Search This Blog

Wednesday, 10 September 2014

Onamunnan vannavar - P Bhaskaran

ഓണമുണ്ണാന്‍ വന്നവര്‍
...............പി. ഭാസ്കരന്‍

മറുകടലും മാമലയും മരുഭൂവും താണ്ടി
തിരുവോണമുണ്ണുവാനെത്തിയോര്‍ഞങ്ങള്‍!
ഉരുകുന്ന വെയിലിന്‍റെസ്വര്‍ണ്ണവും മണ്ണി ല്‍
ഉറവിടുമിന്ധനധൂമവും കൂടി
മിഴിമുമ്പില്‍ നിര്‍മ്മിച്ച വ്യാമോഹമാകും
മൃഗതൃഷ്ണതന്മാറില്‍ നിദ്രാവിഹീനം
ദിവസവും മാസവും വര്‍ഷവുമെണ്ണി
മരവിച്ചിരിക്കുമ്പോളൊരു വിളി കേട്ടു.
അറബിക്കടലിന്‍റെയട്ടഹാസത്തെ--
യതിലംഘിച്ചെത്തുന്ന പൂവിളി കേട്ടൂ.
മലയാള, മീറനാo പൂന്തുകില്‍ മാറ്റി
മലരണിക്കാടിനാല്‍ കോടിയും ചുറ്റി
തിരുവോണമുണ്ണുവാനൂട്ടുവാനായി
കറി നാലും വെക്കുന്ന ഗന്ധവുമോര്‍ത്തു......
മറുകടലും മാമലയും മരുഭൂവും താണ്ടി
മാബലിയെ വരവേല്‍ക്കാനെത്തിയോര്‍ ഞങ്ങള്‍.
പുലരിയില്‍ മുറ്റത്തിന്‍ നെറ്റിയില്‍ക്കുഞ്ഞുങ്ങള്‍
പൂക്കളം കൊണ്ടു കുറി വരയ്ക്കുമ്പോള്‍
മണിമന്ദിരത്തിലും മണ്‍‌‌കുടില്‍തന്നിലും
മാബലിയെക്കാണുവാനെത്തിയോര്‍ ഞങ്ങള്‍!
2
ഒരു മൃഗതൃഷ്ണവിട്ടീ ജന്മഭൂവില്‍
അന്യമാം മായാമരീചിക തന്നില്‍
ഒരു ദിനം വന്നെത്തീ സ്വപ്നത്തിന്‍ ഭാണ്ഡത്തില്‍--
ക്കരുതിയ സമ്പാദ്യം ചുങ്കത്തില്‍ നല്കി.
മലര്‍ വിളിയില്ല, മലര്‍ക്കളമില്ല,
മക്കള്‍തന്‍ ആഘോഷമേളനമില്ല,
മലനാടുമങ്കമാര്‍ കൈകൊട്ടിപ്പാടീ
മാബലിസ്മരണ പുതുക്കലുമില്ല.
കണ്‍കളില്‍ക്കത്തുന്നൊരധികാരദാഹം
കൈകളില്‍ക്കോഴതന്‍ ചളിയടയാളം
കക്ഷിപ്പകയുടെ കത്തികളൂരി--
ക്കുത്തുന്നു ചീറ്റുന്നു വാമനവര്‍ഗ്ഗം!
നവകേരളത്തിലെ പൈതങ്ങള്‍ കൂടയില്‍
മലരല്ല വാരി നിറപ്പതിക്കാലം.
ജനജീവിതത്തിന്‍റെ നെറ്റിക്കെറിയാന്‍
കവിണയും കല്ലുമവര്‍ ശേഖരിപ്പൂ!
അവരെയീ വിദ്യ പഠിപ്പിച്ച വാമനര്‍
കവലയില്‍ക്കെട്ടിയ വേദിയിലേറി
പുതിയ പുലിക്കളിയാടി, യലറി--
പ്പൊരുതുന്നു പൊന്നോണനാളിതില്‍ക്കൂടി.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...