Search This Blog

Friday 15 August 2014

Chembarathi - Sachidanandan

ചെമ്പരത്തി
സച്ചിദാനന്ദന്‍

ദീര്‍ഘകേസരങ്ങളെ !
സൌവര്‍ണ്ണ പരാഗമേ !
രക്തമാര്‍ത്തെത്തും ദള-
ഗര്‍വെഴും സൌന്ദര്യമേ !
നാള്‍തോറും വലുതാവും
മാന്ത്രികപ്പവിഴത്തിന്‍
ചേലാര്‍ന്നമൊട്ടിന്‍ മൂക-
നിദ്രതന്‍ പ്രഭാതമേ !
കുരുന്നുകൈകള്‍ നുള്ളി-
പ്പൊളിക്കെപ്പച്ചപ്പട്ടി-
ന്നടിയില്‍ വിരിയുന്ന
ദന്തത്തിന്‍ പ്രതാപമേ !
താളിയായ് മുടിച്ചാര്‍ത്തില്‍
സൌരഭം പെയ്യിക്കുവാന്‍
പേലവമരതകം
വിടര്‍ത്തുമിലകളേ !
ഇളയചുണ്ടില്‍ വീര്‍ത്തു
നെറ്റിയില്‍ പൊട്ടും ചോപ്പ-
നിതളില്‍ നിറയുന്ന
വാത്സല്യപ്രകര്‍ഷമേ !
ഇരവില്‍ ദു:സ്വപ്നത്താല്‍
ഞാന്‍ വിയര്‍ത്തുണരുമ്പോള്‍
ജനലില്‍ പൂരത്തിന്‍റെ
കുടകള്‍ വിടര്‍ത്തോളേ !
കൊമ്പിലെന്നെയും കേറ്റി-
ക്കുണുങ്ങിത്തലയാട്ടി-
ക്കുഞ്ചിരോമവുംപോക്കി-
സ്സവാരി പോവുന്നോളേ !
കാളിതന്‍ കഴുത്തിലും
വാളു നെറ്റിയില്‍ വെട്ടും
രാമന്‍റെ നിണത്തിലും
മാലയായ്‌ ഞെട്ടിച്ചോളേ !
യാത്രപോകുമ്പോളെന്നെ-
ത്തിരിഞ്ഞു നോക്കുന്നോളേ !
വീട്ടിലെത്തുമ്പോള്‍ വീടെ-
ന്നുറപ്പു നല്‍കുന്നോളേ !
പൂക്കളുണ്ടിന്നേറെയെന്‍
തോട്ടത്തില്‍; പടിഞ്ഞാറു
പൂക്കാലമെത്തുന്നത്
കാക്കു'മോര്‍ക്കിഡു' കളും
റോക്കന്‍ റോള്‍ ചെയ്യും മോണിങ്-
ഗ്ലോറി'യും ബാലേനൃത്ത-
മോര്‍ത്തൊറ്റക്കാലില്‍ നില്‍ക്കും
'ഡാലിയാ 'കളും; പക്ഷെ
നിന്നോളം പ്രിയങ്കരി-
യില്ലെനിക്കാരും നാളെ
വര്‍ണ്ണശൂന്യമാം ലോകം
പുല്‍കും ഞാ,നപ്പോഴും നീ
വന്നുപൂവിടുകെന്‍റെ
സ്പന്ദനം നിലച്ചൊരു
നെഞ്ചിനു മീതെ, സ്വപ്ന
സന്നിഭമെന്‍ ഹൃദ്രക്തം
നിന്നോഴുകട്ടെ നിന്‍റെ
വന്യമാം സിരകളില്‍
യൌവനക്കൊടിപോലെ-
ന്നുണ്ണികള്‍ക്കുശിരേകാന്‍.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...