Search This Blog

Saturday, 30 August 2014

Rogam - Sachidanandan

രോഗം
കെ സച്ചിദാനന്ദന്‍

ഞാന്‍ എന്‍റെ രോഗവും ചുമന്ന്
അനേകം വൈദ്യന്മാരെ കണ്ടു
ഒരാള്‍ക്കും അതിനു പേരിടാനായില്ല .
ഒന്നാമന്‍ പറഞ്ഞു :
'തകരാറ് ഹൃദയത്തിനാണ്
സ്നേഹം ലഭിക്കാത്തതാണു കാരണം.
സ്നേഹം ധാരാളമുള്ള പച്ചക്കറികള്‍ കഴിക്കണം '
രണ്ടാമന്‍ പറഞ്ഞു :
' തകരാറ് തലച്ചോറിനാണ്
ഓര്‍മ്മക്കുറവാണു കാരണം.
ഓര്‍മ്മ ധാരാളമുള്ള മൃഗങ്ങളുടെ
സൂപ്പുകള്‍ കഴിക്കണം '
മൂന്നാമന്‍ പറഞ്ഞു:
'തകരാറ് ഉദരത്തിനാണ്
അഗ്നിമാന്ദ്യമാണു കാരണം.
അഗ്നി ധാരാളമുള്ള വാക്കുകള്‍ കഴിക്കണം'
ഞാന്‍ എല്ലാം ചെയ്തുനോക്കി.
രോഗം വര്‍ദ്ധിച്ചതേയുള്ളൂ.
ലക്ഷണങ്ങള്‍ കേട്ട അഷ്ടവൈദ്യന്‍ പറഞ്ഞു:
' ഇതെല്ലം ജീവിതത്തിന്‍റെ ലക്ഷണങ്ങളാണ്
രോഗി ജീവിച്ചിരിക്കുന്നു '
ലക്ഷണങ്ങള്‍ കേട്ട അപ്പോത്തിക്കരി പറഞ്ഞു:
' ഇതെല്ലാം മരണത്തിന്‍റെ ലക്ഷണങ്ങളാണ്
രോഗിയെ മറവു ചെയ്യാം '
ഇപ്പോള്‍
സൂര്യനുദിക്കുമ്പോള്‍ ഞാന്‍ മരിക്കുന്നു
തണുത്ത ഉടലും നിലച്ച ഹൃദയവുമായി
ഞാന്‍ നരകത്തിന്‍റെ തെരുവുകളിലൂടെ
നടക്കുകയും സ്വര്‍ഗ്ഗത്തിന്‍റെ ഭാഷ
സംസാരിക്കുകയും ചെയ്യുന്നു,
ചന്ദ്രനുദിക്കുമ്പോള്‍ ഞാന്‍ ജീവിക്കുന്നു
ഊഷ്മളമായ ഉത്കണ്ഠകളും
സ്പന്ദിക്കുന്ന സ്വപ്നങ്ങളുമായി
ഞാന്‍ ഭൂമിയിലൂടെ നടക്കുന്നു ;
യുവാക്കളുടെ ചോര തേടി,
എനിക്കു ജീവിക്കാവുന്ന
പകയില്ലാത്ത ഒരു പകലുണ്ടാക്കാന്‍
ഏവര്‍ക്കും ജീവിക്കാവുന്ന
രോഗമില്ലാത്ത ഒരു ഭൂമിയുണ്ടാക്കാന്‍

No comments:

Post a Comment

Related Posts Plugin for WordPress, Blogger...