Search This Blog

Tuesday 23 September 2014

Mambazham - Vailoppilli Sreedhara Menon

മാമ്പഴം
വൈലോപ്പിള്ളി

അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലുമാസത്തിന്‍ മുന്‍പില്‍ ഏറെനാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോല്‍
അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോള്‍ ഉണ്ണികള്‍ വിരിഞ്ഞ-
പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിന്‍ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണ് കണ്ണുനീര്‍ത്തടാകമായ്
മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നവന്‍
മാണ്‍പെഴും മലര്‍ക്കുലയെറിഞ്ഞൂ വെറും മണ്ണില്‍
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍
തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക
ക്കിങ്ങിണി സൗഗന്ധിക സ്വര്‍ണ്ണമായ് തീരും മുന്‍പേ
മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ട് പരലോകത്തെ പൂകി.
വാനവര്‍ക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസാ ലീനനായ് അവന്‍ വാഴ്‌കെ
അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
തന്മകനമൃതേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം
മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ
അയല്‍പക്കത്തെ കൊച്ചുകുട്ടികള്‍ ഉല്‍സാഹത്തോ-
ടവര്‍തന്‍ മാവിന്‍ചോട്ടില്‍ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ
മുതിരും കോലാഹലമങ്കലധ്വാനത്തോടും
വാസന്തമഹോത്സവമാണവര്‍ക്കെന്നാല്‍
അവള്‍ക്കാ ഹന്ത! കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം
പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ട് തന്‍
ദുരിതഫലം പോലുള്ളപ്പഴമെടുത്തവള്‍
തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാള്‍
ഉണ്ണിക്കൈക്കെടുക്കുവാന്‍ ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീ മാമ്പഴം; ാസ്തവമറിയാതെ
നീരസം ഭാവിച്ച് നീ പോയിതെങ്കിലും
കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ
പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ
വരിക കണ്ണാല്‍ കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ
തരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ
ഒരു തൈകുളിര്‍കാറ്റായരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിന്‍ പ്രാണന്‍ അമ്മയെ ആശ്ലേഷിച്ചു

1 comment:

Related Posts Plugin for WordPress, Blogger...