Search This Blog

Friday 18 July 2014

Kadevide makkale - Ayyappa Paniker

കാടെവിടെ മക്കളേ
 അയ്യപ്പപ്പണിക്കര്‍
-----------------------------------------------------------------
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?
പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?
പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?
ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?
കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?
ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ
രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ?
ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന
തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ?
പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ-
രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ?
മരവും മനുഷ്യരും കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?
പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?
അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?
മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ?
വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?
ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്ത
വിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ?
കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?
പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?
യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

6 comments:

  1. KADEVIDE MAKKALE'-
    Sir,
    kaalika prasakthiyulla ee kavitha angu varshangalkku munpu rachichu.ente college timil(91-93)enikkithu padikkan undayirunnu.ippozhum ee kavitha muzhuvan enikku kaanapadam aanu.

    ReplyDelete
    Replies
    1. Still learning English translation

      Delete
    2. ഇത് ഏത് കൃതിയിൽ നിന്നാണ് എടുത്തത്

      Delete
  2. NJAN PRE DEGREEYKKU CHAVARA GOVT COLLEGE L PADICHA KAVITHA (1987-1989)JEEVITHA BHARAM CHUMALIL ETTATHA SWATHANTHRA KALAKHATTAM.

    ReplyDelete
  3. Hi,എന്റെ പേര് മിധുന ഉല്ലാസ് ... ഞാൻ ക്രിസ്തുമഹലാലയം പബ്ലിക് സ്കൂളിലെ ഒരു വിദ്യാർത്ഥിയാണ്, ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. എനിക്ക് പഠിക്കാൻ ഈ കവിതയുണ്ട്..ഇത് മനുഷ്യർ കൈക്കൊള്ളുന്ന എല്ലാ കാര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാ വരികളിലും ഇത് പറയുന്നു, ഇവയെല്ലാം കഴിഞ്ഞ കാലത്തിന്റെ ഓർമ്മകളാണെന്നും അയ്യപ്പപ്പണിക്കർ പറഞ്ഞതാണെന്നും ... എല്ലാവരും ഇത് വായിക്കുകയും അതിന്റെ അർത്ഥം കണ്ടെത്തി വിധിയുടെ ശക്തി ഉപയോഗിച്ച് സ്വയം പരിഹരിക്കുകയും വേണം

    ReplyDelete

Related Posts Plugin for WordPress, Blogger...