Search This Blog

Wednesday 16 July 2014

Rajashilpiyodu - Prabha Varma

രാജശില്‍പിയോട്
പ്രഭാവര്‍മ

പുതുതായ് നിയുക്തനാം രാജശില്‍പിയോടൊന്നു
പറയാനുണ്ട്; ശില്‍പമെന്നതു താങ്കള്‍ക്കൊരു
ചതുരം; സമാസമം വിസ്തൃതി ദൈര്‍ഘ്യത്തിനോ-
ടിണങ്ങുന്നതാം ശിലാഖണ്ഡം; ഈ ഞങ്ങള്‍ക്കാകി-
ലതിനുള്ളിലായൊളിഞ്ഞിരിക്കുന്ന സങ്കല്‍പം;
മനസ്സുകൊണ്ടേ കടഞ്ഞെടുക്കേണ്ടതാം രൂപം!
അറിയാം നന്നായ്; തമ്മില്‍ ചേരില്ലയീവൈരുധ്യ-
മൊരുനാളിലും; രാജശില്‍പിയായ് താങ്കള്‍ വരും
നിമിഷം ഞങ്ങള്‍ക്കുള്ളില്‍ ഭയമേറുന്നൂ; നാളെ
ഇവിടുണ്ടാമോ ഞങ്ങള്‍ തീര്‍ത്തതാം വൈവിധ്യങ്ങള്‍?
പലകാലത്താല്‍, പലപല ആയുസ്സാലെയും
പലതായ് ഞങ്ങള്‍ തീര്‍ത്ത ശില്‍പങ്ങള്‍; അവക്കൊക്കെ
പലതാണല്ളോ രൂപഭാവങ്ങള്‍; അവ വീണ്ടും
ശിലയാവുമോ ഒരേയളവില്‍, ഒരേ വാര്‍പ്പില്‍?
ശിലയെ ചുടുകണ്ണീര്‍ വീഴ്ത്തിയൊട്ടലിയിച്ചും
കടുലോഹത്തെച്ചങ്കിന്നുലയില്‍ സ്ഫുടംചെയ്തും
മൃദുവാക്കിയീ നെഞ്ചിടിപ്പിന്‍െറ താളത്തില്‍ ചി-
റ്റുളിയാല്‍ ഞങ്ങള്‍ കടഞ്ഞെടുത്തതീ ശില്‍പങ്ങള്‍!
ചതുരത്തിലെ ചേരാത്തിടമൊക്കെയും തട്ടി-
യുടച്ചുനീക്കിക്കണ്ടെടുത്തൊരീ ശില്‍പങ്ങളില്‍
നിറയെക്കാണാം നിമ്നോന്നത ഭാവങ്ങള്‍; ജഡ-
ശിലയില്‍ ജീവസ്പന്ദമണയ്ക്കും ചൈതന്യങ്ങള്‍!
ഇവയെ സ്വന്തം മുഴക്കോലിനാലളന്നു നല്‍-
ച്ചതുരാകൃതിയില്ല,യൊന്നിനുമെന്നും ശില്‍പ-
കലയായിതെക്കാണ്‍കവയ്യയെന്നുമോര്‍ത്തിവ-
തകര്‍ത്തു ചതുരങ്ങള്‍ തീര്‍ക്കുവാന്‍ കല്‍പിക്കൊലാ!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...