Search This Blog

Saturday, 23 August 2014

Prayam - Vijayalakshmi

പ്രായം
വിജയലക്ഷ്മി

ഒട്ടുമുറങ്ങാത്ത രാവിലൊന്നിൽ, മര –
ക്കട്ടിലിൽ, ചാരത്തിരിക്കുന്ന കൂരിരുൾ
പെട്ടെന്നു മൌനം വെടിഞ്ഞു,
“ നാമെത്രയായ്
തൊട്ടു നടപ്പൂ , പ്രിയപ്പെട്ട കൂട്ടുകാർ !
ഇത്രയും നാളായൊരിക്കലും തോന്നീല
കൃത്യമായുള്ള വയസ്സു ചോദിക്കുവാൻ.
എത്രയുണ്ടാവും ? ”
കടന്ന വർഷങ്ങൾ തൻ
കയ്പളക്കാനോ ? കടുപ്പമാണെങ്കിലും
ഉറ്റുനോക്കുന്ന കറുപ്പിനോടിങ്ങനെ
ശബ്ദമടക്കിപ്പറഞ്ഞു : “ മുന്നൂ,റൊരു
വർഷത്തിലാറു വയസ്സെന്ന തോതിലേ
വൃദ്ധയായ് , ഞാനുമറിഞ്ഞില്ലിതേവരെ.
യുദ്ധമുണ്ടായിരുന്നില്ല, പ്രളയമോ
വിട്ടുമാറാത്ത പേമാരിയോ വേനലോ
കഷ്ടപ്പെടുത്തീല, കൂട്ടുകാരായില്ല
നഷ്ടങ്ങളാടിപ്പകർന്ന രോഗങ്ങളും.
ഒക്കെയുമുള്ളിൽ – വിമൂകയാം ഭൂമിതൻ
ദു:ഖസഞ്ചാരത്തിലെങ്ങുള്ളു വിശ്രമം?
പച്ചിലക്കാടുദഹിപ്പിച്ചുമുന്നേറു-
മുഗ്രസംഹാരത്തിലെങ്ങുള്ളു സാന്ത്വനം?
അശ്രുപൂണ്ടോരോ ദിനാന്ത്യത്തിലുംകണ്ട-
തസ്തമയച്ചോര ചിന്തുന്ന സൂര്യനെ.
ഉച്ചസ്ഥനായെത്ര നിൽക്കിലും വൈകാതെ
പ്രത്യക്ഷമാകും മരണകാലത്തിനെ,
കാണുവാനാകാത്തൊരാക്കൊലയാളിതൻ
പേരുച്ചരിക്കുവാനെത്താത്ത സാക്ഷിയെ .
കല്ലെറിയാത്ത കാരുണ്യവായ്പിൻ മുഖം
കണ്ടുകണ്ടെല്ലാമകന്നുപോയീടിലും,
പാദാന്തികത്തിൽ സുഗന്ധലേപത്തിന്റെ
ഭാജനം സർവ്വം മറന്നു ചാഞ്ഞീടിലും,
കല്ലറവാതിലിൽ ക്കണ്ണിന്റെ മൂടലിൽ
മിന്നലായ് വന്നുയിർത്തേറ്റൊരാൾ പോകിലും,
അന്ധകാരം വന്നു ചോദിച്ചുനിൽക്കുകിൽ
ച്ചൊല്ലുവനാർദ്രമായത്ര നിശ്ശബ്ദമായ് ,
ഉറ്റുനോക്കുന്ന നിതാന്തസ്നേഹത്തോടൊ-
രുത്തരം: നേരാണെനിക്കു മുന്നൂറാണു
കൃത്യമായുള്ള വയസ്സു, വർഷങ്ങൾ തൻ
കയ്പളന്നല്ലോ! കടുപ്പമാണെങ്കിലും.
വാളുകൾ വായ്ത്തല മിന്നി, തിളങ്ങുന്ന
പ്രാവുകളെപ്പോൽ പ്പറന്നുപോകും വഴി
തപ്പിത്തടഞ്ഞേ നടക്കയാൽ, ഈ വിധം
വൃദ്ധയായ്, ഞാനതറിഞ്ഞില്ലിതേവരെ!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...