Search This Blog

Friday, 22 August 2014

Pazhu - C V P Namboodiri

പാഴ്
സി വി പി
------

പഴയ വസ്തുക്കള്‍ വാങ്ങുവാന്‍ വന്നയാള്‍
കവിത കുത്തിത്തിരുകിയ ചാക്കുമായ്
പടിയിറങ്ങുമ്പൊഴെന്‍റെ കൈവെള്ളയില്‍
കനലെരിയുന്ന നാണയച്ചീളുകള്‍
ഒളിവിലാരെയോ
ഒറ്റിക്കൊടുത്തപോല്‍
ഒടുവിലേക്കടം
വീട്ടിക്കഴിഞ്ഞപോല്‍...
ലിപികളില്ലാത്ത ഭാഷയിലായിരം
കനവു പാടിപ്പകര്‍ന്ന രാപ്പക്ഷിയെ
തകരവാതില്‍ തുറന്നെന്നെയുംകൊണ്ടു
കടലുകാണാന്‍ പുറപ്പെട്ട കാറ്റിനെ
പകലിടിഞ്ഞസ്തമിക്കുമ്പൊഴോക്കെയും
തിരികെ മാടിവിളിച്ച കണ്‍മുദ്രയെ
ചിലതു കൂട്ടിവായിക്കുവാന്‍ മാത്രമായ്
മഷി ചുരത്തിയ ചില്ലക്ഷരങ്ങളെ
നിശയൊഴിച്ചിട്ട വീഞ്ഞുപാത്രങ്ങളെ
സിരകളില്‍ പെയ്തു തോര്‍ന്ന ശബ്ദങ്ങളെ
ചുമലിലേറ്റി മറയുകയാണയാള്‍
പഴയ വസ്തുക്കള്‍ വാങ്ങുവാന്‍ വന്നവന്‍
ഇനി പുതിയതാണൊക്കെയുമെന്നൊരു
മൊഴി
തളിരിലയായ്
മഴച്ചാറ്റലായ്

No comments:

Post a Comment

Related Posts Plugin for WordPress, Blogger...