Search This Blog

Friday, 15 August 2014

Aaru nee nishagandhe - G. Sankara Kurup

ആരുനീ നിശാഗന്ധേ !
ജി. ശങ്കരക്കുറുപ്പ്‌

നിസ്തരംഗമം അന്ധ
കാരത്തിന്‍ പാരാവാരം;
നിസ്തബ്ധ താരാപുഷ്പ
വ്യോമശിംശിപാശാഖ;
ചുറ്റിലും നിഴല്‍നിശാ-
ചരികളുറങ്ങുന്നു;
മുറ്റിയൊരേകാന്തത,
ശൂന്യത,വിമൂകത.
കൊമ്പിലെയിലകളി-
ലൊളിച്ച ഹനൂമാന്റെ-
യമ്പിളിക്കലത്താടി-
യിടയ്ക്കു കാണും മായും;
ആരുനീ നിശാഗന്ധേ
നടുങ്ങും കരള്‍ വിടര്‍-
ന്നോരു ഭീരു, നിന്‍ ദീര്‍ഘ-
ശ്വസിതസുഗന്ധങ്ങള്‍
പാവനമധുരമാ-
മൊരു തീവ്രവേദന
പാരിന്റെയുപബോധം
തഴുകിയൊഴുകുന്നു!
സ്നേഹവിദ്ധമാമന്തഃ
കരണം രക്തം വാര്‍ന്നും,
മോഹത്തിലാണ്ടും 'പാപം,
പാപമെ'ന്നുടക്കവേ
ലോകപ്രീതിക്കും രാജ-
നീതിക്കും തലചായ്ച
ലോലനും കഠിനനു-
മാകിന പുരുഷന്റെ
മുന്‍പില്‍നിന്നകംപിളര്‍-
ന്നിള നല്‍കിയോരിടം
കൂമ്പിന പൂങ്കയ്യോടെ
പൂകിയ മണ്ണിന്‍മകള്‍
നെടുവീര്‍പ്പിടുകയാം;
ആ വ്രണിതാത്മാവാവാം
വിടരുന്നതു നിന്നില്‍
രഹസ്സില്‍, നിശാഗന്ധേ!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...