Search This Blog

Monday 14 July 2014

Thekkinkattile theruvu chithrakaran - Sachidanandan

തേക്കിന്‍കാട്ടിലെ തെരുവു ചിത്രകാരന്‍
-------------------------------------------------------------------
സച്ചിദാനന്ദന്‍
-----------------------
തേക്കിന്‍കാടുമൈതാനിയുടെ തെക്കേത്തെരുവിലെ
അതേ ചിത്രകാരന്‍ തന്നെ, അതേ, അയാള്‍.
അയാള്‍ ചെങ്കല്ലും കരിയും ഉപയോഗിച്ചു
ദിവസവും വരച്ചിടുന്ന കോലങ്ങള്‍
എന്നെ ഈയിടെയായി വല്ലാതെ അമ്പരപ്പിക്കുന്നു.

ആദ്യമാദ്യം അയാള്‍ വരച്ചിരുന്നത്
സൌമ്യമായ ചിത്രങ്ങളായിരുന്നു.
ആ പുല്‍ത്തകിടിയില്‍ ചേക്കേറുന്ന
വൈകുന്നേരങ്ങളെപ്പോലെ സൌമ്യം;
താമരയിതളുകളുടെ ലക്ഷ്മി
ഓടക്കുഴലിന്‍റെ ഉണ്ണി
പട്ടാഭിഷേകം കഴിഞ്ഞ രാമന്‍ .
ഒരു നരസിംഹത്തെയോ രുദ്രനെയോ
ഖഡ്ഗിയെയോ വരയ്ക്കാനാവാത്ത
ആ വിരലുകളുടെ മൃദുലതയെക്കുറിച്ച് അന്നൊക്കെ
ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.

പിന്നെ അയാളുടെ ചിത്രങ്ങളില്‍
കറുപ്പും വെളുപ്പും കൂടി വന്നു .
വെള്ള, പച്ച, നീല, മഞ്ഞ -
എല്ലാം അയാള്‍ ഒന്നൊന്നായി ഉപേക്ഷിച്ചു .
ഇപ്പോള്‍ അയാള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക്
തേറ്റയും വാളും വാളില്‍നിന്നിറ്റുന്ന രക്തവും
കയ്യില്‍ ദാരികന്‍റെ ശിരസ്സും
നിറത്തില്‍ തരിക്കുന്ന ഊറ്റവുമുണ്ട്.
ദുര്‍ഗ്ഗ ദുര്‍ഗ്ഗ ദുര്‍ഗ്ഗ എന്നും അയാള്‍ ഇതേ ചിത്രം
വരയ്ക്കുന്നു, മായ്ക്കുന്നു, വീണ്ടും വരയ്ക്കുന്നു.
അയാള്‍ ഒരക്ഷരം ഉരിയാടുന്നില്ല.
' ഇന്നു ദുര്‍ഗ്ഗാപൂജ ' എന്ന്‍ ചിത്രത്തിനു ചുവട്ടില്‍
എഴുതിയിടുക മാത്രം .

മുങ്ങിച്ചാവുന്നവന്‍റെ ഓര്‍മ്മയിലെന്നപോലെ
പിന്നെയും പിന്നെയും
ആ ചിത്രകാരന്‍റെ മൂകമായ തുറിച്ചുനോട്ടം, ഒട്ടിയ വയറ്,
വളര്‍ന്ന മുടി,തീപാറുന്ന കണ്ണ് , ദുര്‍ഗ്ഗയുടെ മുഖം ,
ദാരികന്‍റെ ശിരസ്സ്‌.
വാളിന്‍ ചുണ്ടിലെ ചോര,എട്ടു കൈകളുടെ ദിഗ്ഭ്രമണം.....

അയാളാവിഷ്കരിക്കുന്നത് അയാളുടെ
കൊച്ചാത്മാവു മാത്രമായിരുന്നുവെങ്കില്‍
കവിതയെ എന്നപോലെ എനിക്കതവഗണിക്കാമായിരുന്നു.

പക്ഷെ എനിക്കറിയാം,
ഇന്നയാളാവിഷ്കരിക്കുന്നത് ചരിത്രമാണ്,
ചരിത്രത്തിന്‍റെ തീരാത്ത പക,
ഒടുങ്ങാത്ത പ്രതികാരം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...