Search This Blog

Saturday, 22 November 2014

Aathma Rahashyam - Changampuzha

ആത്മരഹസ്യം  ചങ്ങമ്പുഴ

 രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ , ആരോടും അരുളരുതോമലെ നീ
താരകാകീര്നമായ നീലാംബരത്തിലന്നു , ശാരദ ശശിലേഖ സമുന്നസിക്കെ

തുള്ളിയുലഞ്ഞുയര്‍ന്നു തള്ളി വരുന്ന , മൃദു വെള്ളി വലാഹകള്‍ നിരന്നു നില്‍ക്കെ
നര്‍ത്തന നിരതകള്‍ പുഷിപിത ലതികകള്‍ , നല്‍ തളിര്‍കളാല്‍ നമ്മെ തഴുകിടവേ
ആലോല പരിമള ദോരനിയിങ്കല്‍ മുങ്ങി , മാലെയായനിലന്‍ മന്ദം അലഞ്ഞു പോകെ
നാണിച്ചു നാണിചെന്റെ മാറത്തു തല ചായ്ച്ചു , പ്രാണ നായികേ നീ എന്‍ അരികില്‍ നില്‍ക്കെ
രോമാഞ്ചമിളകും നിന്‍ ഹേമാംഗംഗം തോറും , മാമക കര പുടം വിഹരിക്കവേ
പുഞ്ചിരി പൊടിഞ്ഞ നിന്‍ ചെന്ചോടി തളിരില്‍ എന്‍ ,ചുംബനം ഇടക്കിടക്കമര്‍ന്നിടാവേ
നാം ഇരുവരും ഒരു നീല ശിലാ തലത്തില്‍ , നാക നിര്‍വൃതി നേടി പരിലസിക്കെ
ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ , ആരോടും അരുളരുതോമലെ നീ

വേദന സഹിക്കാത്ത രോദനം തുളുംബീടും, മാമക ഹൃദയത്തിന്‍ ക്ഷതങ്ങള്‍ തോറും
ആദര സമന്വിതം ആരും അറിയാതൊരു, ശീതള സുഗാസവം പുരട്ടി മന്ദം
നീ എന്നെ തഴുകവേ ഞാന്‍ ഒരു ഗാനമായ്, നീലംബരത്തോളം ഉയര്‍ന്നു പോയ്‌
സങ്കല്പ സുഖത്തിനും മീതെയായ്‌ മിന്നും, ദിവ്യ മംഗള സ്വപ്നമേ നിന്‍ അരികില്‍ എത്താന്‍
യാതൊരു കഴിവുമില്ലാതെ ഞാന്‍ എത്ര കാലം, ആതുര ഹൃദയനായ് ഉഴന്നിരുന്നു
കൂരിരുള്‍ നിറഞ്ജോരെന്‍ ജീവിതം പൊടുന്നനെ, തരകാവൃതമായ് ചമഞ്ഞ നേരം

ആ വെളിച്ചത്തില്‍ നിന്നെ കണ്ടു ഞാന്‍
ദിവ്യമാം ഒരനന്ദ രശ്മിയായ് എന്നരികില്‍ തന്നെ

മായാത്ത കാന്തി വീശും, മംഗള കിരണമേ, നീ ഒരു നിഴലാണെന്ന് ആരു ചൊല്ലി
അല്ലിലെ വെളിച്ചമേ നിന്നെ ഞാന്‍ അറിഞ്ഞതില്ല, അല്ലലില്‍ മൂടി നില്‍ക്കും ആനന്ദമേ

യാതൊന്നും മറയ്ക്കാതെ
നിന്നോട് സമസ്തവും ഒതുവാന്‍ കൊതിച്ചു, നിന്നരികില്‍ എത്തി .
കണ്ണുനീര്‍ കണികകള്‍ വീണു നനഞ്ഞതാം നിന്‍, പൊന്നല കവിള്‍ കൂമ്പ് തുടച്ചു മന്ദം
ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ ,ആരോടും അരുളരുതോമാലെ നീ
എന്നാത്മ രഹസ്യങ്ങള്‍ എന്തും ഞാന്‍ നിന്നോടോതും , മണ്ണിനായത് കേട്ടിട്ടെന്തു കാര്യം

ഭൂലോക മൂടരായ് , നമ്മെ ഇന്നപരന്മാര്‍
പൂരിത പരിഹാസം കരുതിയേക്കാം
സാരമില്ലവയോന്നും സന്തതം മമ ഭാഗ്യ, സാരസര്‍വസ്വമേ നീ ഉഴന്നിടണ്ട
മാമക ഹൃദയത്തിന്‍ സ്പന്ദനം നിലക്കുവോളം, പ്രേമവും അതില്‍ തിര അടിച്ചു കൊള്ളും
കല്പാന്ത കാലം വന്നു, ഭൂലോകമാകെ ഒരു കര്‍ക്കശ സമുദ്രമായ് മാറിയാലും
അന്നതിന്‍ മീതെ അല തല്ലി ഇരച്ചു വന്നു പൊങ്ങിടും, ഓരോ കൊച്ചു കുമിള പോലും
ഇന്ന് മത്മാനസത്തില്‍ തുള്ളി തുളുമ്പി നില്ല്കും , നിന്നോടുള്ള അനുരാഗമായിരിക്കും

രണ്ടല്ല നീയും ഞാനും ഒന്നായ് കഴിഞ്ഞല്ലോ , വിണ്ഡലം നമുക്കിനി വേറെ വേണോ
ആരെല്ലാം ചോദിച്ചാലും ആരെല്ലാം മുഷിഞ്ഞാലും, ആരെല്ലാം പരിഭവം കരുതിയാലും
ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ , ആരോടും അരുളരുതോമലെ നീ

Sunday, 26 October 2014

Karutha chettichikal - Edasseri

കറുത്ത ചെട്ടിച്ചികള്‍
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

പേരാറ്റുനീരായ ചെമ്പിച്ച പൈക്കളെ
ദ്ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്തചെട്ടിച്ചികള്‍.

മാരിവില്ലെന്നേ നിനച്ചുപോയ്‌ നാം മനോ
ഹാരിഭൂഭംഗിയാല്‍ സ്തബ്ധരായോഷമാര്‍
ചായം പിഴിഞ്ഞോരു ചേല ചുറ്റിപ്പുത
ച്ചായതമാകുമസ്സാനുവില്‍ നില്‍ക്കവേ.

ചുണ്ടും പിളുത്തിച്ചുരുളന്‍മുടിയുമായ്‌
മുണ്ടകപ്പാടങ്ങള്‍ കാത്തുകിടക്കയാം.
പെറ്റെണീക്കുംമുമ്പു കണ്ണടച്ചാളഹോ
പറ്റേ വിളര്‍ത്തൊരക്കാലവര്‍ഷാംഗന,

പോന്നുവന്നാരേ ചുരന്ന മുലയുമായ്‌
പ്പൂര്‍വാംബുരാശിയെപ്പെറ്റൊരിമ്മങ്കമാര്‍!
ഭാഗ്യം കെടില്ലൊരു നാട്ടിനു, മുണ്ടയല്‍
പക്കങ്ങളെങ്കില്‍സ്സഹകരിച്ചീടുവാന്‍.

ഇന്നെന്തഴകീക്കറുമ്പിക്കിടാത്തികള്‍
ക്കെന്റെ നാട്ടാരുടെ കണ്ണിലെന്നോ, രസം!
ഇന്നിവര്‍ പേശും തമിഴ്‌ തമിഴല്ലതാ
നിന്നിവര്‍ പാടുന്ന പാട്ടേ മനോഹരം.

കെട്ടിപ്പുണരുവാന്‍ കൈനീട്ടി നില്‍ക്കയാം
കേരമനോഹരകേരളത്തോപ്പുകള്‍!
ഞാനോര്‍ത്തുപോകയാ,ണിമ്മലനാടതി
ദൂനസ്ഥിതിയിലകപ്പെട്ട നാള്‍കളില്‍
ഇങ്ങോടിയെത്തിത്തുണയ്ക്കുവാന്‍ നിന്നവര്‍
മുങ്ങിക്കുളിക്കാത്ത കോംഗ്ങ്ങരാണെപ്പൊഴും.
വാളയാറപ്പുറമെത്തുന്നതിന്‍ മുമ്പു
കൂലി കൊടുത്തു നാം'സംസ്കാരമറ്റവര്‍!'
നൂനം മഹോന്നതം തന്നേ മലനാടു
മാനിച്ചുയര്‍ത്തിപ്പിടിക്കുന്ന മേന്മകള്‍.
ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍!

മാളികവീട്ടിലെയാളുകള്‍ക്കിന്നലെ
ത്താളമുരജമടിച്ചുകേള്‍പ്പിക്കുവാന്‍,
ചെറ്റക്കുടിലിലെദ്ദമ്പതിമാര്‍കളെ
മുറ്റും മുഴുകെത്തഴുകിച്ചുറക്കുവാന്‍,
തെങ്ങിന്റെ പച്ചക്കുരല്‍കളില്‍പ്പുത്തനാം
തിങ്കള്‍ക്കലകളുദിപ്പിയ്ക്കുവാനുമേ.
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്ത ചെട്ടിച്ചികള്‍.

നന്ദി പറയുന്നു നിങ്ങള്‍ക്കു നീലച്ച
സുന്ദരിമാരേ, വിധേയമിക്കേരളം.
എത്തുമല്ലോ നിങ്ങള്‍ വീണ്ടുമിത്തീരത്തി
ലേറെദ്ദിനങ്ങള്‍ കഴിവതിന്‍മുമ്പുതാന്‍:
നിങ്ങള്‍തന്‍ പാലുണ്ട പുന്നെല്ലു കൊയ്തെടു
ത്തെങ്ങള്‍ പത്തായം നിറച്ചു വാഴുന്ന നാള്‍,
മഞ്ഞില്‍ വിടര്‍ന്ന നിലാവു ചൂടിക്കൊണ്ടു
മഞ്ജുനിശകളിങ്ങൂയലാടുന്ന നാള്‍,
മാണ്‍പെഴുമാണ്‍കുയില്‍ കുകിത്തളരവേ
മാമ്പൂ വിടര്‍ന്ന മണം ചൊരിയുന്ന നാള്‍,
കുപ്പിവളകളും ചാന്തുസിന്ദൂരവും
ചീര്‍പ്പുകണ്ണാടിയും മട്ടിപ്പശയുമായ്‌
മങ്കമാരേ, നിങ്ങള്‍ വീടുകള്‍തോറുമേ
മംഗല്യവാണിഭം കൊണ്ടുനടക്കവേ,
എന്തൊരു പാപപരിഹരണാര്‍ത്ഥമോ
ചിന്തു പാടിപ്പാടിയൂരുചുറ്റീടവേ
കാണാ,മറിയുമേ കണ്ടാല്‍; മറക്കാത്ത
താണക്കറുത്ത മുഖങ്ങളൊരിക്കലും

Valayil veena kilikal - Anil Panachooran

വലയില്‍ വീണ കിളികള്‍
അനില്‍ പനച്ചൂരാന്‍

വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാംവഴിവിളക്ക്‌ കണ്ണു ചിമ്മുമീവഴിയിലെന്ത് നമ്മള്‍ പാടണംവലയില്‍ വീണ കിളികളാണ് നാംചിറകൊടിഞ്ഞൊരിണകളാണ് നാംവഴിവിളക്ക്‌ കണ്ണു ചിമ്മുമീവഴിയിലെന്ത് നമ്മള്‍ പാടണം
വെയിലെരിഞ്ഞ വയലിലന്നു നാംകൊയ്ത്ത്‌ പാട്ട് കേട്ട് പാറവേവെയിലെരിഞ്ഞ വയലിലന്നു നാംകൊയ്ത്ത്‌ പാട്ട് കേട്ട് പാറവേഞാനൊടിച്ച കതിര് പങ്കിടാംകൂടണഞ്ഞ പെണ്കിടവ് നീഞാനൊടിച്ച കതിര് പങ്കിടാംകൂടണഞ്ഞ പെണ്കിടവ് നീ
വേടനിട്ട കെണിയില്‍ വീണു നാംവേര്‍പെടുന്നു നമ്മളേകരായ്കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍പൊണ്‍ കിനാക്കള്‍ ഇനി വിരിയുമോകൂട്ടിലന്ന് പങ്കുവെച്ചൊരാള്‍പൊണ്‍ കിനാക്കള്‍ ഇനി വിരിയുമോ
ചാഞ്ഞ കൊമ്പിലന്ന് ശാരികെഊഞ്ഞലാടി പാട്ട് പാടി നീചാഞ്ഞ കൊമ്പിലന്ന് ശാരികെഊഞ്ഞലാടി പാട്ട് പാടി നീനിന്‍റെ ചിറകിന്‍ ചൂട് തേടി ഞാന്‍ചിറകടിച്ച ചകിത കാമുകന്‍നിന്‍റെ ചിറകിന്‍ ചൂട് തേടി ഞാന്‍ചിറകടിച്ച ചകിത കാമുകന്‍
വാണിപ ചരക്ക് നമ്മളീതെരുവില്‍ നമ്മള്‍ വഴിപിരീയുവോര്‍വാണിപ ചരക്ക് നമ്മളീതെരുവില്‍ നമ്മള്‍ വഴിപിരീയുവോര്‍വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീവേദനിച്ചു ചിറകൊടിക്കലാവേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീവേദനിച്ചു ചിറകൊടിക്കലാ
നിന്നെ വാങ്ങും എതോരുവനുംധന്യനാകും എന്റെ ഓമനേനിന്നെ വാങ്ങും എതോരുവനുംധന്യനാകും എന്റെ ഓമനേഎന്റെ കൂട്ടില്‍ എന്നും ഏകാനായ്നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍എന്റെ കൂട്ടില്‍ എന്നും ഏകാനായ്നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍
എന്നും എന്നും എന്‍റെ നെഞ്ചകംകൊഞ്ചും മൊഴിയില്‍ നിന്നെ ഓര്‍ത്തിടുംഎന്നും എന്നും എന്‍റെ നെഞ്ചകംകൊഞ്ചും മൊഴിയില്‍ നിന്നെ ഓര്‍ത്തിടുംവില പറഞ്ഞു വാങ്ങിടുന്നിതാഎന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാവില പറഞ്ഞു വാങ്ങിടുന്നിതാഎന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ
തലയറഞ്ഞു ചത്ത്‌ ഞാന്‍ വരുംനിന്‍റെ പാട്ടു കേള്‍ക്കുവനുയിര്‍തലയറഞ്ഞു ചത്ത്‌ ഞാന്‍ വരുംനിന്‍റെ പാട്ടു കേള്‍ക്കുവനുയിര്‍കൂട് വിട്ടു കൂട് പായുമെന്‍മോഹം ആര് കൂട്ടിലാക്കിടുംകൂട് വിട്ടു കൂട് പായുമെന്‍മോഹം ആര് കൂട്ടിലാക്കിടും
വലയില്‍ വീണ കിളികളാണ് നാംചിറകൊടിഞ്ഞൊരിണകളാണ് നാംവഴിവിളക്ക്‌ കണ്ണു ചിമ്മുമീവഴിയിലെന്ത് നമ്മള്‍ പാടണംവലയില്‍ വീണ കിളികളാണ് നാംചിറകൊടിഞ്ഞൊരിണകളാണ് നാംവഴിവിളക്ക്‌ കണ്ണു ചിമ്മുമീവഴിയിലെന്ത് നമ്മള്‍ പാടണംഈ വഴിലെന്ത് നമ്മള്‍ പാടണംഈ വഴിലെന്ത് നമ്മള്‍ പാടണം

Tuesday, 23 September 2014

Mambazham - Vailoppilli Sreedhara Menon

മാമ്പഴം
വൈലോപ്പിള്ളി

അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലുമാസത്തിന്‍ മുന്‍പില്‍ ഏറെനാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോല്‍
അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോള്‍ ഉണ്ണികള്‍ വിരിഞ്ഞ-
പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിന്‍ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണ് കണ്ണുനീര്‍ത്തടാകമായ്
മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നവന്‍
മാണ്‍പെഴും മലര്‍ക്കുലയെറിഞ്ഞൂ വെറും മണ്ണില്‍
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍
തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക
ക്കിങ്ങിണി സൗഗന്ധിക സ്വര്‍ണ്ണമായ് തീരും മുന്‍പേ
മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ട് പരലോകത്തെ പൂകി.
വാനവര്‍ക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസാ ലീനനായ് അവന്‍ വാഴ്‌കെ
അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
തന്മകനമൃതേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം
മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ
അയല്‍പക്കത്തെ കൊച്ചുകുട്ടികള്‍ ഉല്‍സാഹത്തോ-
ടവര്‍തന്‍ മാവിന്‍ചോട്ടില്‍ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ
മുതിരും കോലാഹലമങ്കലധ്വാനത്തോടും
വാസന്തമഹോത്സവമാണവര്‍ക്കെന്നാല്‍
അവള്‍ക്കാ ഹന്ത! കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം
പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ട് തന്‍
ദുരിതഫലം പോലുള്ളപ്പഴമെടുത്തവള്‍
തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാള്‍
ഉണ്ണിക്കൈക്കെടുക്കുവാന്‍ ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീ മാമ്പഴം; ാസ്തവമറിയാതെ
നീരസം ഭാവിച്ച് നീ പോയിതെങ്കിലും
കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ
പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ
വരിക കണ്ണാല്‍ കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ
തരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ
ഒരു തൈകുളിര്‍കാറ്റായരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിന്‍ പ്രാണന്‍ അമ്മയെ ആശ്ലേഷിച്ചു

Nattunadappu - C V P Namboodiri

നാട്ടുനടപ്പ്
-------------------
ഇതാണുവിധി,
ടാക്സിഡ്രൈവര്‍ക്ക്.
അറിയാത്തവരൊത്തു
യാത്രപോവുക,
അജ്ഞാത ഇടങ്ങളില്‍
കാത്തു കാത്തു കിടക്കുക .
ഇന്നത്തെ യാത്ര എത്തിച്ചതിവിടെയാണ്
ഒരിരുണ്ട ഭൂഖണ്ഡത്തില്‍
യാത്രയിലുടനീളം പിന്‍സീറ്റില്‍ നിന്നു കേട്ടു,
ഒരു പെണ്ണിന്‍റെ ചിരി
നിലാവുപോലെ നനുത്ത്.
ഒരാണിന്‍റെ സ്വരം,
നാട്ടുവെയില്‍ പോലെ മഞ്ഞച്ച്.
വണ്ടി നിറയെ തൈലങ്ങളുടെ സുഗന്ധം.
അവര്‍ ദമ്പതികളാവാം
അല്ലെങ്കില്‍ പിന്നെ?
അങ്ങിനെയുള്ള ചോദ്യങ്ങള്‍
ടാക്സി ഡ്രൈവറുടെ നിഘണ്ടുവിലില്ല.
അവര്‍ തിരിച്ചെത്തും വരെ
കാത്തുകിടക്കുക ;അത്രമാത്രം.
ചിലപ്പോള്‍ തോന്നും,ഞാനൊരു
പൗരാണികനായ കാളവണ്ടിക്കാരനാണെന്ന്,
മുസ്സിരീസ്സിലെ ചന്തയിലേക്കാണു
യാത്രയെന്ന്.
ചിലപ്പോള്‍ തോന്നും
പാടലീപുത്രത്തിലെ
കുതിരവണ്ടിക്കാരനാണെന്ന്.
ചിലപ്പോള്‍ തോന്നും
പടക്കപ്പലിന്‍റെ കപ്പിത്താനാണെന്ന്.
ഞാന്‍ കണ്ടിട്ടുണ്ട്
കൃഷ്ണനെ ,ദുശ്ശാസനനെ ,ശിഖണ്ഡിയെ
പാഞ്ചാലിയെ,വാസവദത്തയെ,
കൃസ്തുവിനെ,
മറിയയെ,
യൂദാസിനെ .
കാത്തിരിപ്പിനിടയില്‍ കാറ്റിനോടും
തുമ്പികളോടും ഞാനെന്‍റെ കഥ പറയും,
മൂളിപ്പാട്ടുപാടും,
കുഞ്ഞുങ്ങള്‍ക്ക് കുരുത്തോലകൊണ്ട്
താരാട്ടുണ്ടാക്കും,
മുക്കുറ്റിപ്പൂകൊണ്ട്
അവള്‍ക്കൊരു മാല കൊരുക്കും .
പിന്‍വാതില്‍ തുറക്കുന്നു,
പോയവര്‍ തിരിച്ചെത്തിയിരിക്കുന്നു.
പിന്‍വാതില്‍ അടയുന്നു,
എന്‍റെ പഴയ ടാക്സി
ഒരു കടല്‍ജീവിയെപ്പോലെ
ഞരങ്ങാന്‍ തുടങ്ങുന്നു .
പിന്‍സീറ്റില്‍ നിന്നു കേള്‍ക്കാം,
ഒരു പെണ്ണിന്‍റെ വിതുമ്പല്‍
മഴവില്ലു ചിതറും പോലെ.
ഒരാണിന്‍റെ മുരള്‍ച്ച ,
കാട്ടുമൃഗത്തിന്റേതുപോലെ.
വണ്ടി നിറയെ ചോരയുടെ മണം.
ടാക്സി ഇപ്പോള്‍ തീപിടിച്ച
ഒരാത്മാവ്.
തിരിഞ്ഞു നോക്കരുത്,
അതാകുന്നു നാട്ടുനടപ്പ് .

Pirakkatha makanu - Balachandran Chullikkad

പിറക്കാത്ത മകന്
ബാലചന്ദ്രന്‍ ചുള്ളിക്കാട്

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്ക്കു മ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.
പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്ക്കു ന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?
അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്ഭുത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ
ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്മനത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്ത്തു റുങ്കുകള്‍.
മുള്ക്കു രിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്ക്കു ന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.
ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്ത്ഥ പൂര്ണ്ണുനായ്‌, കാണുവാ-
നാര്ക്കു മാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്ക്കപതീതനായ്‌

Thursday, 11 September 2014

Thiruvonam - Vijayalakshmi

തിരുവോണം
..............വിജയലക്ഷ്മി

ഗ്രാമസൌഭാഗ്യങ്ങളില്‍ നിന്നുമജ്ഞാതo വന--
ശ്രേണിപോല്‍ നിഗൂഢമാം നഗരം പൂകുന്നേരം
കാട്ടുതൃത്താവിന്‍ രൂക്ഷഗന്ധവും കണക്കറ്റു
പൂത്ത പാല തന്‍ മദഗന്ധവും ദൂരെപ്പോകെ,
നിര്ഗ്ഗന്ധപുഷ്പങ്ങള്‍ തന്‍ നഗരോദ്യാനം; തങ്ങള്‍--
ക്കെത്താത്തസ്വര്ണ്ണുപ്പുള്ളിമാനിനെപ്പിടിക്കുവാന്‍
എത്തുവോര്‍ വിധേയരോടൊത്തു നാരിമാര്‍, ദീപ
മുഗ്ദ്ധ ശോഭയാല്‍ത്തങ്കം പൂശിയോരലംകൃത ര്‍,
അര്‍ത്ഥകാമങ്ങള്‍ തീര്‍ത്ത വാതകക്കൊലക്കളം
സ്വേച്ഛയാ വരിച്ചോരാമവര്‍ തന്‍ മദ്ധ്യേ വീണ്ടും,
ഓണമേന്നൊരോമനപ്പേരിലുല്‍സവച്ചായം
മോടിയേറ്റുമീ മരക്കുതിര, അചേതനം
ചാടിലെത്തുന്നൂ, മഹാപ്രാകാരമതിന്മു്ന്നി--
ലാളുകള്‍ സാഹ്ലാദരായ് മലര്ക്കെ ത്തുറക്കുന്നു.
അറിവീലതിന്നുള്ളില്ച്ചു രുളും നാശം, ചുറ്റു--
മമിതാഹ്ലാദാരവസാഗരമലയ്ക്കുമ്പോള്‍.
നാലുനാള്‍ വാരിക്കോരിത്തൂവിയ വെളിച്ചത്തിന്‍
പാലൊളി വരുംകാലത്തിരുളായ് മാറിപ്പോകെ,
നഗരം പരാജിതം, സര്വ്വസമ്പത്തും കപ്പല്‍--
പ്പട നേടുന്നൂ, പരദേശികള്‍ മുന്നെപ്പോലെ.
ഗ്രാമസൌഭാഗ്യങ്ങളില്‍ക്കുളിച്ചെത്തുമ്പോള്‍, മെയ്യി--
ലാകെയഭൃoഗം പൂണ്ടു നില്ക്കുകയല്ലോ, കടല്‍--
രാജധാനിയും പുരം ചൂഴുമൈശ്വര്യങ്ങളും.
കായലെന്തോതീ? മേലേ പാറുമുല്‍സവക്കൊടി--
ക്കൂറയാല്‍ നാകം മണ്ണില്‍ത്താണിറങ്ങുമെന്നാണോ?
മരണം മറക്കുവാന്‍ മ ണ്‍മറഞ്ഞവര്‍തന്ന
മധുവാണെന്നോ? പണ്ട് പണ്ടാണു, വിദൂരമ--
പ്പൂര്വ്വസന്ധ്യകള്‍; ശുദ്ധ ഗോമയം വൃത്താകാരം
ഭൂമിദേവിതന്‍ ചാന്തുപൊട്ടുപോലുരുക്കിയും
ഭൂരിപുഷ്പങ്ങള്‍ തുമ്പക്കുടത്തിന്‍ ചുറ്റും വച്ചും
ഏഴതന്‍ മുറ്റം തമ്പുരാന്റെ്തെന്നൂറ്റംകൊണ്ടു.
കുടിലില്‍, ലക്ഷ്മീദേവിതന്നെയാണെഴുന്നള്ള--
ത്തസുരാധിപന്നന്നേയ്ക്കൊക്കേയുമൊരുക്കീടാന്‍.
തോറ്റുപോയല്ലോ ദേവലോകമാ മഹാത്മാവെ--
യോര്ത്തമാനുഷര്‍ ശ്രാദ്ധശുദ്ധിയാല്‍ ശ്രീയേന്തുമ്പോ ള്‍.
തെളിവാര്ന്നൊ രാത്തൃപ്ത നയനങ്ങളെ,ങ്ങിങ്ങു--
തെരുവില്‍ മാരീചനെത്തിരയേ? കണ്ടെത്താതെ
ഭവനാന്തികേതിരിച്ചെത്തി, വെണ്പിറാക്കള്തന്‍
കുറുകല്‍ കേട്ടുച്ചത ന്‍ മഹസ്സില്‍ മയങ്ങുമ്പോള്‍
വെയില്ചായുമ്പോ,ഴിളംതിണ്ണമേല്സ്സാ യംകാലം
നുകരാനിരിക്കുമ്പോള്ക്കാണുക, വിശ്രാന്തിതന്‍
ദിനമായ് മഹത്വത്തിന്‍ രക്തസാക്ഷ്യമായ് മുന്നില്‍
വിനയാന്വിതം വന്നു നില്പതേ തിരുവോണം! 

Pookkalam - Kumaranasan

പൂക്കാലം
എൻ. കുമാരനാശാൻ

പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി,
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം;
വായ്ക്കുന്നു വേലിക്കു വർണ്ണങ്ങൾ, പൂവാൽ
ചോക്കുന്നു കാടന്തിമേഘങ്ങൾപോലെ.
എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു;
ഉല്ലാസമീ നീണ്ട കൂകൂരവത്താ-
ലെല്ലാർക്കുമേകുന്നിതേ കോകിലങ്ങൾ.
കാണുന്നിതാ രാവിലേ പൂവു തേടി
ക്ഷീണത്വമോരാത്ത തേനീച്ച കാട്ടിൽ
പോണേറെയുത്സാഹമുൾക്കൊണ്ടിവയ്ക്കെ-
ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം?
പാടങ്ങൾ പൊന്നിൻ‌നിറം‌പൂണ്ടു, നീളെ-
പ്പാടിപ്പറന്നെത്തിയീത്തത്തയെല്ലാം
കേടറ്റ നെല്ലിൻ കതിർക്കാമ്പുകൊത്തി-
ക്കൂടാർന്ന ദിക്കോർത്തു പോകുന്നു വാനിൽ.
ചന്തം ധരയ്ക്കേറെയായ് ശീതവും പോ,-
യന്തിക്കു പൂങ്കാവിലാളേറെയായി;
സന്തോഷമേറുന്നു, ദേവാലയത്തിൽ
പൊന്തുന്നു വാദ്യങ്ങൾ—വന്നൂ വസന്തം!
നാകത്തിൽനിന്നോമനേ, നിന്നെ വിട്ടീ
ലോകത്തിനാനന്ദമേകുന്നിതീശൻ
ഈ കൊല്ലമീ നിന്‍റെ പാദം തൊഴാം ഞാൻ
പോകൊല്ല പോകൊല്ല പൂക്കാലമേ നീ!
ചിന്തിച്ചിളങ്കാറ്റുതൻ നിസ്വനത്താ-
ലെന്തോന്നുരയ്ക്കുന്നു നീ?—ഞാനറിഞ്ഞു,
"എന്താതനാം ദേവനോതുന്നതേ ഞാ-
നെന്താകിലും ചെയ്യു"വെന്നല്ലയല്ലീ?

Wednesday, 10 September 2014

Onamunnan vannavar - P Bhaskaran

ഓണമുണ്ണാന്‍ വന്നവര്‍
...............പി. ഭാസ്കരന്‍

മറുകടലും മാമലയും മരുഭൂവും താണ്ടി
തിരുവോണമുണ്ണുവാനെത്തിയോര്‍ഞങ്ങള്‍!
ഉരുകുന്ന വെയിലിന്‍റെസ്വര്‍ണ്ണവും മണ്ണി ല്‍
ഉറവിടുമിന്ധനധൂമവും കൂടി
മിഴിമുമ്പില്‍ നിര്‍മ്മിച്ച വ്യാമോഹമാകും
മൃഗതൃഷ്ണതന്മാറില്‍ നിദ്രാവിഹീനം
ദിവസവും മാസവും വര്‍ഷവുമെണ്ണി
മരവിച്ചിരിക്കുമ്പോളൊരു വിളി കേട്ടു.
അറബിക്കടലിന്‍റെയട്ടഹാസത്തെ--
യതിലംഘിച്ചെത്തുന്ന പൂവിളി കേട്ടൂ.
മലയാള, മീറനാo പൂന്തുകില്‍ മാറ്റി
മലരണിക്കാടിനാല്‍ കോടിയും ചുറ്റി
തിരുവോണമുണ്ണുവാനൂട്ടുവാനായി
കറി നാലും വെക്കുന്ന ഗന്ധവുമോര്‍ത്തു......
മറുകടലും മാമലയും മരുഭൂവും താണ്ടി
മാബലിയെ വരവേല്‍ക്കാനെത്തിയോര്‍ ഞങ്ങള്‍.
പുലരിയില്‍ മുറ്റത്തിന്‍ നെറ്റിയില്‍ക്കുഞ്ഞുങ്ങള്‍
പൂക്കളം കൊണ്ടു കുറി വരയ്ക്കുമ്പോള്‍
മണിമന്ദിരത്തിലും മണ്‍‌‌കുടില്‍തന്നിലും
മാബലിയെക്കാണുവാനെത്തിയോര്‍ ഞങ്ങള്‍!
2
ഒരു മൃഗതൃഷ്ണവിട്ടീ ജന്മഭൂവില്‍
അന്യമാം മായാമരീചിക തന്നില്‍
ഒരു ദിനം വന്നെത്തീ സ്വപ്നത്തിന്‍ ഭാണ്ഡത്തില്‍--
ക്കരുതിയ സമ്പാദ്യം ചുങ്കത്തില്‍ നല്കി.
മലര്‍ വിളിയില്ല, മലര്‍ക്കളമില്ല,
മക്കള്‍തന്‍ ആഘോഷമേളനമില്ല,
മലനാടുമങ്കമാര്‍ കൈകൊട്ടിപ്പാടീ
മാബലിസ്മരണ പുതുക്കലുമില്ല.
കണ്‍കളില്‍ക്കത്തുന്നൊരധികാരദാഹം
കൈകളില്‍ക്കോഴതന്‍ ചളിയടയാളം
കക്ഷിപ്പകയുടെ കത്തികളൂരി--
ക്കുത്തുന്നു ചീറ്റുന്നു വാമനവര്‍ഗ്ഗം!
നവകേരളത്തിലെ പൈതങ്ങള്‍ കൂടയില്‍
മലരല്ല വാരി നിറപ്പതിക്കാലം.
ജനജീവിതത്തിന്‍റെ നെറ്റിക്കെറിയാന്‍
കവിണയും കല്ലുമവര്‍ ശേഖരിപ്പൂ!
അവരെയീ വിദ്യ പഠിപ്പിച്ച വാമനര്‍
കവലയില്‍ക്കെട്ടിയ വേദിയിലേറി
പുതിയ പുലിക്കളിയാടി, യലറി--
പ്പൊരുതുന്നു പൊന്നോണനാളിതില്‍ക്കൂടി.

Saturday, 30 August 2014

Ormakalude onam - Balachandran Chullikkad

ഓര്‍മ്മകളുടെ ഓണം 
– ബാലചന്ദ്രന്‍ ചുള്ളിക്കാട്

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്‍റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്കു്ട്ടിയെ,
ഉള്ളില്ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്‍റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കുതന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ ‘ണ്ടെന്നെ രക്ഷിക്കണേ’
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.

Rogam - Sachidanandan

രോഗം
കെ സച്ചിദാനന്ദന്‍

ഞാന്‍ എന്‍റെ രോഗവും ചുമന്ന്
അനേകം വൈദ്യന്മാരെ കണ്ടു
ഒരാള്‍ക്കും അതിനു പേരിടാനായില്ല .
ഒന്നാമന്‍ പറഞ്ഞു :
'തകരാറ് ഹൃദയത്തിനാണ്
സ്നേഹം ലഭിക്കാത്തതാണു കാരണം.
സ്നേഹം ധാരാളമുള്ള പച്ചക്കറികള്‍ കഴിക്കണം '
രണ്ടാമന്‍ പറഞ്ഞു :
' തകരാറ് തലച്ചോറിനാണ്
ഓര്‍മ്മക്കുറവാണു കാരണം.
ഓര്‍മ്മ ധാരാളമുള്ള മൃഗങ്ങളുടെ
സൂപ്പുകള്‍ കഴിക്കണം '
മൂന്നാമന്‍ പറഞ്ഞു:
'തകരാറ് ഉദരത്തിനാണ്
അഗ്നിമാന്ദ്യമാണു കാരണം.
അഗ്നി ധാരാളമുള്ള വാക്കുകള്‍ കഴിക്കണം'
ഞാന്‍ എല്ലാം ചെയ്തുനോക്കി.
രോഗം വര്‍ദ്ധിച്ചതേയുള്ളൂ.
ലക്ഷണങ്ങള്‍ കേട്ട അഷ്ടവൈദ്യന്‍ പറഞ്ഞു:
' ഇതെല്ലം ജീവിതത്തിന്‍റെ ലക്ഷണങ്ങളാണ്
രോഗി ജീവിച്ചിരിക്കുന്നു '
ലക്ഷണങ്ങള്‍ കേട്ട അപ്പോത്തിക്കരി പറഞ്ഞു:
' ഇതെല്ലാം മരണത്തിന്‍റെ ലക്ഷണങ്ങളാണ്
രോഗിയെ മറവു ചെയ്യാം '
ഇപ്പോള്‍
സൂര്യനുദിക്കുമ്പോള്‍ ഞാന്‍ മരിക്കുന്നു
തണുത്ത ഉടലും നിലച്ച ഹൃദയവുമായി
ഞാന്‍ നരകത്തിന്‍റെ തെരുവുകളിലൂടെ
നടക്കുകയും സ്വര്‍ഗ്ഗത്തിന്‍റെ ഭാഷ
സംസാരിക്കുകയും ചെയ്യുന്നു,
ചന്ദ്രനുദിക്കുമ്പോള്‍ ഞാന്‍ ജീവിക്കുന്നു
ഊഷ്മളമായ ഉത്കണ്ഠകളും
സ്പന്ദിക്കുന്ന സ്വപ്നങ്ങളുമായി
ഞാന്‍ ഭൂമിയിലൂടെ നടക്കുന്നു ;
യുവാക്കളുടെ ചോര തേടി,
എനിക്കു ജീവിക്കാവുന്ന
പകയില്ലാത്ത ഒരു പകലുണ്ടാക്കാന്‍
ഏവര്‍ക്കും ജീവിക്കാവുന്ന
രോഗമില്ലാത്ത ഒരു ഭൂമിയുണ്ടാക്കാന്‍

Onathinoru pattu - Vijayalakshmi

ഓണത്തിനൊരു പാട്ട്
............. വിജയലക്ഷ്മി

പുന്നെല്‍ക്കതിര്‍ക്കുലയെങ്ങെന്ന്
പിന്നെയും കാക്കപ്പൂ ചോദിച്ചു
എല്ലാം കരിഞ്ഞു കഴിഞ്ഞെന്ന്
കണ്ണീരില്‍ ചിറ്റാട മന്ത്രിച്ചു.
മാവേലിയില്ല നിലാവില്ല
പാടവരമ്പില്‍ തിരക്കില്ല
ഓണമിന്നാരുടേതാണെന്ന്
വീണയും പുള്ളോനും ചോദിച്ചു.
വ്യാപാരമേളയിലാളുണ്ട്
വാടാത്ത പ്ലാസ്റ്റിക്ക്‌ പൂവുണ്ട്
നാടും നഗരവുമങ്ങുണ്ട്
കോരനോ,കുമ്പിളു കൂട്ടുണ്ട്.
പൂക്കളം മത്സരമാവുമ്പോള്‍
ആര്ക്കു വിധിക്കണം സമ്മാനം?
പാടത്ത് തീവച്ചു ചത്തോന്‍റെ
നേരൊത്ത ചിത്രം വരച്ചോര്‍ക്ക്‌.

Saturday, 23 August 2014

Prayam - Vijayalakshmi

പ്രായം
വിജയലക്ഷ്മി

ഒട്ടുമുറങ്ങാത്ത രാവിലൊന്നിൽ, മര –
ക്കട്ടിലിൽ, ചാരത്തിരിക്കുന്ന കൂരിരുൾ
പെട്ടെന്നു മൌനം വെടിഞ്ഞു,
“ നാമെത്രയായ്
തൊട്ടു നടപ്പൂ , പ്രിയപ്പെട്ട കൂട്ടുകാർ !
ഇത്രയും നാളായൊരിക്കലും തോന്നീല
കൃത്യമായുള്ള വയസ്സു ചോദിക്കുവാൻ.
എത്രയുണ്ടാവും ? ”
കടന്ന വർഷങ്ങൾ തൻ
കയ്പളക്കാനോ ? കടുപ്പമാണെങ്കിലും
ഉറ്റുനോക്കുന്ന കറുപ്പിനോടിങ്ങനെ
ശബ്ദമടക്കിപ്പറഞ്ഞു : “ മുന്നൂ,റൊരു
വർഷത്തിലാറു വയസ്സെന്ന തോതിലേ
വൃദ്ധയായ് , ഞാനുമറിഞ്ഞില്ലിതേവരെ.
യുദ്ധമുണ്ടായിരുന്നില്ല, പ്രളയമോ
വിട്ടുമാറാത്ത പേമാരിയോ വേനലോ
കഷ്ടപ്പെടുത്തീല, കൂട്ടുകാരായില്ല
നഷ്ടങ്ങളാടിപ്പകർന്ന രോഗങ്ങളും.
ഒക്കെയുമുള്ളിൽ – വിമൂകയാം ഭൂമിതൻ
ദു:ഖസഞ്ചാരത്തിലെങ്ങുള്ളു വിശ്രമം?
പച്ചിലക്കാടുദഹിപ്പിച്ചുമുന്നേറു-
മുഗ്രസംഹാരത്തിലെങ്ങുള്ളു സാന്ത്വനം?
അശ്രുപൂണ്ടോരോ ദിനാന്ത്യത്തിലുംകണ്ട-
തസ്തമയച്ചോര ചിന്തുന്ന സൂര്യനെ.
ഉച്ചസ്ഥനായെത്ര നിൽക്കിലും വൈകാതെ
പ്രത്യക്ഷമാകും മരണകാലത്തിനെ,
കാണുവാനാകാത്തൊരാക്കൊലയാളിതൻ
പേരുച്ചരിക്കുവാനെത്താത്ത സാക്ഷിയെ .
കല്ലെറിയാത്ത കാരുണ്യവായ്പിൻ മുഖം
കണ്ടുകണ്ടെല്ലാമകന്നുപോയീടിലും,
പാദാന്തികത്തിൽ സുഗന്ധലേപത്തിന്റെ
ഭാജനം സർവ്വം മറന്നു ചാഞ്ഞീടിലും,
കല്ലറവാതിലിൽ ക്കണ്ണിന്റെ മൂടലിൽ
മിന്നലായ് വന്നുയിർത്തേറ്റൊരാൾ പോകിലും,
അന്ധകാരം വന്നു ചോദിച്ചുനിൽക്കുകിൽ
ച്ചൊല്ലുവനാർദ്രമായത്ര നിശ്ശബ്ദമായ് ,
ഉറ്റുനോക്കുന്ന നിതാന്തസ്നേഹത്തോടൊ-
രുത്തരം: നേരാണെനിക്കു മുന്നൂറാണു
കൃത്യമായുള്ള വയസ്സു, വർഷങ്ങൾ തൻ
കയ്പളന്നല്ലോ! കടുപ്പമാണെങ്കിലും.
വാളുകൾ വായ്ത്തല മിന്നി, തിളങ്ങുന്ന
പ്രാവുകളെപ്പോൽ പ്പറന്നുപോകും വഴി
തപ്പിത്തടഞ്ഞേ നടക്കയാൽ, ഈ വിധം
വൃദ്ധയായ്, ഞാനതറിഞ്ഞില്ലിതേവരെ!

Friday, 22 August 2014

Pazhu - C V P Namboodiri

പാഴ്
സി വി പി
------

പഴയ വസ്തുക്കള്‍ വാങ്ങുവാന്‍ വന്നയാള്‍
കവിത കുത്തിത്തിരുകിയ ചാക്കുമായ്
പടിയിറങ്ങുമ്പൊഴെന്‍റെ കൈവെള്ളയില്‍
കനലെരിയുന്ന നാണയച്ചീളുകള്‍
ഒളിവിലാരെയോ
ഒറ്റിക്കൊടുത്തപോല്‍
ഒടുവിലേക്കടം
വീട്ടിക്കഴിഞ്ഞപോല്‍...
ലിപികളില്ലാത്ത ഭാഷയിലായിരം
കനവു പാടിപ്പകര്‍ന്ന രാപ്പക്ഷിയെ
തകരവാതില്‍ തുറന്നെന്നെയുംകൊണ്ടു
കടലുകാണാന്‍ പുറപ്പെട്ട കാറ്റിനെ
പകലിടിഞ്ഞസ്തമിക്കുമ്പൊഴോക്കെയും
തിരികെ മാടിവിളിച്ച കണ്‍മുദ്രയെ
ചിലതു കൂട്ടിവായിക്കുവാന്‍ മാത്രമായ്
മഷി ചുരത്തിയ ചില്ലക്ഷരങ്ങളെ
നിശയൊഴിച്ചിട്ട വീഞ്ഞുപാത്രങ്ങളെ
സിരകളില്‍ പെയ്തു തോര്‍ന്ന ശബ്ദങ്ങളെ
ചുമലിലേറ്റി മറയുകയാണയാള്‍
പഴയ വസ്തുക്കള്‍ വാങ്ങുവാന്‍ വന്നവന്‍
ഇനി പുതിയതാണൊക്കെയുമെന്നൊരു
മൊഴി
തളിരിലയായ്
മഴച്ചാറ്റലായ്

Kakkakal - Sachidanandan

കാക്കകള്‍
സച്ചിദാനന്ദന്‍

ഒന്ന്
കുട്ടിക്കാലത്ത് കാക്കകള്‍ക്ക്
മരിച്ചവരുടെ മുഖച്ഛായയായിരുന്നു.
ബലിയിട്ട് അമ്മ കൈ കൊട്ടുന്നതും കാത്ത്
മരണംകൊണ്ടു ക്ഷീണിച്ച മുഖങ്ങളുമായി
അവര്‍ മുറ്റത്തെ പുളിമാവിന്‍കൊമ്പിലിരുന്നു.
സ്വര്‍ഗ്ഗം വളരെ ദൂരെയായിരുന്നു ,
ദൈവം നിശ്ശബ്ദനും.
ബലിച്ചോറുണ്ടു തിരികെപ്പറക്കുമ്പോള്‍
അമ്മൂമ്മ മുത്തച്ഛനോടു പറഞ്ഞു:
'മരിച്ചിട്ടും മനുഷ്യരുടെ ആശ്രിതരായി
കഴിയേണ്ടിവരിക
എത്ര ഭീകരമാണ് ! '
രണ്ട്
വലുതായതോടെ കാക്കകള്‍ക്ക്
തത്ത്വചിന്തകരുടെ മുഖച്ഛായ കൈവന്നു.
പകല്‍ മുഴുവന്‍ അവര്‍
സ്വാതന്ത്ര്യത്തിന്‍റെ ഉത്കണ്ഠയെക്കുറിച്ചു സംസാരിച്ചു.
രാത്രി മനുഷ്യസാദ്ധ്യതകളുടെ അതിര്‍ത്തിയായ
മരണത്തെക്കുറിച്ചോര്‍മ്മിപ്പിച്ചു.
എന്‍റെ തലമുറയുടെ കൗമാരം
അങ്ങനെ നിദ്രാരഹിതമായി.
ശൂന്യതയുടെ വിരലടയാളംപോലും
ഞങ്ങള്‍ക്കു നാട്ടുവഴികള്‍പോലെ
പരിചിതമായിരുന്നു.
മരണത്തെ ഞങ്ങള്‍ ഗ്രാമത്തിനു കാവലായ
കായലിനെയെന്നപോലെ തൊട്ടു.
ചിലര്‍ നനഞ്ഞ കൈത്തണ്ടകളില്‍ല്‍നിന്ന്
വാച്ചുകളൂരിയെറിഞ്ഞ്
അതിന്‍റെ ഇരുണ്ട ഗഹ്വരങ്ങളിലേക്കാണ്ടിറങ്ങി .
ഉയര്‍ന്നുവന്ന ജ്വരത്തിന്‍റെ കുമിളകള്‍
മന്ത്രിച്ചതിത്രമാത്രം ,
'പിതൃക്കളുടെ ചെളിയില്‍
ഒരു താമരയും വിരിയുന്നില്ല .
ദൈവത്തിന്‍റെ തലയോട്ടിയില്‍
ഒരു താവള താമസമാക്കി ---
ക്രോം, ക്രോം : ഒന്നുമില്ല, ഒന്നുമില്ല. '
മൂന്ന്
താമരകള്‍ വിരിഞ്ഞത് താഴ്വരയിലായിരുന്നു
കാലുകളില്‍ നൃത്തമായിരുന്നു.
കാടുകളില്‍ സ്നേഹവും.
സ്വപ്നം മുഴങ്ങുന്ന ഹൃദയങ്ങള്‍ പെരുമ്പറകളാക്കി
ഞങ്ങള്‍ പുരമുകളില്‍ കെട്ടിത്തൂക്കി.
പിതൃക്കളുടെ മഞ്ഞുരുകി ,
മുക്തിയുടെ ശിരസ്സ് ആദ്യമായി
ഞങ്ങളില്‍ തെളിഞ്ഞുകണ്ടു.
കര്‍ഷകന്നുള്ള കിരീടം മേഘങ്ങളില്‍ തിളങ്ങി.
പെട്ടെന്നാണ് കാക്കകള്‍
രാത്രികളായി വന്നിറങ്ങിയത്.
ഞങ്ങളിലേറ്റവും നല്ലവരെ
അവ റാഞ്ചിക്കൊണ്ടുപോയി.
അവരുണ്ടായിരുന്നിടത്ത്
ഒരു വട്ടം ചോരമാത്രം ബാക്കിയായി.
രക്തസാക്ഷികളുടെ വിധിയെ പരിഹസിച്ച്
കാക്കകള്‍ പോയ്‌മറഞ്ഞ ഇരുണ്ട ആകാശം നോക്കി
ഞങ്ങള്‍ വഴിയറിയാതെ പകച്ചുനിന്നു.
നാല്
ശുദ്ധചിന്തയില്‍ രക്ഷയില്ല ,
ശുദ്ധസാവേരിയില്‍ സ്വര്‍ഗവുമില്ല.
കറുത്ത ചിറകടിക്കു കീഴിലിരുന്ന്
അവശേഷിച്ചവര്‍ അന്യോന്യം
മനസ്സിലാക്കാന്‍ ശ്രമിക്കുന്നു,
ആ ശ്രമത്തില്‍ ഞങ്ങള്‍ക്കു ഭ്രാന്തുപിടിക്കുന്നു,
വെറുപ്പ്‌ ഞങ്ങളെ കീഴടക്കുന്നു.
ഏകാന്തമായ ഈ മുറ്റം പണ്ട്
ജനബഹുലമായ ഒരു പുഴയായിരുന്നു.
ഭ്രാന്തു മാറ്റുന്ന ജലം
അസ്ഥികൂടങ്ങള്‍ക്കിടയില്‍ ഇന്നും കുരുങ്ങിക്കിടപ്പുണ്ട് ,
ഒന്നു കുഴിക്കുകയേ വേണ്ടു.
അതു തളിച്ചു ഞാനെല്ലാവരെയും തിരിച്ചുവിളിക്കും.
രാജനെ, രമേശനെ, രാമകൃഷ്ണനെ,
സലീമിനെയും സനലിനെയും സുബ്രഹ്മണ്യദാസിനെയും
ജീവിതത്തിലേയ്ക്കും സ്നേഹത്തിലേയ്ക്കും.
അവരൊന്നിച്ചു കൈ കൊട്ടുമ്പോള്‍
ഞാന്‍ പുളിമാവിന്‍കൊമ്പില്‍നിന്നു പറന്നെത്തും
കറുത്ത ചിറകുകളില്‍ പതിക്കുന്ന
ഭൂമിയുടെ വെളിച്ചം പറയും :
' മരിച്ചാലും,
മനുഷ്യരില്ലാത്ത ലോകത്തില്‍
കഴിയേണ്ടിവരിക എത്ര ഭീകരമാണ് ! '
കൈ കൊട്ടുവിന്‍, കൈ കൊട്ടുവിന്‍,
ജനങ്ങളുടെ ഉത്സവം ഇത്ര പെട്ടെന്ന്
മദ്ധ്യവയ്സ്കരുടെ ഗൃഹാതുരത്വമായ്ക്കൂടാ !
-----------------------------------------------------------------
( 1984 )

Kalidhasan - Changampuzha

കാളിദാസൻ
ചങ്ങമ്പുഴ

വിസ്മയമാകവേ, വിശ്വമഹാകവേ,
വിഖ്യാതികൊണ്ടു ജയക്കൊടി നാട്ടി നീ:
ആഗമിക്കുന്നു ഹാ, നിൻകാൽക്കലിപ്പൊഴും
ലോകപ്രതിഭതൻ കൂപ്പുകൈമൊട്ടുകൾ!
നിന്നുദയത്തിനുശേഷം ശതാബ്ദങ്ങ-
ളൊന്നല്ല,നേകം കഴിഞ്ഞുപൊയെങ്കിലും
നിത്യസ്മൃതിയുടെ ചക്രവാളാന്തത്തിൽ
നിൽക്കുന്നു വാടാത്ത നക്ഷത്രമായി നീ!
നിന്നെയോർത്തോർത്തുള്ളഭിമാനപൂർത്തിയി-
ലിന്നും തുടിക്കുന്നു ഭാരതത്തിൻമനം!
വിണ്ണിങ്കല,പ്സരസ്ത്രീകൾ പൂവിട്ടൊര-
സ്വർണ്ണസിംഹാസനത്തിങ്കൽ, സകൗതുകം
മേവ , സ്സമാരാധ്യമാകുമൊരേകാന്ത-
ദേവസദസ്സിന്നലങ്കരിക്കുന്നു നീ!
വാരി വിതറുന്നു നിൻമൗലിയിൽ സ്വർഗ്ഗ-
വാരാംഗനകൾ നൽക്കൽപകപ്പൂവുകൾ!
നിൽക്കുന്നു നിന്നരികത്തു, നീ ലാളിച്ചു
നിത്യതാരുണ്യം കൊടുത്ത ശകുന്തള!
ചാമീകരത്തിൻ പിടിയിട്ട നല്ല വെൺ-
ചാമരത്താൽ നിന്നെ വീശുന്നിതുർവ്വശി!
പച്ചിലച്ചാർത്തിന്നിടയിൽനിന്നോമന-
പ്പിച്ചകത്തിൻ കൊച്ചുപൂമൊട്ടുമാതിരി,
ഹാ, വിടരുന്നു നിൻ കാവ്യങ്ങളിൽ നവ-
ഭാവന തന്റെ സുരഭിലവീചികൾ!
കോരിക്കുടിച്ചിടുന്തോറു,മവയിൽനി-
ന്നൂറിവരുന്നു പുതിയ സുധാരസം!
എന്നും നശിക്കാത്തൊരേതോ പുതുമതൻ-
പൊന്നിൻചിറകടിച്ചാത്തകൗതൂഹലം
വിശ്വം മുഴുവൻ വിഹരിപ്പൂ, വാടാത്ത
വിദ്യൂല്ലതേ, നിൻ കവിതയാം പൈങ്കിളി!
കല്പാന്തകാലത്തു, ലോകം വിഴുങ്ങുമ-
ക്കർക്കശസിന്ധുവിൻ കല്ലോലപാളിയും
പാടേ പഠിക്കും, പരിതൃപ്തരായ്സ്വയം
പാടിരസിക്കും മധുരശാകുന്തളം!
ഓരോ നവവർഷമേഘം വരുമ്പൊഴും
കോരിത്തരിക്കും ജഗത്തിന്റെ മാനസം!
ആ മഞ്ജുകമേചകമേഘത്തിലേറി, നാം
വ്യോമത്തിലൂടേ പറന്നു പറന്നുപോയ്,
എത്തുമറിയാതൊ,രജ്ഞാതഗന്ധർവ്വ-
പത്തനത്തിന്റെ ഹൃദയത്തിലങ്ങനെ!
വിശ്വസംസ്ക്കാരത്തിൽ നീയൊരു മങ്ങാത്ത
വിദ്രുമദീപം കൊളുത്തീ, മഹാമതേ!
ഇന്നതിൻ വെള്ളിവെളിച്ചത്തിലേക്കിതാ,
കണ്ണു തുറക്കുന്നു മാനവപ്രജ്ഞകൾ!
നീയന്നു കണ്ടോരുദയവും സന്ധ്യയും
നീലമലകളും കാടും പുഴകളും
എല്ലാം-സ്വയമിപ്രകൃതിയിലുള്ളവ-
യെല്ലാം-ലയിച്ചു നിന്മാനസസീമയിൽ!
എന്നിട്ടൊ,ഴുകാൻതുടങ്ങിയവിടത്തിൽ-
നിന്നുമവയൊരു വേണുസംഗീതമായ്!
ജീവനെക്കാട്ടിലും സ്നേഹിച്ചു നീയൊരു
പൂവിടാറാവാത്ത മുല്ലയെക്കൂടിയും;
നിന്നു നിൻമുന്നിൽ വികാരതരളിത-
സ്പന്ദനമുൾക്കൊണ്ടു കാട്ടുമരങ്ങളും!
അർഭകയെപ്പോലെ,ടുത്തു ലാളിച്ചു നീ
ഗർഭിണിയാമൊരു കൊച്ചുമാൻപേടയെ!
മാലറ്റു നീ ചേർന്നലിഞ്ഞിതാ നിർമ്മല-
മാലിനീകല്ലോലമാലയോരോന്നിലും!
ഓരോ ദിനവും നവീനസുഷമയിൽ-
ത്താരും തളിരുമണിഞ്ഞു നിൻജീവിതം!
ലോകവും നാകവും കൂട്ടിയിണക്കി നീ
ശാകുന്തളത്തിൻ കനകശലാകയാൽ!
മോഘമല്ലാത്ത സനാതനപ്രേമമാ
മേഘത്തിനെക്കൊണ്ടെടുത്തു പാടിച്ചു നീ!
നീയാ രഘുവിനെക്കൊണ്ടു പറപ്പിച്ചു
നീതിധർമ്മങ്ങൾതൻ പൊൽക്കൊടിക്കൂറകൾ!
ശാസ്ത്രക്കറുപ്പിൻലഹരിയിലാ,ത്മീയ-
മൂർച്ഛയിൽ,പ്പിച്ചുപുലമ്പട്ടെ പശ്ചിമം;
വാരുറ്റ വാടാത്ത വെള്ളിനക്ഷത്രമേ,
ഭാരതത്തിന്നുള്ളഭിമാനമാണു നീ!
ഗീതലയിച്ചൊരീ മണ്ണിൽ മുളയ്ക്കുന്ന-
തേതും പവിത്രഫലാഢ്യമാണെന്നുമേ!
വൃന്ദാവനംവാച്ചൊരീ മഹിതൻ മന-
സ്പന്ദനംപോലും കലാചോദനപ്രദം!
സീതയെപ്പെറ്റൊരീ നാടേ, തു ശുദ്ധിതൻ-
സീമയും വന്നു നമിക്കും തപോവനം!
ആ നാടിനാ, നാടിനാ, ദർശശുദ്ധമാ-
മാ നാടിന, ന്വഹാരാധനാമൂർത്തിയായ്,
വിസ്മയമാകവേ, വിശ്വമഹാകവേ,
വിഖ്യാതികൊണ്ടു ജയക്കൊടി നാട്ടി നീ!
Related Posts Plugin for WordPress, Blogger...