Search This Blog

Saturday, 9 August 2014

Puthappu - C V P Namboodiri

പുതപ്പ്
C V P
---------------
പുറമേനിന്നുമെത്തുന്നൂ
ശബ്ദത്തിന്‍റെ പുകച്ചുരുള്‍
കാലൊച്ച, തേങ്ങല്‍, ഒറ്റപ്പെ-
ട്ടകലുന്ന ചിലമ്പൊലി
നേരമേറെപ്പുലര്‍ന്നെന്നു
പുറംലോകം മുഴങ്ങവേ
പുതപ്പിനുള്ളിലെച്ചൂടില്‍
മുഖം മൂടിക്കിടപ്പു ഞാന്‍
വീഞ്ഞും, കവിതയും വാക്കു-
കണ്ടെത്താത്ത കിനാവുമായ്
വിരുന്നൊരുക്കിയെന്നെക്കാ-
ത്തവളൊറ്റയ്ക്കിരിക്കയാം
പുതപ്പാണഭയം നല്‍കും
കവചം പലനേരവും
പ്രതിയോ വാദിയോ ഞാനെ-
ന്നുരചെയ്യുക ദൈവമേ !
തണുപ്പത്തീ പുതപ്പിന്‍റെ
പുറത്തെങ്ങിനെ പോകുവാന്‍?
ഇതിന്നകത്തെ ലോകത്തു-
ണ്ടെനിക്കൊറ്റയ്ക്കു ജീവിതം
കടക്കണക്കും കണ്ണീരും
കലാപത്തിന്‍റെ മൌനവും
തണുപ്പും,പ്രണയത്തിന്‍റെ
നോവു മില്ലാത്ത ജീവിതം.
പുതപ്പിനുള്ളിലുണ്ടെന്‍റെ
കാട്ടുപക്ഷിക്കൊരുള്‍വനം.
ചങ്ങലക്കെട്ടുപൊട്ടിച്ചെന്‍
നിഴലാടുന്ന നര്‍ത്തനം.
പുതപ്പിന്നുള്ളിലേ വെയ് ലില്‍
പുഴ കാണുകയാണു ഞാന്‍.
പുഴയോരത്തു പൂവിട്ട
മരം കാണുകയാണു ഞാന്‍

No comments:

Post a Comment

Related Posts Plugin for WordPress, Blogger...