Search This Blog

Tuesday, 23 September 2014

Nattunadappu - C V P Namboodiri

നാട്ടുനടപ്പ്
-------------------
ഇതാണുവിധി,
ടാക്സിഡ്രൈവര്‍ക്ക്.
അറിയാത്തവരൊത്തു
യാത്രപോവുക,
അജ്ഞാത ഇടങ്ങളില്‍
കാത്തു കാത്തു കിടക്കുക .
ഇന്നത്തെ യാത്ര എത്തിച്ചതിവിടെയാണ്
ഒരിരുണ്ട ഭൂഖണ്ഡത്തില്‍
യാത്രയിലുടനീളം പിന്‍സീറ്റില്‍ നിന്നു കേട്ടു,
ഒരു പെണ്ണിന്‍റെ ചിരി
നിലാവുപോലെ നനുത്ത്.
ഒരാണിന്‍റെ സ്വരം,
നാട്ടുവെയില്‍ പോലെ മഞ്ഞച്ച്.
വണ്ടി നിറയെ തൈലങ്ങളുടെ സുഗന്ധം.
അവര്‍ ദമ്പതികളാവാം
അല്ലെങ്കില്‍ പിന്നെ?
അങ്ങിനെയുള്ള ചോദ്യങ്ങള്‍
ടാക്സി ഡ്രൈവറുടെ നിഘണ്ടുവിലില്ല.
അവര്‍ തിരിച്ചെത്തും വരെ
കാത്തുകിടക്കുക ;അത്രമാത്രം.
ചിലപ്പോള്‍ തോന്നും,ഞാനൊരു
പൗരാണികനായ കാളവണ്ടിക്കാരനാണെന്ന്,
മുസ്സിരീസ്സിലെ ചന്തയിലേക്കാണു
യാത്രയെന്ന്.
ചിലപ്പോള്‍ തോന്നും
പാടലീപുത്രത്തിലെ
കുതിരവണ്ടിക്കാരനാണെന്ന്.
ചിലപ്പോള്‍ തോന്നും
പടക്കപ്പലിന്‍റെ കപ്പിത്താനാണെന്ന്.
ഞാന്‍ കണ്ടിട്ടുണ്ട്
കൃഷ്ണനെ ,ദുശ്ശാസനനെ ,ശിഖണ്ഡിയെ
പാഞ്ചാലിയെ,വാസവദത്തയെ,
കൃസ്തുവിനെ,
മറിയയെ,
യൂദാസിനെ .
കാത്തിരിപ്പിനിടയില്‍ കാറ്റിനോടും
തുമ്പികളോടും ഞാനെന്‍റെ കഥ പറയും,
മൂളിപ്പാട്ടുപാടും,
കുഞ്ഞുങ്ങള്‍ക്ക് കുരുത്തോലകൊണ്ട്
താരാട്ടുണ്ടാക്കും,
മുക്കുറ്റിപ്പൂകൊണ്ട്
അവള്‍ക്കൊരു മാല കൊരുക്കും .
പിന്‍വാതില്‍ തുറക്കുന്നു,
പോയവര്‍ തിരിച്ചെത്തിയിരിക്കുന്നു.
പിന്‍വാതില്‍ അടയുന്നു,
എന്‍റെ പഴയ ടാക്സി
ഒരു കടല്‍ജീവിയെപ്പോലെ
ഞരങ്ങാന്‍ തുടങ്ങുന്നു .
പിന്‍സീറ്റില്‍ നിന്നു കേള്‍ക്കാം,
ഒരു പെണ്ണിന്‍റെ വിതുമ്പല്‍
മഴവില്ലു ചിതറും പോലെ.
ഒരാണിന്‍റെ മുരള്‍ച്ച ,
കാട്ടുമൃഗത്തിന്റേതുപോലെ.
വണ്ടി നിറയെ ചോരയുടെ മണം.
ടാക്സി ഇപ്പോള്‍ തീപിടിച്ച
ഒരാത്മാവ്.
തിരിഞ്ഞു നോക്കരുത്,
അതാകുന്നു നാട്ടുനടപ്പ് .

No comments:

Post a Comment

Related Posts Plugin for WordPress, Blogger...