Search This Blog

Saturday, 9 August 2014

Arupathu - Sachidanandan

അറുപത്
സച്ചിദാനന്ദന്‍
---------------------
അറുപതേ സ്വാഗതമെന്‍ ചെറുകൂട്ടിലേ,-
യ്ക്കറിയാതെ ചിറകുകള്‍ താഴ്ത്തിക്കടക്കുക !
ഇതുവരെ മങ്ങിയില്ലെന്‍ കാഴ്ചയമ്പിന്‍റെ
മുന നെഞ്ചുനോക്കി വരുന്നതു കാണുവാന്‍
ഇതുവരെ കേള്‍വിയും , തീക്ഷ്ണമീ ഭൂമിതന്‍
നിലവിളിയില്‍ കാതു ഭ്രാന്തു പിടിക്കുവാന്‍
ഇനിയുമെന്‍ നാസിക പോള്ളുമേ ചുറ്റിലും
കരിയും തരുണ ജഡങ്ങള്‍ തന്‍ വാടയാല്‍ .
പലവിധം ചുംബനം ശീലിച്ച ചുണ്ടുകള്‍
കനലിനെച്ചെമ്പകമാക്കിടും മാന്ത്രികര്‍.
ഇനിയും കടിച്ചുപൊട്ടിക്കാന്‍ തുടലുക-
ളെവിടെന്നു തിരയുന്നു കൂര്‍ത്തുള്ള പല്ലുകള്‍.
അറിയാം പദങ്ങള്‍തന്‍ പരുപരുപ്പെന്‍തൊലി-
യ്ക്കെരിയുമേ നാവു കണ്ണീരിന്‍റെ നീറ്റലില്‍.
അതിവിദഗ്ദ്ധര്‍ കാലടികള്‍ പഴുത്തോരു
കഠിനമിരുമ്പിന്നു മീതേ നടക്കുവാന്‍.
സമരസമൃദ്ധമീ ബുദ്ധി, ഹൃദയമോ
അനുരാഗതരള, മഗ്നിപ്രഭം, സ്വപ്നിലം .
അറുപതിന്‍ മദ്ധ്യതാരുണ്യമേ, നിന്‍ കൊക്കി-
ലറിവോ, പ്രണയമോ, പാട്ടോ, മരണമോ ?
അറിവീല:യുടലും മനസ്സും തുറന്നുവെ-
ച്ചിവിടെ നില്‍പ്പാണിപ്പെരുംമഴയത്തു ഞാന്‍!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...