Search This Blog

Friday, 22 August 2014

Kakkakal - Sachidanandan

കാക്കകള്‍
സച്ചിദാനന്ദന്‍

ഒന്ന്
കുട്ടിക്കാലത്ത് കാക്കകള്‍ക്ക്
മരിച്ചവരുടെ മുഖച്ഛായയായിരുന്നു.
ബലിയിട്ട് അമ്മ കൈ കൊട്ടുന്നതും കാത്ത്
മരണംകൊണ്ടു ക്ഷീണിച്ച മുഖങ്ങളുമായി
അവര്‍ മുറ്റത്തെ പുളിമാവിന്‍കൊമ്പിലിരുന്നു.
സ്വര്‍ഗ്ഗം വളരെ ദൂരെയായിരുന്നു ,
ദൈവം നിശ്ശബ്ദനും.
ബലിച്ചോറുണ്ടു തിരികെപ്പറക്കുമ്പോള്‍
അമ്മൂമ്മ മുത്തച്ഛനോടു പറഞ്ഞു:
'മരിച്ചിട്ടും മനുഷ്യരുടെ ആശ്രിതരായി
കഴിയേണ്ടിവരിക
എത്ര ഭീകരമാണ് ! '
രണ്ട്
വലുതായതോടെ കാക്കകള്‍ക്ക്
തത്ത്വചിന്തകരുടെ മുഖച്ഛായ കൈവന്നു.
പകല്‍ മുഴുവന്‍ അവര്‍
സ്വാതന്ത്ര്യത്തിന്‍റെ ഉത്കണ്ഠയെക്കുറിച്ചു സംസാരിച്ചു.
രാത്രി മനുഷ്യസാദ്ധ്യതകളുടെ അതിര്‍ത്തിയായ
മരണത്തെക്കുറിച്ചോര്‍മ്മിപ്പിച്ചു.
എന്‍റെ തലമുറയുടെ കൗമാരം
അങ്ങനെ നിദ്രാരഹിതമായി.
ശൂന്യതയുടെ വിരലടയാളംപോലും
ഞങ്ങള്‍ക്കു നാട്ടുവഴികള്‍പോലെ
പരിചിതമായിരുന്നു.
മരണത്തെ ഞങ്ങള്‍ ഗ്രാമത്തിനു കാവലായ
കായലിനെയെന്നപോലെ തൊട്ടു.
ചിലര്‍ നനഞ്ഞ കൈത്തണ്ടകളില്‍ല്‍നിന്ന്
വാച്ചുകളൂരിയെറിഞ്ഞ്
അതിന്‍റെ ഇരുണ്ട ഗഹ്വരങ്ങളിലേക്കാണ്ടിറങ്ങി .
ഉയര്‍ന്നുവന്ന ജ്വരത്തിന്‍റെ കുമിളകള്‍
മന്ത്രിച്ചതിത്രമാത്രം ,
'പിതൃക്കളുടെ ചെളിയില്‍
ഒരു താമരയും വിരിയുന്നില്ല .
ദൈവത്തിന്‍റെ തലയോട്ടിയില്‍
ഒരു താവള താമസമാക്കി ---
ക്രോം, ക്രോം : ഒന്നുമില്ല, ഒന്നുമില്ല. '
മൂന്ന്
താമരകള്‍ വിരിഞ്ഞത് താഴ്വരയിലായിരുന്നു
കാലുകളില്‍ നൃത്തമായിരുന്നു.
കാടുകളില്‍ സ്നേഹവും.
സ്വപ്നം മുഴങ്ങുന്ന ഹൃദയങ്ങള്‍ പെരുമ്പറകളാക്കി
ഞങ്ങള്‍ പുരമുകളില്‍ കെട്ടിത്തൂക്കി.
പിതൃക്കളുടെ മഞ്ഞുരുകി ,
മുക്തിയുടെ ശിരസ്സ് ആദ്യമായി
ഞങ്ങളില്‍ തെളിഞ്ഞുകണ്ടു.
കര്‍ഷകന്നുള്ള കിരീടം മേഘങ്ങളില്‍ തിളങ്ങി.
പെട്ടെന്നാണ് കാക്കകള്‍
രാത്രികളായി വന്നിറങ്ങിയത്.
ഞങ്ങളിലേറ്റവും നല്ലവരെ
അവ റാഞ്ചിക്കൊണ്ടുപോയി.
അവരുണ്ടായിരുന്നിടത്ത്
ഒരു വട്ടം ചോരമാത്രം ബാക്കിയായി.
രക്തസാക്ഷികളുടെ വിധിയെ പരിഹസിച്ച്
കാക്കകള്‍ പോയ്‌മറഞ്ഞ ഇരുണ്ട ആകാശം നോക്കി
ഞങ്ങള്‍ വഴിയറിയാതെ പകച്ചുനിന്നു.
നാല്
ശുദ്ധചിന്തയില്‍ രക്ഷയില്ല ,
ശുദ്ധസാവേരിയില്‍ സ്വര്‍ഗവുമില്ല.
കറുത്ത ചിറകടിക്കു കീഴിലിരുന്ന്
അവശേഷിച്ചവര്‍ അന്യോന്യം
മനസ്സിലാക്കാന്‍ ശ്രമിക്കുന്നു,
ആ ശ്രമത്തില്‍ ഞങ്ങള്‍ക്കു ഭ്രാന്തുപിടിക്കുന്നു,
വെറുപ്പ്‌ ഞങ്ങളെ കീഴടക്കുന്നു.
ഏകാന്തമായ ഈ മുറ്റം പണ്ട്
ജനബഹുലമായ ഒരു പുഴയായിരുന്നു.
ഭ്രാന്തു മാറ്റുന്ന ജലം
അസ്ഥികൂടങ്ങള്‍ക്കിടയില്‍ ഇന്നും കുരുങ്ങിക്കിടപ്പുണ്ട് ,
ഒന്നു കുഴിക്കുകയേ വേണ്ടു.
അതു തളിച്ചു ഞാനെല്ലാവരെയും തിരിച്ചുവിളിക്കും.
രാജനെ, രമേശനെ, രാമകൃഷ്ണനെ,
സലീമിനെയും സനലിനെയും സുബ്രഹ്മണ്യദാസിനെയും
ജീവിതത്തിലേയ്ക്കും സ്നേഹത്തിലേയ്ക്കും.
അവരൊന്നിച്ചു കൈ കൊട്ടുമ്പോള്‍
ഞാന്‍ പുളിമാവിന്‍കൊമ്പില്‍നിന്നു പറന്നെത്തും
കറുത്ത ചിറകുകളില്‍ പതിക്കുന്ന
ഭൂമിയുടെ വെളിച്ചം പറയും :
' മരിച്ചാലും,
മനുഷ്യരില്ലാത്ത ലോകത്തില്‍
കഴിയേണ്ടിവരിക എത്ര ഭീകരമാണ് ! '
കൈ കൊട്ടുവിന്‍, കൈ കൊട്ടുവിന്‍,
ജനങ്ങളുടെ ഉത്സവം ഇത്ര പെട്ടെന്ന്
മദ്ധ്യവയ്സ്കരുടെ ഗൃഹാതുരത്വമായ്ക്കൂടാ !
-----------------------------------------------------------------
( 1984 )

No comments:

Post a Comment

Related Posts Plugin for WordPress, Blogger...