
ചുണ്ടുനനച്ചത്
ഒരു മാലാഖയുടെ കണ്ണുനീര്‍ത്തുള്ളിയാണ്
വിലകൊടുത്ത് ലഹരിയരുത്
വിലകൊടുക്കാതെ കിട്ടുന്ന
ഭ്രാന്താണ് ലഹരി

എനിക്ക്
നിര്‍വചനമില്ല
ഭാഷയില്ല
ലഹരി
അഗ്നിയില്‍ സൂക്ഷിക്കുന്ന
രത്നദ്രവം

എന്‍റെ പ്രേമലേഖനത്തിന്
കലാപത്തിന്‍റെ ഭാഷയാണ്
കുട്ടിയെക്കൊണ്ടുപോകൂ
ഭ്രാന്ത് പകരുന്ന രോഗമാണ്
ധവളാണുക്കളാണ്
എന്‍റെ ഞരമ്പുകളില്‍
എന്‍റെ മനസ്സളക്കാന്‍
ഭ്രാന്തമാപിനിയില്ല

എന്‍റെ കഴുത്തിന്‌
ഊഞ്ഞാലാടാനാഗ്രഹം
ഞാന്‍ കിണറ്റുവെള്ളം കോരാനുള്ള
കയര്‍ മുറിക്കുന്നു

Thekkinkattile theruvu chithrakaran - Sachidanandan

തേക്കിന്‍കാട്ടിലെ തെരുവു ചിത്രകാരന്‍
-------------------------------------------------------------------
സച്ചിദാനന്ദന്‍
-----------------------
തേക്കിന്‍കാടുമൈതാനിയുടെ തെക്കേത്തെരുവിലെ
അതേ ചിത്രകാരന്‍ തന്നെ, അതേ, അയാള്‍.
അയാള്‍ ചെങ്കല്ലും കരിയും ഉപയോഗിച്ചു
ദിവസവും വരച്ചിടുന്ന കോലങ്ങള്‍
എന്നെ ഈയിടെയായി വല്ലാതെ അമ്പരപ്പിക്കുന്നു.

ആദ്യമാദ്യം അയാള്‍ വരച്ചിരുന്നത്
സൌമ്യമായ ചിത്രങ്ങളായിരുന്നു.
ആ പുല്‍ത്തകിടിയില്‍ ചേക്കേറുന്ന
വൈകുന്നേരങ്ങളെപ്പോലെ സൌമ്യം;
താമരയിതളുകളുടെ ലക്ഷ്മി
ഓടക്കുഴലിന്‍റെ ഉണ്ണി
പട്ടാഭിഷേകം കഴിഞ്ഞ രാമന്‍ .
ഒരു നരസിംഹത്തെയോ രുദ്രനെയോ
ഖഡ്ഗിയെയോ വരയ്ക്കാനാവാത്ത
ആ വിരലുകളുടെ മൃദുലതയെക്കുറിച്ച് അന്നൊക്കെ
ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.

പിന്നെ അയാളുടെ ചിത്രങ്ങളില്‍
കറുപ്പും വെളുപ്പും കൂടി വന്നു .
വെള്ള, പച്ച, നീല, മഞ്ഞ -
എല്ലാം അയാള്‍ ഒന്നൊന്നായി ഉപേക്ഷിച്ചു .
ഇപ്പോള്‍ അയാള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക്
തേറ്റയും വാളും വാളില്‍നിന്നിറ്റുന്ന രക്തവും
കയ്യില്‍ ദാരികന്‍റെ ശിരസ്സും
നിറത്തില്‍ തരിക്കുന്ന ഊറ്റവുമുണ്ട്.
ദുര്‍ഗ്ഗ ദുര്‍ഗ്ഗ ദുര്‍ഗ്ഗ എന്നും അയാള്‍ ഇതേ ചിത്രം
വരയ്ക്കുന്നു, മായ്ക്കുന്നു, വീണ്ടും വരയ്ക്കുന്നു.
അയാള്‍ ഒരക്ഷരം ഉരിയാടുന്നില്ല.
' ഇന്നു ദുര്‍ഗ്ഗാപൂജ ' എന്ന്‍ ചിത്രത്തിനു ചുവട്ടില്‍
എഴുതിയിടുക മാത്രം .

മുങ്ങിച്ചാവുന്നവന്‍റെ ഓര്‍മ്മയിലെന്നപോലെ
പിന്നെയും പിന്നെയും
ആ ചിത്രകാരന്‍റെ മൂകമായ തുറിച്ചുനോട്ടം, ഒട്ടിയ വയറ്,
വളര്‍ന്ന മുടി,തീപാറുന്ന കണ്ണ് , ദുര്‍ഗ്ഗയുടെ മുഖം ,
ദാരികന്‍റെ ശിരസ്സ്‌.
വാളിന്‍ ചുണ്ടിലെ ചോര,എട്ടു കൈകളുടെ ദിഗ്ഭ്രമണം.....

അയാളാവിഷ്കരിക്കുന്നത് അയാളുടെ
കൊച്ചാത്മാവു മാത്രമായിരുന്നുവെങ്കില്‍
കവിതയെ എന്നപോലെ എനിക്കതവഗണിക്കാമായിരുന്നു.

പക്ഷെ എനിക്കറിയാം,
ഇന്നയാളാവിഷ്കരിക്കുന്നത് ചരിത്രമാണ്,
ചരിത്രത്തിന്‍റെ തീരാത്ത പക,
ഒടുങ്ങാത്ത പ്രതികാരം.

Pazhaya radio - C V P Namboodiri

പഴയ റേഡിയോ
----------------------------
റേഡിയോ -ഇന്നുമെനിക്കു മിത്രം;
പോയകാലത്തിന്നദൃശ്യസാക്ഷി.

ഇന്നുമതില്‍ നിന്നുയിര്‍ത്തിടുന്നു
എന്‍റെ പുഴതന്‍ പ്രഭാതഭേരി
എന്‍റെ കിളിതന്‍ ചിറകനക്കം
എന്‍റെ ചിദംബര ദീപരാഗം
കൌതുകവാര്‍ത്ത,കഥ,കവിത
നാവേറുപാട്ട്,നടനതാളം

ഞാനിടയ്ക്കെല്ലാം ശ്രവിച്ചിടുന്നൂ
പോയജന്മത്തിന്‍റെ ശബ്ദരേഖ ;
ഉറ്റ സഖിതന്‍ പ്രണയഗീതം ;
ഗ്രീഷ്മസായാന്തന മേഘരാഗം;
നീലനിലാവിന്‍ തണുത്ത സ്പര്‍ശം;
കര്‍ക്കിടകത്തിന്‍ തുടിപ്പെരുക്കം ...

റേഡിയോ -ഇന്നിമെനിക്കു മിത്രം;
പോയകാലത്തിന്നദൃശ്യസാക്ഷി
എന്നും തുടച്ചുമിനുക്കിവെക്കും
എന്‍റെ കാലോച്ചകാതോര്‍ത്തിരിക്കാന്‍.

Aama - Sachidanandan

ആമ
സച്ചിദാനന്ദന്‍

ആമേ, നിന്‍റെ കാലം എങ്ങിനെ?
ഞങ്ങളുടെ ഘടികാരങ്ങള്‍ക്ക് അതിവേഗം,
ഞങ്ങളുടെ ജീവിതം ഒരു പനി.
ഞാനും അങ്ങോട്ട് പോരട്ടേ,
ഭൂമി കറങ്ങാത്തിടത്ത്,
തിരക്കിനുപോലും തിരക്കില്ലാത്തിടത്ത്,
വെള്ളച്ചാട്ടം ഒരു നിശ്ചല ചിത്രവും
മിന്നല്‍പ്പിണര്‍ ഒരു പ്രതിമയും
ആയിരിക്കുന്നിടത്ത്,
കാറ്റിനു കുടിയന്റെ ചുവടുകള്‍ ഉള്ളിടത്ത്,
മുയല്‍ ഒരു മഞ്ഞുരുളയും
മാന്‍ ഒരു മൈതാനവും ആയിടത്ത്.

ആമേ, നിന്‍റെ വീട് എങ്ങിനെ?
മുയലുമായുള്ള പന്തയം കഴിഞ്ഞു
നീ എവിടെ പോയി മറഞ്ഞു?
കുട്ടി കഥയില്‍ നിന്ന് നേരെ
പുരാണത്തിലേക്ക് പോയോ?

പാലാഴിയില്‍ നിന്ന് പര്‍വതം വീണ്ടെടുക്കാന്‍
വിഷ്ണു നിന്റെ രൂപത്തില്‍ അവതരിച്ചോ?

നിന്‍റെ തോടിന്മേല്‍ എഴുതിയ ഭാഷ
എങ്ങിനെ ഒന്ന് വായിച്ചെടുക്കും?
അത് നിന്‍റെ ജാതകം ആണോ?
ഇളംകാറ്റിനും ചാറ്റല്‍ മഴയ്ക്കും
നീ പിറന്നത് എപ്പോള്‍?

ഞങ്ങള്‍ മനുഷ്യരുടെ വംശം
ഭൂമിയില്‍ നിന്ന് ഞങ്ങളുടെ തന്നെ
നിശ്ചയം പോലെ എന്നെന്നേക്കുമായി
പോയ് മറയുമ്പോള്‍
നീ മാത്രം യുദ്ധങ്ങളെയും
കൊടുങ്കാറ്റുകളെയും അതിജീവിച്ച്
അവസാനത്തെ വൃക്ഷങ്ങളോട്
ഞങ്ങളുടെ ദുരന്തകഥ പറയുമോ?

-------------------------------------------------------
(ആമകള്‍ സംരക്ഷിക്ക പ്പെടേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് നടത്തിയ പ്രചരണപരിപാടിയുടെ ഭാഗമായി ഇംഗ്ളീഷില്‍
രചിച്ച കവിതക്ക് കവിയുടെ തന്നെ തര്‍ജമ.)

Aavahanam - Sachidanandan

ആവാഹനം 
സച്ചിദാനന്ദൻ 
------------------------------------------
(ചിന്ത രവിയുടെ സ്മരണക്ക്
-'തഥാഗതഗത' ത്തില്‍ നിന്ന് )

രവി, നിനക്കൊപ്പം 
ചിരിച്ചവർ, അമ്ലം 
കുടിച്ചവർ, തീയിൽ
നടന്നവർ, കടൽ 
കടന്നവർ ഞങ്ങൾ.
ഋതുക്കൾ നൂണ്ടവർ,
മല അളന്നവർ
പകച്ചു നിന്നവർ,
തിരിച്ചു പോയവർ,
മരിച്ചു പോയിട്ടും
മഴയായ് പെയ്തവർ
സഖാക്കൾ, സോദരർ
നിനക്ക് തോഴരാം
മൃഗങ്ങൾ, പക്ഷികൾ
മരങ്ങൾ, ചന്ദ്രന്‍റെ
ചുരങ്ങൾ, സൂര്യന്‍റെ
കയങ്ങൾ, മേഘങ്ങൾ ,
മുഴങ്ങും മൌനങ്ങള്‍
ഒരൊറ്റ ബോധിതൻ
ചുവട്ടിൽ നിന്നിതാ
വിളിക്കുന്നു നിന്നെ
വരൂ, വരൂ, വരൂ.
Related Posts Plugin for WordPress, Blogger...